Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഭിന്നശേഷിക്കാർ ഷോ പീസുകളല്ല

'ഇക്കാ, ഈ ചാനൽ ഒന്ന് സബ്‌സ്‌ക്രൈബ് ചെയ്ത് അതിന്റെ സ്‌ക്രീൻഷോട്ട് ഒന്ന് അയച്ചു തരുമോ' ദിവസങ്ങൾക്ക് മുമ്പ് സുഹൃത്ത് ടി.സി. യൂനുസിന് ലഭിച്ചൊരു മെസേജ്. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചപ്പോൾ മെസേജ് അയച്ചത് ഭിന്നശേഷിക്കാരിയായ ഒരു യുവതി. സമർപ്പിക്കുന്ന ഓരോ സ്‌ക്രീൻഷോട്ടിനും യൂട്യൂബ് ചാനൽ ഉടമ പത്തു രൂപ വെച്ചു അവർക്ക് നൽകും. ഭിന്നശേഷിക്കാരോടുള്ള മനുഷ്യന്റെ സ്‌നേഹത്തെ  എങ്ങനെ ചൂഷണം ചെയ്യാം എന്നതിന് ഇതിനേക്കാൾ വലിയ ഉദാഹരണം നൽകാൻ കഴിയില്ല. 
ആ പാവം യുവതിക്ക് പത്തു രൂപ കിട്ടുമെങ്കിൽ അതാവട്ടെ എന്ന് കരുതി ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യാതിരിക്കാൻ ആർക്കാണ് കഴിയുക? ഇങ്ങനെ ചാനൽ ഉടമയുടെ വരിക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് യൂട്യൂബർക്ക് വരുമാനം കിട്ടിക്കൊണ്ടിരിക്കും.
ഭിന്നശേഷിക്കാരോടുള്ള മനുഷ്യരുടെ അനുകമ്പ ചൂഷണം ചെയ്ത് വരുമാനം കണ്ടെത്തുന്നത് സർവസാധാരണമായിരിക്കുന്ന ഒരു കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണിന്ന്. കേരളത്തിൽ സെലിബ്രിറ്റികൾ അടക്കമുള്ളവർ പങ്കെടുക്കുന്ന ഏതൊരു വിനോദ പരിപാടികളിലും ഭിന്നശേഷിക്കാർ അവതരിപ്പിക്കുന്ന കലാപരിപാടികൾക്ക് വലിയ പ്രാധാന്യമാണ് നൽകിവരുന്നത്. 
പക്ഷേ സൂക്ഷ്മമായി ശ്രദ്ധിച്ചാലറിയാം,  പരിപാടികൾ  അവതരിപ്പിക്കുന്നത് കൂടുതലും ഒരേ മുഖങ്ങളാണ്. ഷോ പീസുകൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഇവർക്ക് വലിയ അവസരങ്ങൾ ലഭിക്കുന്നു എന്നത് പ്രശംസാർഹമാണെങ്കിലും കഴിവുള്ള അനേകം പേർ അവസരം ലഭിക്കാതെ ജീവിച്ചു പോകുന്നു എന്നത് ഒരു സത്യമാണ്.
ഭിന്നശേഷി വിഭാഗത്തിൽ പെടുമെങ്കിലും സാധാരണ കുട്ടികളോടൊപ്പം പഠിച്ചും കളിച്ചും വളർന്ന്  കാര്യമായ മാറ്റങ്ങൾ സാധ്യമാക്കുക എന്ന ലക്ഷ്യത്തിൽ തുടക്കം കുറിച്ച പദ്ധതിയാണ് ഉൾച്ചേരൽ അല്ലെങ്കിൽ സമാവസര വിദ്യാഭ്യാസം (ഇൻക്ലൂസീവ് എജ്യൂക്കേഷൻ). എന്നാൽ നാട്ടിലെ നടപ്പുരീതികൾ കണ്ടാൽ, മന്ത്രിമാരെയും  മറ്റു പ്രമുഖരെയും  ഉപഹാരങ്ങൾ നൽകി  സ്വീകരിക്കാനുള്ളവരാണ് ഭിന്നശേഷിക്കാർ എന്ന് തോന്നിപ്പോകും. അലങ്കാര പദങ്ങളും പൊടിപ്പും വെച്ച് എന്തോ മഹാ കാര്യം ചെയ്തത് പോലെയാണ് പലരും ഇതിനെ വർണിക്കുന്നത്. സത്യത്തിൽ ഭിന്നശേഷി കുട്ടികളെ വേർതിരിച്ചു കാണിക്കുന്നു എന്ന മഹാപാതകമാണ് ഇവിടെ നടക്കുന്നത്.
