ഒന്നര പതിറ്റാണ്ട് മുമ്പ് മലബാറിലെ ശരാശരി പത്താം ക്ലാസ് വിജയ ശതമാനം എഴുപതോടടുത്തായിരുന്നു. അന്ന് നിലവിലുണ്ടായിരുന്ന പ്ലസ് വൺ സീറ്റുകൾ, വിജയിക്കുന്ന വിദ്യാർഥികൾക്ക് ആനുപാതികമായിരുന്നു. എന്നാൽ ഇപ്പോൾ വിജയ ശതമാനം തൊണ്ണൂറ്റിയൊമ്പതിൽ അധികമായതോടെ തുടർപഠനം ആവശ്യമായ വിദ്യാർഥികളുടെ എണ്ണം വർധിക്കുകയും അതിന് ആവശ്യമായ സീറ്റുകളില്ലാത്ത പ്രതിസന്ധി വളരുകയുമാണ്. വിജയ ശതമാനം വർധിക്കുന്നതിനനുസരിച്ച് സീറ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്ന സാമാന്യ തത്വം കേരളത്തിൽ നടപ്പാകുന്നില്ല.
പത്താം ക്ലാസ് റിസൾട്ട് വരുന്നതോടെ മലബാറിൽ ഉയരുന്ന മുറവിളിക്ക് ഇത്തവണയും അറുതിയില്ല. തുടർപഠനത്തിന് യോഗ്യത നേടിയവർക്കെല്ലാം പഠിക്കാൻ സൗകര്യമില്ലെന്ന യാഥാർഥ്യം ഇപ്പോഴും നിലനിൽക്കുന്നു. പതിറ്റാണ്ടുകളായി ഉയരുന്ന ഈ പരാതിക്ക് ഇപ്പോഴും ശാശ്വത പരിഹാകരമാകുന്നില്ലെന്നത് ഭരണ വർഗത്തിന്റെ പിടിപ്പുകേട് തന്നെ.
കോളേജുകളിൽ നിന്ന് പ്രീഡിഗ്രി വേർപെടുത്തി സ്കൂളുകളിൽ ഹയർ സെക്കണ്ടറി തുടങ്ങിയിട്ട് കാലമേറെയായി. ഇപ്പോഴും ഹയർ സെക്കണ്ടറി പഠനം കുറ്റമറ്റതാക്കാൻ കഴിഞ്ഞിട്ടില്ലെന്നത് കേരളത്തിൽ മാറിമാറി ഭരിച്ച സർക്കാരുകളുടെ നയവൈകല്യമായി മാത്രമേ കാണാനാകൂ. ഹയർ സെക്കണ്ടറി പാസായാൽ കുട്ടികൾക്ക് കോളേജുകളിൽ സീറ്റില്ലെന്ന പ്രശ്നം വേറെ. അതിനെ കുറിച്ചുള്ള വേവലാതി, പ്ലസ് ടു റിസൾട്ട് വരുമ്പോൾ കേൾക്കാം.
സംസ്ഥാനത്ത് ഏറ്റവുമധികം വിദ്യാർഥികൾ എസ്.എസ്.എൽ.സി പരീക്ഷയെഴുതുകയും തുടർപഠത്തിന് യോഗ്യത നേടുകയും ചെയ്ത മലപ്പുറം ജില്ലയിൽ വിദ്യാർഥികൾ തുടർപഠനത്തിനായി നട്ടം തിരിയുകയാണ്. പരീക്ഷയിൽ വിജയിച്ചവരിൽ പകുതിയോളം പേർക്ക് പഠിക്കാൻ പൊതുവിദ്യാലയങ്ങളിൽ ഇടമില്ലെന്നതാണ് ഇത്തവണയും ഉയരുന്ന പ്രധാന പ്രശ്നം. സംസ്ഥാനത്ത് ഏറ്റവുമധികം കുട്ടികൾ ഫുൾ എ പ്ലസ് നേടിയ ജില്ലയിലാണ് ഈ ദുര്യോഗമെന്നത് അധികൃതരുടെ കണ്ണ് തുറപ്പിക്കേണ്ട കാര്യമാണ്.
