Sorry, you need to enable JavaScript to visit this website.

ലോക സമാധാന ദൂതുമായിഅറബ് ഉച്ചകോടി

ലോകം വലിയ വെല്ലുവിളികളിലൂടെയാണ് കടന്നു പോകുന്നതെന്നും ഇതു നേരിടാൻ ഒറ്റക്കെട്ടായി നിൽക്കണമെന്നുമുള്ള സന്ദേശം യാഥാർഥ്യമാക്കുന്നതിൽ ഉച്ചകോടി വിജയിച്ചുവെന്നു വേണം പറയാൻ.  റിട്ട്‌സ്‌കാൾട്ടൻ ഹോട്ടലിൽ 22 രാഷ്ട്രങ്ങളുടെ തലവൻമാർ ഒരുമിച്ചിരുന്ന് ഒരേ മനസ്സോടെ നടത്തിയ ചർച്ചകളും തീരുമാനങ്ങളും അതു തെളിയിക്കുന്നതായിരുന്നു.

അറബ് ലോകത്തിനു മാത്രമല്ല, ലോകത്തിനു തന്നെ ഏറെ പ്രത്യാശയും പ്രതീക്ഷയും നൽകിയാണ് മുപ്പത്തി രണ്ടാമത് അറബ് ഉച്ചകോടിക്കു ജിദ്ദയിൽ തിരശ്ശീല വീണത്. സംഘർഷങ്ങളിലൂടെയും അഭിപ്രായ ഭിന്നതകളിലൂടെയും സമയം കളയാനുള്ളതല്ല, പരസ്പര സഹകരണത്തിലൂടെയും വിട്ടുവീഴ്ച മനോഭാവത്തിലൂടെയും വികസന പാതിയിലൂടെ മുന്നേറാനുള്ള സമയമാണിതെന്ന സന്ദേശം പകരാൻ അറബ് ഉച്ചകോടിക്കു കഴിഞ്ഞു. യുദ്ധക്കെടുതിയാലും ആഭ്യന്തര പോരാട്ടങ്ങളാലും ദുരിതമനുഭവിക്കുന്ന രാജ്യങ്ങൾക്കും അവിടത്തെ ജനങ്ങൾക്കും ആശ്വാസം പകരുന്നതിനും  അവിടങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും ചർച്ചകൾക്കും സമാധാന ദൗത്യങ്ങൾക്കും നേതൃപരമായ പങ്കുവഹിക്കാനുള്ള താൽപര്യവും പ്രകടമാക്കുന്നതായിരുന്നു ഇത്തവണത്തെ ഉച്ചകോടി. അതോടൊപ്പം ലോകത്ത് സാധാനവും വികസനവും സാധ്യമാക്കുന്നതിൽ സൗദി അറേബ്യയുടെ നേതൃപരമായ പങ്കിന് സാക്ഷ്യം വഹിക്കുന്നതിനും  ഉച്ചകോടിക്കായി.
ലോകം വലിയ വെല്ലുവിളികളിലൂടെയാണ് കടന്നു പോകുന്നതെന്നും ഇതു നേരിടാൻ ഒറ്റക്കെട്ടായി നിൽക്കണമെന്നുമുള്ള സന്ദേശം യാഥാർഥ്യമാക്കുന്നതിൽ ഉച്ചകോടി വിജയിച്ചുവെന്നു വേണം പറയാൻ.  റിട്ട്‌സ് കാൾട്ടൻ ഹോട്ടലിൽ 22 രാഷ്ട്രങ്ങളുടെ തലവൻമാർ ഒരുമിച്ചിരുന്ന് ഒരേ മനസ്സോടെ നടത്തിയ ചർച്ചകളും തീരുമാനങ്ങളും അതു തെളിയിക്കുന്നതായിരുന്നു. സിറിയ, യെമൻ, ലിബിയ പ്രതിസന്ധികൾക്ക് സമവായം ഉണ്ടാക്കുന്നതിനും സുഡാനിലെ സായുധ പോരാട്ടത്തിന് അറുതി വരുത്താനുള്ള പരിശ്രമങ്ങൾക്കും സാധ്യമായതെല്ലാം ചെയ്യാനും ഇറാനുമായുള്ള സഹവർത്തിത്വം പുനഃസ്ഥാപിക്കാനുമുള്ള തീരുമാനവുമായാണ് നേതാക്കൾ ജിദ്ദ വിട്ടത്. അതുകൊണ്ടു തന്നെയാണ് അറബ് ഉച്ചകോടി ലക്ഷ്യങ്ങൾ കൈവരിച്ചുവെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽഗെയ്ത്ത് ഉച്ചകോടിക്കു ശേഷം പ്രസ്താവിച്ചത്. ഏതു പ്രതിസന്ധി പരിഹരിക്കുന്നതിനും അറബ് ജനത ഒറ്റക്കെട്ടാണെന്ന വികാരം ഉച്ചകോടിയിൽ പ്രകടമായിരുന്നു. അറബ് പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ആശയവിനിമയത്തിന്റെ പാത തെരഞ്ഞെടുക്കാനാണ് അറബികൾ ആഗ്രഹിക്കുന്നത്. അതല്ലാതെ പ്രാദേശിക, വിദേശ ശക്തികൾക്ക് അറബ് പ്രശ്‌നങ്ങൾ വിട്ടുകൊടുക്കേണ്ടതില്ലെന്ന വികാരമാണ് ഉച്ചകോടിയിൽ പ്രകടമായതെന്നും അഹ്മദ് അബുൽഗെയ്ത്ത് വ്യക്തമാക്കിയിരുന്നു.
