പനി ബാധിച്ച ബാലനെ ബാധയെന്ന് പറഞ്ഞ് മന്ത്രവാദി അടിച്ചുകൊന്നു

സാംഗ്ലി- ബാധ കയറിയെന്നാരോപിച്ച് 14 വയസുകാരനെ മന്ത്രവാദി അടിച്ചുകൊന്നു. ദിവസങ്ങളോളം ചികിത്സിച്ചിട്ടും പനി മാറാതിരുന്നതോടെ ബാധയാണെന്നാരോപിച്ച് മന്ത്രവാദി രൂക്ഷമായി മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ വീട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍ താമസിക്കുന്ന ആര്യന്‍ ദീപക് ആണ് മരിച്ചത്. പനി ബാധിച്ച് ഏറെ ദിവസങ്ങളായിട്ടും കുട്ടിക്ക് ഭേദമായില്ല. തുടര്‍ന്ന് കുട്ടിയെ മാതാപിതാക്കള്‍ കര്‍ണാടക ഷിര്‍ഗൂരിലെ അപ്പാസാഹെബ് കംബ്ലയുടെ അടുക്കലെത്തിച്ചു.
കുട്ടിക്ക് പ്രേതബാധയുണ്ടെന്ന് ഇയാള്‍ മാതാപിതാക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചു. ബാധ ഒഴിപ്പിക്കാന്‍ ചടങ്ങുകള്‍ നടത്തേണ്ടതുണ്ടെന്നു പറഞ്ഞ അപ്പാസാഹെബ് കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Latest News