ബാലികയുടെ ചിത്രം അശ്ലീലമാക്കി പ്രചരിപ്പിച്ച്  ഗള്‍ഫിലേക്ക് കടന്നു, മുംബൈയില്‍ പോലീസ് പിടികൂടി 

തൃക്കരിപ്പൂര്‍- പതിനാലുകാരിയുടെ ഫോട്ടോ അശ്ലീല ചിത്രമാക്കി പ്രചരിപ്പിച്ച ശേഷം പോലീസ് പിടികൂടുമെന്നായപ്പോള്‍ ഗള്‍ഫിലേക്ക് കടന്ന പ്രതിയെ, തിരിച്ചുവരുംവഴി ചന്തേര പോലീസ് മുംബൈ വിമാനത്താവളത്തില്‍ നിന്ന് പിടികൂടി. തിരുവനന്തപുരം പ്ലാഞ്ചേരികോണം സ്വദേശി എസ്.ശരണിനെയാണ് (28) അറസ്റ്റുചെയ്തത്.യുവാവ് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, മുംബൈയില്‍ വിമാനം ഇറങ്ങിയ പ്രതിയെ പിടികൂടുകയായിരുന്നു.
2018ലാണ് ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കേസിനാസ്പദമായ സംഭവം നടന്നത്. പ്രദേശത്ത് ജോലിക്കെത്തിയ ഇയാള്‍ പെണ്‍കുട്ടിയുടെ ഫോട്ടോ തരപ്പെടുത്തി മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രമാക്കി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു.14കാരിയുടെ പിതാവിന്റെ പരാതിയിലാണ് പോക്സോ നിയമപ്രകാരം പ്രതിക്കെതിരെ കേസെടുത്തത്. സംഭവശേഷം മുങ്ങിയ ഇയാള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
 

Latest News