Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആളിപ്പടര്‍ന്ന് തീ, വില്ലന്‍ ഇത്തവണയും ബ്ലീച്ചിംഗ് പൗഡര്‍

തിരുവനന്തപുരം - മേനംകുളത്തെ മരുന്ന് സംഭരണ ശാലയില്‍ സ്‌ഫോടക സ്വഭാവമുള്ള വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതിനാല്‍ തീ വളരെ വേഗത്തില്‍ ആളിപ്പടര്‍ന്നതായി അധികൃതര്‍. മെഡിക്കല്‍ ആവശ്യത്തിനായി കൂടുതല്‍ സ്പിരിറ്റ് ഗോഡൗണില്‍ സൂക്ഷിച്ചിരുന്നതും തീപടര്‍ന്ന് പിടിക്കാന്‍ ഇടയാക്കി. ബ്ലീച്ചിംഗ് പൗഡറിനാണ് ആദ്യം തീപിടിച്ചതെന്നാണ് കരുതുന്നത്. മരുന്നുകള്‍ മറ്റൊരു കെട്ടിടത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഫയര്‍ യൂണിറ്റുകള്‍ എത്തി മണിക്കൂറോളം ശ്രമിച്ചാണ് തീ പൂര്‍ണമായും അണച്ചത്.
ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വളരെ ഉയരത്തില്‍ സിമന്റ് ഇഷ്ടിക കെട്ടി ഉയര്‍ത്തി ഷീറ്റ് മേഞ്ഞതാണ് തീപിടിച്ച ഗോഡൗണ്‍. സമീപത്തെ പ്രധാന കെട്ടിടത്തില്‍ 16 കോടിയോളം രൂപയുടെ മരുന്നുകളുണ്ട്. എന്നാല്‍ അവയ്ക്ക് കേടുപാടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. മുന്‍പ് ലീലാ കമ്പനിയുടെ ഗാര്‍മെന്റ് ഡിവിഷന്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് വലിയ ഗോഡൗണായി പ്രവര്‍ത്തിക്കുന്നത്. കാലാവധി കഴിഞ്ഞ മരുന്നുകളും സാനിട്ടൈസര്‍ ബ്ലീച്ചിംഗ് പൗഡര്‍, ലോഷന്‍ തുടങ്ങിയവയടങ്ങിയ രാസലായനികളും ഇവിടെയാണ് സൂക്ഷിച്ചിരുന്നത്.
കെട്ടിടത്തില്‍ തീയണക്കാനുള്ള സംവിധാനങ്ങള്‍ ഇല്ലാതിരുന്നത് തീയണക്കാനുള്ള പരിശ്രമങ്ങള്‍ക്ക് തടസമായി. കത്തിനശിച്ചവയില്‍ 2014 ല്‍ കാലാവധി അവസാനിച്ച മരുന്നുകളും ഉണ്ട്.  മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രം പ്രവര്‍ത്തിച്ച കെട്ടിടത്തിന് ഫയര്‍ഫോഴ്സിന്റെ എന്‍.ഒ.സി ഉണ്ടായിരുന്നില്ലെന്ന് ഫയര്‍ഫോഴ്സ് മേധാവി ബി. സന്ധ്യ വ്യക്തമാക്കി. ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കിന്‍ഫ്ര പാര്‍ക്കിലെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെത്തുടര്‍ന്ന് കോര്‍പറേഷന്റെ എല്ലാ മരുന്ന് സംഭരണ കേന്ദ്രങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ആരോഗ്യ വകുപ്പ്, അഗ്‌നിരക്ഷാസേന ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാണ് സുരക്ഷാ ഓഡിറ്റ് നടത്തുന്നത്. ആശുപത്രികളില്‍ ഫയര്‍ സേഫ്റ്റി ഓഡിറ്റ് നടത്തും. കിന്‍ഫ്രയിലെ തീപിടിത്തത്തെപ്പറ്റി സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫോറന്‍സിക് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തും. കൊല്ലത്തെ തീപിടിത്തത്തിന്റെ ഫോറന്‍സിക് പരിശോധനാ ഫലം വരാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 

 

Latest News