Sorry, you need to enable JavaScript to visit this website.

അൽഹസ ഒ.ഐ.സി.സി രാജീവ് ഗാന്ധി അനുസ്മരണം നടത്തി

അൽഹസ- ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ഡിജിറ്റൽ ഇന്ത്യയുടെ പിതാവുമെന്നറിയപ്പെടുന്ന രാജീവ് ഗാന്ധിയുടെ മുപ്പത്തിരണ്ടാമത് രക്തസാക്ഷിത്വ ദിനം അൽഹസ ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. 
മുബാറസ് നെസ്റ്റോ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ സർവമത പ്രാർഥന, പുഷ്പാർച്ചന, അനുസ്മരണ യോഗം എന്നീ പരിപാടികൾ ഉണ്ടായിരുന്നു.
അൽഹസ ഒ.ഐ.സി.സി വനിതാവേദി നേതാക്കളായ റിഹാന നിസാം, ജ്വിന്റി എന്നിവർ പ്രാർഥനകൾക്ക് നേതൃത്വം നൽകി. തുടർന്ന് നേതാക്കളും പ്രവർത്തകരും രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ ചെയർമാൻ ഫൈസൽ വാച്ചാക്കൽ അധ്യക്ഷത വഹിച്ചു. ഉമർ കോട്ടയിൽ, അർശദ് ദേശമംഗലം, റഫീഖ് വയനാട്, അഫ്‌സൽ തിരൂർക്കാട് എന്നിവർ രാജീവ് ഗാന്ധിയെ അനുസ്മരിച്ച് പ്രസംഗിച്ചു.
അവിചാരിതമായുണ്ടായ ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ തുടർന്ന് വളരെ ചെറിയ പ്രായത്തിൽ തന്നെ ഇന്ത്യയെന്ന മഹത്തായ രാജ്യത്തിന്റെ പ്രധാനമന്ത്രി പഥത്തിലെത്തിയ രാജീവ് ഗാന്ധി ആറര വർഷത്തെ തന്റെ ചുരുങ്ങിയ ഭരണ കാലഘട്ടത്തിൽ ശാസ്ത്ര സാങ്കേതിക രംഗത്തടക്കം നടപ്പിലാക്കിയ വിപ്ലവകരമായ വികസന പ്രവർത്തനങ്ങൾ മാത്രം മതി അദ്ദേഹത്തിന്റെ ദീപ്തമായ സ്മരണകൾ മരിക്കാത്ത ഓർമകളായി നിലനിൽക്കാനെന്ന് രാജീവ് ഗാന്ധിയെ സ്മരിച്ചു കൊണ്ട് നേതാക്കൾ പറഞ്ഞു. 
18 വയസ്സ് മുതലുള്ള വോട്ടവകാശം, അധികാര വികേന്ദ്രീകരണം ലക്ഷ്യമാക്കി അവതരിപ്പിച്ച പഞ്ചായത്തീരാജ്-നഗരപാലികാ ബില്ല്, ഇന്ത്യയുടെ ഗ്രാമങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന നവോദയ വിദ്യാലയങ്ങൾ, ഷാബാനു കേസ് വിധിയുടെ പശ്ചാത്തലത്തിൽ മുസ്ലിം സ്ത്രീകളുടെ ഉന്നമനത്തിനായി കൊണ്ടുവന്ന മുസ്ലിം ശരീഅത്ത് നിയമ ഭേദഗതി ബില്ല്, പ്രസാർ ഭാരതിയിലൂടെ ഗ്രാമ ഗ്രാമാന്തരങ്ങൾ സാർവത്രികമാക്കിയ ടെലഫോൺ ബൂത്തുകൾ തുടങ്ങി ഇന്ത്യയെ ഡിജിറ്റൽ യുഗത്തിലേക്ക് നയിച്ച കമ്പ്യൂട്ടർ വിപ്ലവം എന്നിവ രാജീവ് ഗാന്ധി തന്റെ ചുരുങ്ങിയ കാലത്തെ ഭരണത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളിൽ ചിലത് മാത്രമാണെന്ന് നേതാക്കൾ പറഞ്ഞു.
ഷാനി ഓമശ്ശേരി, റിഹാന നിസാം, ജ്വിന്റി, റസീന ഷമീർ, മുരളി സനയ്യ, മൊയ്തു അടാടി, സിജോ രാമപുരം, ജോബി പാലാ, മൊയ്തീൻകുട്ടി നെടിയിരുപ്പ്, ഷാജി പട്ടാമ്പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ലിജു വർഗീസ് സ്വാഗതവും നിസാം വടക്കേകോണം നന്ദിയും പറഞ്ഞു.

Tags

Latest News