'പിളരുന്തോറും വളരും' എന്ന ബുദ്ധി കേരള കോൺഗ്രസിന്റേതാണെന്ന് ഏതു നഴ്‌സറി കുട്ടികൾക്കും അറിയാം. 1980 മുതൽ തുടങ്ങി പരീക്ഷണം. ഇപ്പോൾ ആ ഇനത്തിൽ 'ബോൺസായ്' ചെടികൾ അനേകമായി. അഖിലേന്ത്യ മുഴുവൻ നിറഞ്ഞുനിൽക്കുന്ന കോൺഗ്രസിനു ബുദ്ധി പിന്നീടാണ് ഉദിച്ചത്. കഴിയുന്നിടത്തെല്ലാം അവരും പിളർന്നു. കുറച്ചുകാലമായി തുടരുന്ന പോഷക സംഘടനകളിലെ പിളർപ്പ് ഇരുട്ടുകൊണ്ടും ഈയം കൊണ്ടുമൊക്കെ അടച്ചു. പ്രസിഡന്റ് സുധാകര ഗുരുക്കളുടെ ജില്ലയിലെ പി.കെ. രാഗേഷിനെ പുറത്താക്കി തീർഥജലം തളിച്ചു. അപ്പോഴതാ തലസ്ഥാനത്ത് 'ഐക്യം' വീണ്ടും തെളിയുന്നു! ചാണ്ടി അയഞ്ഞപ്പോൾ തൊമ്മൻ മുറുകി. സെക്രട്ടറി അസോസിയേഷൻ രണ്ടായി പിരിഞ്ഞു രണ്ടു വാർഷിക സമ്മേളനങ്ങൾ നടത്തി. ഗുരുക്കൾ രണ്ടിനും പിന്തുണ കൊടുത്തിരിക്കാം. അടുത്ത ലക്ഷ്യം കേരളമാണെന്ന് കെ.സി. രണ്ടാമനും മല്ലികാബാണനും നോട്ടമിട്ടിരിക്കുകയാണല്ലോ.
എല്ലാം സഹിക്കാം. ജീവനക്കാരുടെ സംഘടനക്കാര്യമാകയാൽ, സന്ധ്യ കഴിഞ്ഞ് ഒന്നിച്ചു 'കൂടിയാൽ' ധാരാളം! പക്ഷേ മാതൃപേടകത്തിന്റെ കാര്യമോ? സംഘടന തന്നെ ഗുരുക്കളെ മാനം കെടുത്തിയാലോ? പിരിവിന്റെ കാര്യത്തിൽ 'ഏഴാംകടലിനുമക്കരെയും പേരുകേട്ട തിരുവന്തോരത്തെ ജില്ല കമ്മിറ്റിയിൽ എന്താണ് നടന്നത്? 350 ഭാരവാഹികളിൽ 61 പേർ മാത്രമാണ് 'ഭവന സന്ദർശനം' നടത്തിയത്. ഉലക്കയോ ചൂലോ ഭയന്നിട്ടാകാം. സന്ദർശകരുടെ വേദന ഗുരുക്കൾക്ക് അറിയില്ല. 'ആയുധം പോയാൽ പൊയ്‌ക്കൊള്ളട്ടെ, കായംകിട്ടുകിലതു ബഹുലാഭം' എന്ന കുഞ്ചൻ നമ്പ്യാരുട പദ്യത്തിനൊത്ത് ആയിരുന്നു ചുവടുവെപ്പ്! ജില്ല പ്രസിഡന്റ് വിളിച്ച് അന്വേഷിച്ച ശേഷം ശക്തികേന്ദ്രമായ പാറശാലയിലെ പിരിവ് കുത്തനെ താണു. വിളിക്കാത്ത ദുർബല കേന്ദ്രമായ ആറ്റിങ്ങലിൽ രക്തസമ്മർദം പോലെയാണ് കുതിച്ചുയർന്നതെന്നും കേൾവി. ജില്ല പ്രസിഡന്റിന്റെ ജനസ്വാധീനം പണ്ടേ ചോദ്യചിഹ്നമാണെങ്കിലും ഇത്രയ്ക്കങ്ങു നിരീച്ചില്ല എന്നാണ് മുതിർന്ന മൂവർണക്കാർ പറയുന്നത്.
