സൗദി വിസിറ്റ്, ട്രാന്‍സിറ്റ് വിസാ മാറ്റങ്ങള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം

ജിദ്ദ - വിസിറ്റ്, ട്രാന്‍സിറ്റ് വിസകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥകള്‍ക്കും സംവിധാനത്തിനും സൗദി മന്ത്രിസഭയുടെ അംഗീകാരം. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. സാംസ്‌കാരിക മേഖലാ സഹകരണത്തിന് ഇന്ത്യന്‍ സാംസ്‌കാരിക മന്ത്രാലയവുമായി ധാരണാപത്രം ഒപ്പുവെക്കാന്‍ സാംസ്‌കാരിക മന്ത്രിയെയും നിക്ഷേപ പ്രോത്സാഹന മേഖലാ സഹകരണത്തിന് ചിലിയുമായി ധാരണാപത്രം ഒപ്പുവെക്കാന്‍ നിക്ഷേപ മന്ത്രിയെയും സൗദി അറേബ്യയെയും കുവൈത്തിനെയും റെയില്‍വെ ശൃംഖലയില്‍ പരസ്പരം ബന്ധിപ്പിക്കാന്‍ കുവൈത്ത് ഗവണ്‍മെന്റുമായി ചര്‍ച്ച നടത്തി കരാര്‍ ഒപ്പുവെക്കാന്‍ ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മന്ത്രിയെയും മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.
അറബ് പൊതുവൈദ്യുതി വിപണി സ്ഥാപിക്കാനുള്ള കരാറില്‍ ഒപ്പുവെക്കാന്‍ ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനെ മന്ത്രിസഭ ചുമതലപ്പെടുത്തി. ഊര്‍ജ മേഖലാ സഹകരണത്തിന് ഇന്തോനേഷ്യയുമായി ഒപ്പുവെച്ച ധാരണാപത്രവും കുറ്റകൃത്യ വിരുദ്ധ പോരാട്ട മേഖലാ സഹകരണത്തിന് ഈജിപ്തുമായി ഒപ്പുവെച്ച കരാറും ടൂറിസം മേഖലാ സഹകരണത്തിന് ഒമാനുമായി ഒപ്പുവെച്ച ധാരണാപത്രവും മന്ത്രിസഭാ യോഗം അംഗീകരിച്ചു.

 

 

Latest News