'കേരള സ്റ്റോറി' ഒരു സിനിമയാണ്. ഒരു ഭാവന കഥയായിട്ടല്ല, സംഭവ കഥയായിട്ടാണ് പ്രചരിപ്പിക്കുന്നത്. നാട് ഭരിക്കുന്ന പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉൾപ്പെടെയുള്ളവർ 'ഇതിന്റെ സത്യാവസ്ഥ' അംഗീകരിക്കുകയും പൊതുവീഥികളിൽ പ്രസംഗിച്ചു നടക്കുകയും ചെയ്യുന്നു. വിവിധ സംസ്ഥാനങ്ങൾ ഭരണയന്ത്രം ഉപയോഗിച്ച് നികുതിയും മറ്റും ഒഴിവാക്കി പ്രദർശനം പ്രോത്സാഹിപ്പിക്കുന്നു.
ഇതിനെ കുറിച്ച് സമഗ്രമായ ഒരു ജുഡീഷ്യൽ അന്വേഷണം ആണ് ഉടനെ വേണ്ടത്. 32,000 യുവതികളെ കേരളത്തിൽ നിന്ന് കാണാതായി വിദേശത്തേക്ക് കടത്തി എന്ന് ഉന്നത അധികാരികൾ പോലും സ്ഥിരീകരിക്കുമ്പോൾ എന്തുകൊണ്ട് ഗൗരവ അന്വേഷണം നടക്കുന്നില്ല? നാട്ടിന്റെ സുരക്ഷിതത്വവും നിയമ വ്യവസ്ഥകളും ആത്മാഭിമാനവും സംസ്‌കാരവും പാരമ്പര്യവും എല്ലാം വെല്ലുവിളിക്കുന്ന ഒരു കാര്യമാണിത്.
നാടിന്റെ നിയമ സംവിധാനങ്ങളെ ഭേദിച്ചുകൊണ്ട് എങ്ങനെ ഇത്രയധികം യുവതികൾക്ക് പുറത്തു കടക്കാൻ കഴിഞ്ഞു വെന്നത് പരിശോധിക്കേണ്ട കാര്യമാണ്. അടിവേര് വരെ അന്വേഷിച്ചു കണ്ടെത്തണം. ഇവർക്ക് എങ്ങനെ പാസ്‌പോർട്ട് കിട്ടി? ഉയർന്ന ജുഡീഷ്യൽ ഉദ്യോഗസ്ഥർ മുതൽ എം.എൽ.എ വരെയുള്ളവർക്ക് ശുപാർശ ചെയ്യാം. ആരാണ് അപേക്ഷ ഫോറത്തിൽ ശുപാർശ ഒപ്പിട്ട് നൽകിയത്. എം.എൽ.എ ആണെങ്കിൽ ഏത് പാർട്ടിക്കാർ? അനുബന്ധ രേഖകൾ സമർപ്പിച്ചതെങ്ങനെ? ജനന സർട്ടിഫിക്കറ്റ്, അതിൽ പേര് മാറ്റമുണ്ടെങ്കിൽ അതു രേഖപ്പെടുത്തിയ ഗസറ്റ് നോട്ടിഫിക്കേഷൻ തുടങ്ങിയവ എല്ലാം പാസ്‌പോർട്ട് അപേക്ഷക്കൊപ്പം സമർപ്പിക്കണം. പോലീസ് വെരിഫിക്കേഷൻ ഏത് സ്റ്റേഷനിൽ, ഏത് ഉദ്യോഗസ്ഥൻ നടത്തി? ശരിയായ വിലാസം, ജീവിത ഘടന തുടങ്ങിയ എല്ലാ കാര്യങ്ങളും പോലീസ് പരിശോധന റിപ്പോർട്ടിൽ വരും. ഇതെല്ലാം വ്യക്തമായി സാക്ഷ്യപ്പെടുത്തിയാലേ പരിശോധിച്ച് പാസ്‌പോർട്ട് നൽകുകയുള്ളൂ. വിസ ഏത് രാജ്യത്തെക്കാണ് കിട്ടിയത്? ഏത് വിമാനത്താവളത്തിലൂടെ, അല്ലെങ്കിൽ തുറമുഖത്തിലൂടെയാണ് അവർ പോയത്? ഏത് കമ്പനിയുടെ വിമാനത്തിൽ, അല്ലെങ്കിൽ കപ്പലിൽ പോയി. ഏത് ട്രാവൽ ഏജൻസി ടിക്കറ്റ് തരപ്പെടുത്തി തുടങ്ങിയവക്കെല്ലാം വിദേശ യാത്രികരുടെ വിവരത്തിൽ വ്യക്തമായി രേഖപ്പെടുത്തുണ്ട്. ഇമ്മിഗ്രേഷൻ, കസ്റ്റംസ് എന്നിവ എങ്ങനെ പൂർത്തിയാക്കി? അതിന്റെ നടപടിക്രമങ്ങൾ പാലിക്കപ്പെട്ടുവോ? ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ വിസ പരിശോധിച്ച് തുടങ്ങും. വീണ്ടും കൗണ്ടറിൽ വിസ പരിശോധിച്ച ശേഷമേ ബോർഡിങ് പാസ് നൽകുകയുള്ളൂ.