ഈ ഉച്ചകോടിയിൽ ഏറ്റവും ശ്രദ്ധേയമായത് സിറിയൻ പ്രസിഡന്റ് ബശാർ അൽഅസദിന്റെയും ഉെ്രെകൻ പ്രസിഡന്റ സെലൻസ്‌കിയുടെയും സാന്നിധ്യമായിരുന്നു.  പന്ത്രണ്ടു വർഷത്തെ ഇടവേളക്കു ശേഷമാണ് സിറിയയുടെ അറബ് ലീഗ് സാന്നിധ്യം എന്നത് ഏറെ ശ്രദ്ധേയമാണ്. സിറിയയുടെ അംഗത്വം പുനഃസ്ഥാപിച്ചുവെന്നു മാത്രമല്ല,  സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങൾ സിറിയയുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ നടപടികൾ ആരംഭിക്കുകയും ചെയ്തുവെന്നതും അതിനോടുള്ള പ്രതികരണമെന്നോണം പ്രസിഡന്റ് ബശാർ അൽ അസദ് ഉച്ചകോടിയിൽ നിറസാന്നിധ്യമായി പങ്കെടുത്തതും അറബ് ലോകത്തിന്റെ ഐക്യം വിളിച്ചോതുന്നതായിരുന്നു. സിറിയയെ പൂർവ സ്ഥിതിയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനും ലോകത്തെ വിവിധ രാജ്യങ്ങളിൽ അഭയാർഥികളായി കഴിയുന്ന ജനതയെ സിറിയയിലേക്ക് തിരികെ കൊണ്ടുവരുന്നതിനും അറബ് രാജ്യങ്ങളുടെ സഹായവും ഇടപെടലുകളും ഉണ്ടാവുമെന്ന വാഗ്ദാനം സിറിയക്കു നൽകാൻ ഉച്ചകോടിക്കായി.
ഉക്രൈൻ പ്രസിഡന്റിന്റെ സാന്നിധ്യം ഉച്ചകോടിയിൽ ഉണ്ടായിരുന്നുവെങ്കിലും ഏതെങ്കിലും പക്ഷം പിടിക്കലല്ല, പകരം ഉക്രൈനിൽ അടക്കം ലോകത്തു അശാന്തി നിലനിൽക്കുന്നിടങ്ങളിലെല്ലാം സമാധാനം പുനഃസ്ഥാപിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് വ്യക്തമാക്കാനും ഉച്ചകോടിക്കു കഴിഞ്ഞു. എല്ലാ കക്ഷികളുടെയും കാഴ്ചപ്പാടുകൾ കേൾക്കുക എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉച്ചകോടിയിലേക്ക് ഉക്രൈൻ പ്രസിഡന്റിനെ ക്ഷണിച്ചത്. തന്റെ ശബ്ദം അറബ് നേതാക്കൾ കേൾക്കണം എന്ന ഉക്രൈൻ പ്രസിഡന്റിന്റെ ആഗ്രഹം സഫലമാക്കുന്നതോടൊപ്പം ഉക്രൈൻ പ്രസിഡന്റിനെ ശ്രവിക്കാൻ തങ്ങളും തയാറാണെന്നും തെളിയിക്കാൻ അറബ് നേതക്കൾക്കു കഴിഞ്ഞു. എന്നാൽ റഷ്യയുമായും ഉക്രൈനുമായും മികച്ച ബന്ധങ്ങൾ നിലനിർത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും തർക്കങ്ങളും സർഘർഷവും പരിഹരിക്കാനുള്ള ഏറ്റവും മികച്ച മാർഗം ചർച്ചകളാണെന്നും ഇരു രാജ്യങ്ങളെയും ബോധ്യപ്പെടുത്താനും സാധിച്ചു. സുഡാനിൽ പരസ്പരം പോരടിക്കുന്നത് തുടർന്നാലുണ്ടാകുന്ന  പ്രതിസന്ധിയുടെ അപകടം ഇരു വിഭാഗത്തെയും ബോധ്യപ്പെടുത്തുന്നതിനും പരിഹാരമെന്നോണം പരസ്പര ചർച്ചയിലൂടെ കാര്യങ്ങൾ പരിഹരിക്കണമെന്നുമുള്ള സന്ദേശം സുഡാനു നൽകാനും സാധിച്ചു.  സുഡാന്റെ അഖണ്ഡതയും ആർജിത നേട്ടങ്ങളും കാത്തുസൂക്ഷിക്കാനും ദേശ സുരക്ഷ മുൻനിർത്തിയും ഏറ്റുമുട്ടൽ അവസാനിപ്പിച്ച് ചർച്ചകളുടെ പാത തെരഞ്ഞെടുക്കണമെന്ന ആഹ്വാനവും ഉച്ചകോടി നൽകി.