ഈ വർഷം ജില്ലയിലെ കേരള സിലബസ് വിദ്യാലയങ്ങളിൽ നിന്ന് 77,827 കുട്ടികളാണ് തുടർപഠനത്തിന് യോഗ്യത നേടിയിട്ടുള്ളത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസിൽ പാസായവർ ഇതിന് പുറമേയാണ്. ഇത്രയും കുട്ടികൾക്ക് പ്ലസ് ടുവിന് പഠിക്കാനുള്ള സീറ്റ് ജില്ലയിൽ പൊതു വിദ്യാലയങ്ങളിൽ ഇല്ല. സർക്കാർ-എയ്ഡഡ് സ്കൂളുകളിലായി 43,450 സീറ്റുകളാണ് ജില്ലയിൽ നിലവിലുള്ളത്. സാങ്കേതിക പഠനത്തിനായുള്ള സ്കൂളുകളിലായി 4800 സീറ്റുകളുമുണ്ട്.
ഇവയെല്ലാം ചേർന്നാലും മുപ്പതിനായിരത്തോളം പേർക്ക് ജില്ലയിൽ ഉപരിപഠനത്തിന് പൊതുവിദ്യാലയങ്ങളിൽ പ്രവേശനം ലഭിക്കാത്ത സ്ഥിതിയാണുള്ളത്. ഇവർക്ക് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരും. ഇവിടെയാകട്ടെ, കാപിറ്റേഷൻ, ട്യൂഷൻ ഫീസ് ഇനത്തിൽ നൽകേണ്ടി വരുന്നത് വൻതുകയാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, പരീക്ഷയിൽ കുറഞ്ഞ ഗ്രേഡ് ലഭിച്ച കുട്ടികൾക്ക് ഇതൊരു വലിയ സാമ്പത്തിക ബാധ്യതയായി മാറും.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി മലപ്പുറം ജില്ല അനുഭവിക്കുന്ന വലിയൊരു വിദ്യാഭ്യാസ പ്രതിസന്ധിയാണിത്. മലബാറിലെ ഒട്ടുമിക്ക ജില്ലകളിലും ഈ പ്രതിസന്ധി നിലനിൽക്കുന്നുമുണ്ട്. പൊതു വിദ്യാലയങ്ങളിൽ പ്രവേശനം ലഭിക്കാത്ത കുട്ടികളുടെ രക്ഷിതാക്കൾ കടം വാങ്ങി മക്കളെ സ്വകാര്യ വിദ്യാലയങ്ങളിൽ ചേർത്ത് മുന്നോട്ടു പോകുകയാണ് പതിവ്. അവരുടെ പരാധീനതകൾ ആരും അറിയുന്നില്ല.
സംസ്ഥാനത്തെ വിവിധ ജില്ലകൾക്ക് അനുവദിച്ച പ്ലസ് വൺ സീറ്റുകളിലെ അസന്തുലിതാവസ്ഥയാണ് ഈ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. ഒന്നര പതിറ്റാണ്ട് മുമ്പ് അനുവദിച്ച സീറ്റുകളുടെ എണ്ണത്തിൽ നിന്ന് കാര്യമായ മാറ്റമൊന്നും പിന്നീട് ഉണ്ടായിട്ടില്ല.
അതിനിടയിൽ, മലബാർ മേഖലയിൽ ജനസംഖ്യയിലുണ്ടായ വർധനയും പരീക്ഷയിലെ വിജയ ശതമാനത്തിലുണ്ടായ വർധനയും സർക്കാർ പരിഗണിച്ചിട്ടില്ല. ഒന്നര പതിറ്റാണ്ട് മുമ്പ് മലബാറിലെ ശരാശരി പത്താം ക്ലാസ് വിജയ ശതമാനം എഴുപതോടടുത്തായിരുന്നു. അന്ന് നിലവിലുണ്ടായിരുന്ന പ്ലസ് വൺ സീറ്റുകൾ, വിജയിക്കുന്ന വിദ്യാർഥികൾക്ക് ആനുപാതികമായിരുന്നു. എന്നാൽ ഇപ്പോൾ വിജയ ശതമാനം 99 ആയതോടെ തുടർപഠനം ആവശ്യമായ വിദ്യാർഥികളുടെ എണ്ണം വർധിക്കുകയും അതിന് ആവശ്യമായ സീറ്റുകളില്ലാത്ത പ്രതിസന്ധി വളരുകയുമാണ്. വിജയ ശതമാനം വർധിക്കുന്നതിനനുസരിച്ച് സീറ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്ന സാമാന്യ തത്വം കേരളത്തിൽ നടപ്പാകുന്നില്ല.
