ലാന്‍ഡ് ചെയ്ത ഉടന്‍ വിമാനം പൊങ്ങി; പരിഭ്രാന്തരായി യാത്രക്കാര്‍

ന്യൂദല്‍ഹി- ലാന്‍ഡ് ചെയ്ത് ഉടന്‍ തന്നെ വിമാനം പറന്നുയര്‍ന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ചണ്ഡീഗഡില്‍ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര തിരിച്ച ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം.  ചണ്ഡീഗഡില്‍ നിന്ന് പുറപ്പെട്ട് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് വിമാനം പറന്നുയര്‍ന്നത്.
ലാന്‍ഡ് ചെയ്യുന്നതിന് റണ്‍വേയില്‍ വീല്‍ തൊട്ടതിന് പിന്നാലെ ഞൊടിയിടയില്‍ വിമാനം പറന്നുയര്‍ന്നതാണ് യാത്രക്കാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചത്.  വിമാനത്തില്‍ നൂറിലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്.  ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പ് ഏകദേശം 20 മിനിറ്റോളം നേരം വിമാനം ആകാശത്തിലായിരുന്നു.
യാത്രക്കാരുടെ ജീവന്‍ വെച്ചുള്ള കളിക്കെതിരെ വിമാനകമ്പനിക്കും ഡിജിസിഎയ്ക്കും കേന്ദ്ര വ്യോമയാന മന്ത്രിക്കും യാത്രക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്. വിമാനം ലാന്‍ഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആശയവിനിമയത്തിലെ കുഴപ്പമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. ലാന്‍ഡ് ചെയ്യുന്നതിന് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് ക്ലിയറന്‍സ് ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് വിമാനം വീണ്ടും പറന്നുയര്‍ന്നതെന്ന് പറയുന്നു.

 

Latest News