അറബ് രാജ്യങ്ങളുടെ കേന്ദ്ര പ്രശ്‌നമാണ് ഫലസ്തീനെന്നും അതിൽ തങ്ങളുടെ നിലപാടുകളിൽനിന്ന് മാറ്റമില്ലെന്ന് ആവർത്തിക്കുന്നതിനും അറബ് നേതാക്കൾക്കു സാധ്യമായി. സ്വന്തം ഭൂമിയും അവകാശങ്ങളും വീണ്ടെടുക്കുന്ന കാര്യത്തിലും യു.എൻ തീരുമാനങ്ങൾക്കും അറബ് സമാധാന പദ്ധതിക്കും അനുസൃതമായി 1967 ലെ അതിർത്തിയിൽ കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലും വീട്ടുവീഴ്ചക്കില്ലെന്ന് ലോകത്തെ ഒരിക്കൽ കൂടി ഉച്ചകോടി ബോധ്യപ്പെടുത്തുകയായിരുന്നു. അറബ് രാജ്യങ്ങളും ഇറാനും തമ്മിൽ അടുപ്പം സ്ഥാപിക്കുകയും യെമൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം വൈകാതെ സാധ്യമാകുമെന്ന പ്രതീക്ഷകൾ ഉയർത്തുന്നതിനും ചർച്ചകൾക്കായി.
അറബ് രാജ്യങ്ങളെ സംഘർഷങ്ങളുടെ മേഖലയാക്കി മാറ്റാൻ തങ്ങൾ അനുവദിക്കില്ലെന്ന തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് ഉച്ചകോടിയിൽ അധ്യക്ഷത വഹിച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടത്തിയ  പ്രസ്താവന സൗദി അറേബ്യയുടെ നേതൃപദവിയും ശക്തിയും വിളിച്ചറിയിക്കുന്നതായിരുന്നു. സംഘർഷങ്ങളിലൂടെ വികസന പ്രക്രിയ അവതാളത്തിലായ കഴിഞ്ഞകാല ദിനങ്ങളെ സ്മരിച്ചുകൊണ്ട് ആ ഓർമകളെ മാറ്റിവെച്ച് പുതുയുഗ പിറവിക്കുള്ള തയാറെടുപ്പിലാണ് തങ്ങൾ. അയൽ രാജ്യങ്ങളും പടിഞ്ഞാറും കിഴക്കുമുള്ള സുഹൃത്തുക്കളും തമ്മിൽ ലോക നന്മ ലക്ഷ്യമിട്ടുള്ള സൗഹാർദ സഹകരണം കാത്തുസൂക്ഷിക്കാനാണ് അറബ് ജനത ആഗ്രഹിക്കുന്നത്. 
അതിനനുകൂലമായ നേതൃത്വം ഏറ്റെടുക്കാനുള്ള അനുകൂല ഘടകങ്ങൾ അറബ് ലോകത്തുണ്ട്.  അറബ് ജനവിഭാഗങ്ങളുടെ താൽപര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്ന വിധത്തിൽ സമാധാനം, നന്മ, സഹകരണം, വികസനം എന്നിവക്കായി അറബ് രാജ്യങ്ങൾ മുന്നോട്ടു പോവുകയാണെന്നുമുള്ള കിരീടാവകാശിയുടെ പ്രസ്താവന ലോകത്തിനു തന്നെ പ്രതീക്ഷ നൽകുന്നതാണ്. അറബികളുടെയും മുസ്‌ലിംകളുടെയും കേന്ദ്ര പ്രശ്‌നമാണ് ഫലസ്തീൻ പ്രശ്‌നമെന്നും അതിൽ നിന്ന് പിന്നോട്ടില്ലെന്നു വ്യക്തമാക്കാനും കിരീടാവകാശി തയാറായി. അറബ് ലോകം ഫലസ്തീൻ ജനതക്കൊപ്പമാണെന്ന പ്രഖ്യാപനം കൂടിയായിരുന്നു അത്. ഇത് ഫലസ്തീനെ സംബന്ധിച്ചിടത്തോളം ആശ്വാസം നൽകുന്നതും പ്രതീക്ഷ നൽകുന്നതുമാണ്. സംഘർഷം എവിടെയുണ്ടോ അവിടെയല്ലാം സമാധാനത്തിന്റെ സന്ദേശ ദൂതരായി അറബ് ജനതയുണ്ടാകുമെന്ന പ്രഖ്യാപനം കൂടിയായിരുന്നു ഉക്രൈൻറഷ്യ സംഘർഷത്തിലും യെമൻ, സുഡാൻ പ്രശ്‌നങ്ങളിലുമെല്ലാം ഉച്ചകോടി എടുത്ത നിലപാടുകൾ.

Latest News