എന്നാൽ വിവാഹ, ചാനൽ ചർച്ചകൾ എന്നീ വേദികളിലെ സാന്നിധ്യത്തിന് ഒരു കുറവുമില്ല. അടപ്രഥമനും പ്രതിഫലവുമായിരിക്കാം കാരണം. മലബാറിൽ മാത്രം സ്വാധീനമുള്ള ലീഗ് സ്വന്തം പിരിവിൽ മാരത്തോൺ റെക്കോർഡ് സ്ഥാപിച്ചുവെന്നു കൂടി അറിഞ്ഞതോടെ, പ്രസിഡന്റ് ഗുരുക്കൾ തലയിൽ തോർത്തുമുണ്ടിട്ടു. കസേരയിൽ കയറിയിട്ടു കൊല്ലം രണ്ടായി. പുനഃസംഘടന ഇപ്പോഴും 'തിരുനക്കര'യിൽ. 100 സ്ഥാനങ്ങളിൽ പുനഃസംഘടിപ്പിച്ചുവത്രേ! ഇനി 282 ബാക്കിയുണ്ട്. 'മാനക്കേട്' എന്ന വാക്കിന് പുതിയ അർഥം വല്ലതുമുണ്ടെങ്കിൽ ഓ എവിടെ? മാനം അങ്ങു മോളിൽ ആകാശത്തല്ലേ?
**** **** ****
കുട്ടിക്കാലത്തേ തന്നെ കുട്ടികളെ വാർത്തെടുക്കുന്ന സംഘടനകളുണ്ട്. 'കുരുന്നിലേ കണ്ടെത്തുക' എന്നതാണ് ഓമനപ്പേര്. ആൾമാറാട്ടം, പോക്കറ്റടി, കൂടുവിട്ടു കൂടുമാറുക, ആണ് പെണ്ണാകുക; അത്യാവശ്യ ഘട്ടങ്ങളിൽ മറിച്ചും പ്രത്യക്ഷപ്പെടുക തുടങ്ങി കലാപരിശീലനങ്ങളും ഏറെയുണ്ട്. 64 കലകളിൽ പൊടാത്ത വേറെയും പരിപാടികൾ ഉണ്ടത്രേ! ഓപറേഷന്റെ വേദനയോ പണച്ചെലവോ ഇല്ലാതെ തന്നെ വനിത കൗൺസിലറുടെ സ്ഥാനത്ത് പുരുഷ മെംബറെ പ്രതിഷ്ഠിക്കുന്നതിന് വെറും കടലാസ് വിദ്യ മതിയാകും. കൺമെട്ട് എന്നാണ് പഴയ നാമം. ന്യൂജെൻസ് അതു പോരെന്നു ശഠിച്ചേക്കാം. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ പ്രിൻസിപ്പൽ ഇൻ ചാർജ് ആണ് ആ പരീക്ഷണം പ്രഥമദൃഷ്ട്യാ വിജയകരമായി അവതരിപ്പിച്ചത്. പക്ഷേ മറിമായങ്ങളുടെ ലോകത്ത് പണ്ടു തന്നെ മുൻസീറ്റ് കരസ്ഥമാക്കിയ യൂനിവേഴ്‌സിറ്റിയോടാണ് കളി! അതിശീഘ്രം 'പ്രതിരാസപ്രവർത്തനം' ശാസ്ത്രകാരൻ പ്രതീക്ഷിച്ചില്ല. യൂനിവേഴ്‌സിറ്റി യൂനിയൻ തെരഞ്ഞെടുപ്പു തൽക്കാലം 'ഫ്രീസറി'ൽ കയറ്റി വെച്ചു. തകർത്തു വാരി സസ്‌പെൻഷനും പുറത്താക്കൽ നോട്ടീസുമായി 'വീടു വീടാന്തരം' കയറി ജനസമ്പർക്ക പരിപാടിയിലാണ് മൈനർ പാർട്ടി മെംബറന്മാർ. പാളയം എ.കെ.ജി സെന്റർ മുതൽ കാട്ടാക്കട വരെയുള്ള തുണിക്കടകളിലെ എല്ലാ തോർത്തുമുണ്ടുകളും വിറ്റഴിഞ്ഞിരിക്കുന്നു. ഏറെപ്പേർക്ക് തലയിൽ മൂടി നടക്കാനുള്ളതാണ്. കുറ്റാരോപിതർ 'മൈനറാ'ണെങ്കിൽ 'സർജിക്കൽ മാസ്‌ക് മതി. മെഡിക്കൽ ഷോപ്പുകളിലും വിൽപന തകൃതിയായി നടക്കുന്നു. ഇതിൽപരം ഒരു ആൾമാറാട്ടമോ വ്യാപാര വർധനയോ അടുത്ത കാലത്ത് സംസ്ഥാനത്ത് അനുഭവപ്പെട്ടിട്ടില്ല എന്ന് ധനകാര്യ കാര്യക്കാർ. ഇവക്കെല്ലാം കാരണഭൂതനായ പ്രിൻസിപ്പൽ പ്രാണഭയം കൊണ്ടു ചെയ്തുപോയ പിഴവാണെങ്കിലും അദ്ദേഹത്തിന്റെ 'കസേര നഷ്ട'ത്തിൽ ദുഃഖിക്കേണ്ടി വരില്ല. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട വലിയ ഒരെണ്ണം കിട്ടാനുള്ള സാധ്യത തെളിയുന്നുണ്ട്! അതിനുള്ള യോഗ്യതയുണ്ട്.
