കളിക്കുമ്പോള്‍ എറിഞ്ഞതെന്ന ന്യായം വിശ്വസിക്കുന്നില്ലെന്ന് സുരേന്ദ്രന്‍, വിധ്വംസക ബന്ധം അന്വേഷിക്കണം

തിരുവനന്തപുരം-  തിരൂരിനടുത്ത് വന്ദേഭാരത് ട്രെയിനിന് നേരെ  കല്ലേറ് നടത്തിയ പ്രതിയെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത് ഗുരുതര വീഴ്ചയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പൊതുമുതല്‍ നശിപ്പിച്ചതിന് പ്രതിക്കെതിരെ പിഡിപിപി ആക്ട് ചുമത്തണമെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. പോലീസ് പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് വ്യക്തമാണ്. കളിക്കുമ്പോള്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്ന പ്രതിയുടെ വാദം വിശ്വസിക്കാന്‍ മാത്രം മണ്ടന്‍മാരാണോ കേരള പോലീസെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു.

എലത്തൂര്‍ ട്രെയിന്‍ ആക്രമണത്തിന് ശേഷമുള്ള ട്രെയിന്‍ ആക്രമണത്തെ ഗൗരവമായി കാണാത്ത പോലീസിന്റെ സമീപനം ശരിയല്ല. പോലീസിന് രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായിട്ടുണ്ട്. പ്രതിക്ക് ഏതെങ്കിലും വിധ്വംസക സംഘടനകളുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

താനൂര്‍ സ്വദേശി മുഹമ്മദ് റിസ്വാനെയാണ് (19) കേസില്‍ അറസ്റ്റുചെയ്തത്. കളിക്കുന്നതിനിടെ സംഭവിച്ച പിഴവെന്നാണ് റിസ്വാന്‍ പോലീസിന് നല്‍കിയ മൊഴി. പൈപ്പ് കൊണ്ട് മാവിലേക്ക് എറിഞ്ഞപ്പോള്‍ സംഭവിച്ചതാണെന്നും മൊഴിയിലുണ്ട്. മന:പൂര്‍വം ചെയ്തതല്ലെന്നും കളിക്കുന്നതിനിടെ സംഭവിച്ചു പോയതാണെന്നും പ്രതി പറഞ്ഞതായി പോലീസ് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇയാളെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

 

Latest News