അഹംഭാവത്തിന്റെ ഇഷ്ടികകള്‍ കൊണ്ടല്ല പാര്‍ലമെന്റ് നിര്‍മിച്ചത്- രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി- ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ പങ്കെടുപ്പിക്കാത്തത് ഏറ്റവും ഉന്നതമായ ഭരണഘടന പദവിയോടുള്ള അവഹേളനമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. അഹംഭാവത്തിന്റെ ഇഷ്ടികകള്‍ കൊണ്ടല്ല മറിച്ച്, ഭരണഘടന മൂല്യങ്ങള്‍ കൊണ്ടാണ് പാര്‍ലമെന്റ് നിര്‍മിച്ചതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.
സ്വയം പ്രഖ്യാപിത വിശ്വഗുരു ഇതിനോടകം തന്നെ സ്വന്തം അധികാര താത്പര്യങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്റിനെ ഒതുക്കിക്കളഞ്ഞു എന്നാണ് കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേശ് പറഞ്ഞു.
        രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷം ഒരുക്കമായിരുന്നു. എന്നാല്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ല. ഇത് ജനാധിപത്യത്തോട് നേരിട്ടുള്ള വെല്ലുവിളിയാണ്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം എന്ന് പറയുന്നത് ഏറെ പ്രാധാന്യമുള്ള ഒരു ചടങ്ങാണ്. എന്നാല്‍, സര്‍ക്കാര്‍ ജനാധിപത്യത്തിന് മേല്‍ നിരന്തരം ഭീഷണികള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. തികച്ചും ഏകാധിപത്യ രീതിയിലാണ്് പുതിയ മന്ദിരത്തിന്റെ നിര്‍മാണം തന്നെ നടത്തിയിരിക്കുന്നത്. ഈ അവസരത്തില്‍ സര്‍ക്കാരിനോടുള്ള പ്രതിഷേധം രേഖപ്പെടുത്താനുള്ള അവസരമായി ഇതിനെ കാണുന്നു എന്നാണ് സംയുക്ത പ്രസ്താവനയില്‍ പറയുന്നത്. പുതിയ പാര്‍ലമെന്റ് സ്വയം ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഒതുക്കുകയാണ് ചെയ്യുന്നത്. ഇത് ജനാധിപത്യത്തോടുള്ള അങ്ങേയറ്റം അവഹേളനം എന്ന് മാത്രമല്ല നേരിട്ടുള്ള കടന്നാക്രമണം ആണെന്നും എതിര്‍ക്കപ്പെടേണ്ടതാണെന്നും പ്രസ്താവനയില്‍ പറയുന്നു.
    ജനാധിപത്യ വിരുദ്ധത പ്രധാനമന്ത്രിക്ക് പുതുമയുള്ളതല്ല. ആരോടും കൂടിയാലോചിക്കാതെ മഹാമാരിക്കാലത്ത് വലിയ തുക ചെലവാക്കി ആര്‍ക്ക് വേണ്ടിയാണ് പുതിയ മന്ദിരം നിര്‍മിച്ചതെന്നും പ്രസ്താവനയില്‍ ചോദിക്കുന്നു. സ്വേച്ഛാധിപത്യ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനുമെതിരെ പോരാടുമെന്നും പ്രസ്താവനയില്‍ പറയുന്നു. സവര്‍ക്കറുടെ ജന്‍മദിനത്തില്‍ തന്നെ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതിനെയും പ്രതിപക്ഷം ശക്തമായി എതിര്‍ക്കുന്നു. ബ്രിട്ടീഷുകാരോട് പരിപൂര്‍ണ വിധേയത്വം പ്രഖ്യാപിച്ച ത്രീവ്ര നിലപാടുകളുള്ള സവര്‍ക്കറുടെ ജന്‍മദിനം തന്നെ ഉദ്ഘാടനത്തിന് തെരഞ്ഞെടുത്തത് കരുതിക്കൂട്ടിയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
    ഭരണഘടനയനുസരിച്ച് രാഷ്ട്രപതി രാജ്യത്തിന്റെ അധിപ മാത്രമല്ല, പാര്‍ലമെന്റിന്റെ അവിഭാജ്യ ഘടകം കൂടിയാണ്. രാഷ്ട്രപതിക്കാണ് പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കുന്നതിനും അഭിസംബോധന ചെയ്യുന്നതിനും നിര്‍ത്തിവെക്കാനുമുള്ള അധികാരം. രാഷ്ട്രപതിയെ കൂടാതെ പാര്‍ലമന്റിന്് പ്രവര്‍ത്തിക്കാന്‍ തന്നെയാകില്ല. എന്നാല്‍, രാഷ്ട്രപതിയെ കൂടാതെ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം ഭരണഘടനയുടെ അന്തസന്തയെ തന്നെ ലംഘിക്കുന്ന പ്രവര്‍ത്തിയാണ്. ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യത്തെ രാഷ്ട്രപതിയാകുന്ന വനിതയെ രാജ്യം ആഘോഷിച്ചതാണ്. എന്നാല്‍, മോദിയുടെ തീരുമാനത്തിലൂടെ ആ പദവിയെ അപമാനിക്കുകയാണെന്നും പ്രതിപക്ഷ കക്ഷികള്‍ ചൂണ്ടിക്കാട്ടി.
ഉദ്ഘാടനത്തില്‍ നിന്ന് രാഷ്ട്രപതിയെ ഒഴിവാക്കിയത് ആദിവാസികളോടും വനിതകളോടും ദളിതരോടുമുള്ള അപമാനമാണെന്നാണ് കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞത്. ഉദ്ഘാടനത്തില്‍ നിന്ന് വിട്ടു നിന്നേക്കുമെന്നും ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നാളെ  പ്രഖ്യാപിക്കുമെന്നും ബിആര്‍എസ് എംപി കേശവ റാവു പറഞ്ഞു.

 

 

Latest News