**** **** ****
ഇ.പി.ജയരാജനും പ്രകാശ് കാരാട്ടും ആരാണെന്ന് കർണാടകയിലെ സിദ്ധരാമനോ ശിവകുമാരനോ അറിയില്ല. അറിയാൻ പോകുന്നതേയുള്ളൂ. സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രി പിണറായിയെയോ കെജ്‌രിവാളിനെയോ ക്ഷണിച്ചില്ല. കെജ്‌രി പോട്ടെ; ദില്ലിയിലെ വാൾ കൊണ്ടു കന്നഡയിൽ ഒന്നും വെട്ടാനില്ല. അതല്ല പിണറായി. ഊരിപ്പിടിച്ച വാളുകൾക്കിടയിൂലൂടെ പണ്ടു നടന്നോ ഓടിയോ ഒക്കെ ശീലമുള്ള സഖാവാണ്. ഇങ്ങനെയായാൽ കർണാടകത്തിൽ കോൺഗ്രസ് അധികം ഭരിക്കില്ല എന്നു ഇ.പി സഖാവ് മുന്നറിയിപ്പു കൊടുത്തു കഴിഞ്ഞു. 'സൂചനയാണിതു സൂചനയാണേ, സൂചന കണ്ടു പഠിച്ചില്ലെങ്കിൽ സ്തംഭിപ്പിക്കും.... എന്ന അത്യുഗ്രൻ മാരക ശേഷിയുള്ള മുദ്രവാക്യത്തിന്റെ കന്നഡ പരിഭാഷ ആരെങ്കിലും കോൺഗ്രസ് നേതാക്കളെ കേൾപ്പിക്കണം. അതിന് പരിഭാഷപ്പെടുത്താൻ ആളു വേണ്ടേ? ചോദ്യം ന്യായമാണ്. 0.6 ശതമാനം വോട്ടാണ് പാർട്ടിക്ക് ആ ദേശത്ത് ലഭിച്ചത്. അവരുടെ നേതാവിനെ ക്ഷണിച്ചു വേദിയിലോ സദസ്സിലോ ഇരുത്താൻ കഴിയുമോ? സത്യപ്രതിജ്ഞ ചടങ്ങ് കോൺഗ്രസിന്റേതാണ്. അവിടെ കോൺഗ്രസുകാർക്കുപോലും കസേര തികയാറില്ല. പിന്നല്ലേ 0.6 ശതമാനക്കാരൻ?
കാരാട്ടാനും ജയരാജൻ സഖാവിനും പ്രതിഷേധിക്കാതെ കഴിയില്ല. ഉച്ചക്കഞ്ഞി കേരളത്തിൽ സർക്കാരുള്ളതുകൊണ്ടു മുടങ്ങാതെ കഴിഞ്ഞു പോരുന്നു. പ്രതിഷേധം മുടക്കരുത്.
**** **** ****
എരുമേലിയിലും ചാലക്കുടിയിലും കാട്ടുപോത്ത് നാട്ടിലിറങ്ങി. ഇനി നാട്ടുകാർ മെല്ലെമെല്ല സുരക്ഷിത സ്ഥാനം തേടി കാട്ടിൽ കയറുന്നതാണ് ബുദ്ധി. അല്ലെങ്കിൽ അന്യദേശ തൊഴിലാളികളായി വേഷമിട്ടും ഗമിക്കാം. ഇവിടെയാണല്ലോ, തൊഴിലിനും പരസ്പരം സുരക്ഷ നൽകുന്നതിനും ഒരു മടി! നാടുവിട്ടാൽ മാറിക്കൊള്ളും!
**** **** ****
ഉള്ളി സുരേന്ദ്രൻ ഉൾപ്പെടെ നാലു പ്രമുഖ ബി.ജെ.പി നേതാക്കൾ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയില്ലെന്ന്. നന്നായി. ഓരോ കാലത്തും എന്തു മാത്രം തുകയാണ് 'കെട്ടിവെച്ച പണ'മെന്ന പേരിൽ സർക്കാരിലേക്കു പോകുന്നത്! അതിനു മാത്രം നമ്മുടെ പാർട്ടിക്ക് ശേഷിയുണ്ടോ? വേണ്ട.






