Sorry, you need to enable JavaScript to visit this website.

മനുഷ്യൻ യന്ത്രത്തിന് വിധേയനാകരുത്

കൃത്രിമബുദ്ധി സാങ്കേതിക വിദ്യ തകർപ്പൻ വേഗതയിൽ മുന്നേറുമ്പോൾ സാങ്കേതിക വിദ്യക്കും യന്ത്രങ്ങൾക്കുംമേൽ മനുഷ്യരുടെ നിയന്ത്രണം നഷ്ടപ്പെടരുതെന്ന മുന്നറിയിപ്പുമായി യൂറോപ്യൻ ട്രേഡ് യൂണിയൻ മേധാവി എസ്തർ ലിഞ്ച്. ഒരു ജീവനക്കാരനും യന്ത്രത്തിന്റെ ഇഷ്ടത്തിന് വിധേയനാകാൻ പാടില്ല. ജോലിസ്ഥലത്ത് ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള യൂറോപ്യൻ യൂണിയൻ നിയമങ്ങളും കരാറുകളും പോലെ കൃത്രിമ ബുദ്ധിയുടെ കാര്യത്തിലും മനുഷ്യർക്കാണ് നിയന്ത്രണമെന്ന തത്വം ഉറപ്പിക്കാൻ നിയമങ്ങൾ ആവശ്യമാണ് -യൂണിയൻ പ്രതിനിധികളുടെ പ്രധാന സമ്മേളനത്തിന് മുന്നോടിയായി നൽകിയ അഭിമുഖത്തിൽ എസ്തർ ലിഞ്ച് പറഞ്ഞു. 
ഒരു തൊഴിലാളിയും യന്ത്രത്തിന്റെ ഇഷ്ടത്തിന് വിധേയമല്ലെന്ന് ഉറപ്പ് ലഭിക്കേണ്ടതുണ്ടെന്ന് അവർ പറഞ്ഞു. കഴിഞ്ഞ ഡിസംബർ മുതൽ യൂറോപ്യൻ ട്രേഡ് യൂണിയൻ കോൺഫെഡറേഷന്റെ (ഇ.ടി.യു.സി) ജനറൽ സെക്രട്ടറിയാണ് എസ്തർ ലിഞ്ച്. തൊഴിലാളികളുടെ അവകാശങ്ങൾ മുതൽ തൊഴിലിന്റെ ഭാവി, പരിസ്ഥിതി സംരക്ഷണം, അസമത്വം, അതിർത്തി കടന്നുള്ള യൂണിയൻ സഹകരണം തുടങ്ങിയ വിഷയങ്ങളാണ് ജർമൻ തലസ്ഥാനത്ത് ആരംഭിച്ച നാല് ദിവസത്തെ ഇടി.യു.സി കോൺഗ്രസ് ചർച്ച ചെയ്യുന്നത്. 40 ലധികം രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് യൂണിയൻ ഭാരവാഹികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ എന്നിവർ കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്ന പ്രഭാഷകരിൽ ഉൾപ്പെടുന്നു.
കൃത്രിമ ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചാറ്റ്‌ബോട്ടായ ചാറ്റ്ജി.പി.ടി രംഗത്തുവന്നതു മുതൽ സാങ്കേതികവിദ്യ എങ്ങനെ തൊഴിൽ ലോകത്തെ ഉയർത്തുമെന്നതിനെ കുറിച്ചും ഏതൊക്കെ ജോലികളെ മാറ്റിമറിക്കുമെന്നതിനെ കുറിച്ചും ചർച്ചകൾ സജീവമാണ്. കൃത്രിമ ബുദ്ധി ഉപകരണങ്ങൾക്ക് ഓട്ടോമേറ്റഡ് അല്ലെങ്കിൽ ആവർത്തിച്ചുള്ള ജോലികൾ ഏറ്റെടുക്കാനും കൂടുതൽ ക്രിയാത്മകമായ ജോലികൾ ചെയ്യാൻ ജീവനക്കാരെ സ്വതന്ത്രരാക്കാനും കഴിയുമെന്ന് പിന്തുണക്കുന്നവർ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ജോലി വെട്ടിക്കുറക്കുമെന്നും തീരുമാനങ്ങളെടുക്കുന്നതിൽ മനുഷ്യരുടെ പങ്ക് കുറയ്ക്കുമെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു. 
കോൺഗ്രസിൽ യൂറോപ്യൻ യൂണിയന്റെ ജോബ്‌സ് ആന്റ് സോഷ്യൽ റൈറ്റ്‌സ് കമ്മീഷണർ നിക്കോളാസ് ഷ്മിറ്റുമായി താൻ ചർച്ച ചെയ്യുന്ന വിഷയങ്ങളിലൊന്നാണ് കൃത്രിമബുദ്ധി നിയന്ത്രണമെന്ന് 60 കാരിയായ ലിഞ്ച് പറഞ്ഞു. എല്ലാ സാങ്കേതികവിദ്യയിലും ഒരു പോസിറ്റീവ് വശവും നെഗറ്റീവ് വശവുമുണ്ടാകും. കൃത്രിമബുദ്ധിയുടെ കാര്യത്തിലും ഇത് സത്യമാണ്.  സാങ്കേതികവിദ്യയുടെ കാര്യങ്ങളിൽ തൊഴിലാളികളെയും അവരുടെ യൂണിയനുകളെയും ഉൾപ്പെടുത്തുമ്പോഴെല്ലാം ഫലങ്ങൾ മികച്ചതായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യൂറോപ്പിൽ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള ചർച്ച യൂറോപ്യൻ യൂനിയനിൽ നടക്കുകയാണ്. ഏറ്റവും മുകൾതട്ടിലുള്ള ഒരു ശതമാനം ആളുകൾക്ക് മാത്രമേ കൃത്രിമബുദ്ധിയുടെ എല്ലാ ഗുണങ്ങളും ലഭിക്കുന്നുള്ളൂവെന്നും തൊഴിലുകളുടെ ഭാഗങ്ങൾ മാറ്റപ്പെടുമ്പോൾ എവിടെയാണ് മറ്റു ഗുണനിലവാരമുള്ള ജോലികൾ സൃഷ്ടിക്കപ്പെടുന്നുവെന്നത് ഉറപ്പാക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

Latest News