സഹതാപമല്ല (സിംപതി), സഹാനുഭൂതി (എമ്പതി) യാണ് ഞങ്ങളുടെ കുട്ടികൾക്ക് വേണ്ടതെന്ന പറഞ്ഞു പഴകിയ പ്രയോഗം കൊണ്ട് നടക്കുന്ന രക്ഷിതാക്കളും മാറേണ്ടതുണ്ട്. 
സഹതാപമെന്നത് മനുഷ്യസഹജമായ സ്വഭാവമാണ്. അത് വേണ്ടന്നു പറയാൻ നമുക്കെന്ത് അവകാശം?    എല്ലാ നോട്ടങ്ങളും തുറിച്ചുനോട്ടമായി കാണാതെ, സാമൂഹിക ചുറ്റുപാടിൽ മറ്റുള്ളവർ അനുഭവിച്ചതോ അറിഞ്ഞതോ ആയ കാര്യങ്ങൾ പങ്കുവെക്കുമ്പോൾ അവരെ ഉൾക്കൊള്ളാൻ  അൽപം സമയം മാറ്റിവെക്കണം.  ഭിന്നശേഷിയെ കുറിച്ച് അവർക്കെന്തറിയാം,  അനുഭവിക്കേണ്ടത് ഞങ്ങൾ മാത്രമല്ലേ എന്ന  കാഴ്ചപ്പാട് മാറേണ്ടതുണ്ട്.   ബസിലോ പൊതുഇടത്തോ പരിഗണന ലഭിക്കാതെ വരുമ്പോൾ മാത്രം, സഹതാപമില്ലാത്ത  സമൂഹമെന്ന് കുറ്റപ്പെടുത്തുന്ന രീതിക്കും മാറ്റം വരേണ്ടതുണ്ട്.                          
എത്ര സർക്കാർ ഓഫീസുകൾ ഭിന്നശേഷി സൗഹൃദമാണെന്ന ചോദ്യവും പ്രസക്തമാണ്. സൗകര്യങ്ങളേക്കാൾ അപര്യാപ്തമാണ് സൗഹൃദ പെരുമാറ്റങ്ങൾ. ചുരുക്കിപ്പറഞ്ഞാൽ. ഭിന്നശേഷിക്കാരെ പരിഗണിക്കുന്നിടത്ത് സമൂഹവും സർക്കാരും  രക്ഷിതാക്കളും ഇനിയും ഒരുപാട് മാറ്റങ്ങൾക്ക് വിധേയരാകേണ്ടതുണ്ട്. 
വിദേശ രാജ്യങ്ങളിൽ, ഭിന്നശേഷി പരിപാലന രംഗത്തുള്ള സംവിധാനങ്ങളുടെ  പകുതിയെങ്കിലും നമ്മുടെ നാട്ടിൽ ലഭിച്ചാൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ നമുക്കാവും. 
വിശാല മനസ്‌കരായ വലിയൊരു സമൂഹമുെണ്ടന്നത് തന്നെയാണ് അതിനുള്ള ഉറപ്പ്. ഈ സ്‌നേഹ മനസ്സും ഹൃദയവുമുള്ള മനുഷ്യരും ആ നന്മകളെ ശരിയായി ഉപയോഗപ്പെടുത്തുന്ന വലിയൊരു വിഭാഗവും ഉള്ളതുകൊണ്ടാണ്, കേരളത്തിലെ ഭിന്നശേഷിക്കാർ അഭിമാനത്തോടെ ജീവിക്കുന്നത്. ഇതിനിടയിൽ ചൂഷണം ജീവിതോപാധിയായി  കാണുന്ന പുഴുക്കുത്തുകളെ നമുക്ക് അവഗണിക്കാം. ഓർക്കുക: കേരളത്തിൽ ഭിന്നശേഷി പരിപാലന രംഗത്തുള്ള സർക്കാർ സംവിധാനങ്ങൾ വിരലിൽ എണ്ണാവുന്ന മാത്രമേയുള്ളൂ. ബാക്കിയെല്ലാം പരിപാലിച്ചു വരുന്നത് സ്വകാര്യ വ്യക്തികളോ ട്രസ്റ്റുകളോ സംഘടനകളോ ആണ്. 
അതിൽ വളരെ തുഛമാണ് ചൂഷണ സ്ഥാപനങ്ങൾ. അവക്കെതിരെ നമുക്ക് ജാഗ്രത ഉള്ളവരായിരിക്കാം.

Latest News