അതിന് ശേഷം ഇമ്മിഗ്രേഷനിലും വിസ പരിശോധിക്കും. ഈ കടമ്പകളെല്ലാം കടന്ന് 32,000 യുവതികൾക്ക് വിദേശത്തേക്ക് പോകുക അത്ര എളുപ്പമല്ല. അങ്ങനെ പോയെങ്കിൽ വലിയ കള്ളക്കളികൾ നടന്നിട്ടുണ്ടാവണം. അതു സമഗ്രമായി അന്വേഷിച്ചു കണ്ടെത്തണം. ഇതെല്ലാം കേന്ദ്ര സർക്കാരിന്റെ പരിധിയിൽ വരുന്ന കാര്യങ്ങളാണ്. ഒരു അന്വേഷണവും നടത്താത്തത് ഗുരുതര വീഴ്ച തന്നെയാണ്.
കേരളത്തിലെ 32,000 കണക്ക് സിനിമാകഥയിലൂടെ മാത്രമാണ് ഇപ്പോൾ പറയുന്നത്. വ്യക്തമായ തെളിവോ രേഖയോ ഇല്ല. എന്നാൽ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും സ്വന്തം തട്ടകമായ ഗുജറാത്തിൽ 41,621 യുവതികളെ കാണാനില്ല.
തെളിവ് നൽകിയിട്ടും പോലീസ് കേസെടുക്കുന്നില്ലെന്ന് അവിടത്തെ മനുഷ്യവകാശ കമ്മീഷൻ പറയുന്നു. ബേട്ടി ബച്ചാവോ പറയുന്ന നാട്ടിൽ നിന്നാണ് ഇത് കേൾക്കുന്നത്. മധ്യപ്രദേശ് പറയുന്നത് കാണാതായ 99,119 യുവതികളുടെ കാര്യമാണ്. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ ആണ് ഇത് വെളിപ്പെടുത്തിയത്. ഇതെല്ലാം അന്വേഷിക്കേണ്ടതല്ലേ? എല്ലാ ദേശീയ ഏജൻസികളും അന്വേഷിക്കട്ടെ. സുപ്രീം കോടതിയിലെ സിറ്റിംഗ് ജഡ്ജി തന്നെ ജുഡീഷ്യൽ അന്വേഷണത്തിനു നേതൃത്വം നൽകണം. ഭരണകൂടത്തിന്റെ നിസ്സംഗത ഞെട്ടിക്കുന്നതാണ്.
ഹിന്ദു - മുസ്‌ലിം അകൽച്ച സൃഷ്ടിച്ച് അവരെ പൊതു സമൂഹത്തിൽ നിന്ന് മാറ്റിനിർത്താൻ ശ്രമിക്കുന്നവരാണ് ലൗ ജിഹാദ് അവരിലേക്ക് എറിഞ്ഞു കൊടുത്തത്.