മലബാറിൽ ആവശ്യമായ സീറ്റുകളില്ലെന്ന പ്രശ്നം നിലനിൽക്കുമ്പോൾ, തെക്കൻ ജില്ലകളിൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുവെന്ന യാഥാർഥ്യവും നിലനിൽക്കുന്നു. മലബാറിൽ പ്ലസ് വൺ ക്ലാസുകളിൽ അമ്പതിലേറെ കുട്ടികളാണ് പഠിക്കുന്നത്. തെക്കൻ ജില്ലകളിൽ 25 കുട്ടികൾ പഠിക്കുന്ന ക്ലാസുകൾ നിരവധിയുണ്ട്.
വർഷങ്ങളായി തുടരുന്ന നിലയാണിത്. ഇക്കാര്യം വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിലും പരിഹാരത്തിനുള്ള ഫോർമുല ഇനിയും രൂപപ്പെട്ടിട്ടില്ല. തെക്കൻ ജില്ലകളിൽ അധികമുള്ള സീറ്റുകൾ മലബാറിലേക്ക് മാറ്റണമെന്ന ആവശ്യമുയരുന്നുണ്ട്. എന്നാൽ ഇത് എളുപ്പത്തിൽ നടക്കുന്നതുമല്ല. തെക്കൻ ജില്ലകളിൽ കുട്ടികളുടെ കുറവനുസരിച്ച് ഡിവിഷനുകൾ റദ്ദാക്കുമ്പോൾ അവിടെ നിയമിച്ച അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും കാര്യത്തിൽ തീരുമാനമെടുക്കേണ്ടതുണ്ട്. ഇത് എളുപ്പത്തിൽ പരിഹരിക്കാവുന്ന പ്രശ്നവുമല്ല.
മലബാർ ജില്ലകളിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർക്കെല്ലാം തുടർപഠനത്തിന് പൊതുവിദ്യാലയങ്ങളിൽ അവസരമൊരുക്കാൻ സർക്കാർ തയാറാകണം.
സ്വകാര്യ മേഖലയിൽ അവസരമുണ്ടെന്ന വാദം ക്ഷേമ സർക്കാരിന് ചേർന്നതല്ല. സ്വകാര്യ മേഖലക്ക് അനുമതി നൽകിയ പഴയ സർക്കാർ നയത്തെ രാഷ്ട്രീയത്തിന്റെ പേരിൽ കുറ്റപ്പെടുത്തി മുന്നോട്ടു പോകുന്നത് വിദ്യാർഥി സമൂഹത്തിന് ഗുണകരമാകില്ല.
എല്ലാ വർഷവും ഉയരുന്ന ഈ പ്രശ്്നം പരിഹരിക്കാൻ, നിലവിലുള്ള ബാച്ചുകളിൽ അധികം സീറ്റുകൾ അനുവദിക്കുന്ന നടപടിയാണ് സർക്കാർ അനുവർത്തിക്കുന്നത്. ഇത് ഒരോ ക്ലാസിലും കുട്ടികളുടെ എണ്ണം വർധിക്കുന്നതിനും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയുന്നതിനും മാത്രമേ സഹായിക്കൂ.
ഹയർ സെക്കണ്ടറി വിദ്യാലയങ്ങളിൽ പുതിയ ബാച്ചുകൾ അനുവദിച്ചും ഹൈസ്കൂളുകളെ ഹയർ സെക്കണ്ടറികളായി ഉയർത്തിയും മാത്രമേ ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്താനാകൂ. ഇതുമൂലമുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയുടെ പേരിൽ കുട്ടികളുടെ മെച്ചപ്പെട്ട വിദ്യാഭ്യാസത്തെ പ്രതിസന്ധിയിലാക്കുന്നത് ഭൂഷണമല്ല.
ഹയർ സെക്കണ്ടറി രംഗത്തെ പ്രശ്നങ്ങൾ പഠിക്കാനായി സർക്കാർ നിയോഗിച്ച കരുണാകരൻ നായർ സമിതിയുടെ റിപ്പോർട്ട് നടപ്പിലാക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.
തെക്കൻ ജില്ലകളിൽ അധികമുള്ള സീറ്റുകൾ മലബാറിലേക്ക് മാറ്റണമെന്ന പ്രധാന നിർദേശമാണ് ഈ റിപ്പോർട്ടിലുള്ളതെന്നാണ് പുറത്തു വന്നിട്ടുള്ള റിപ്പോർട്ടുകൾ. ഇത് നടപ്പാക്കിയാൽ മലബാറിലെ വിദ്യാഭ്യാസ പ്രതിസന്ധി ഒരു പരിധി വരെ പരിഹരിക്കപ്പെടും. സമിതിയുടെ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കി വർഷങ്ങളായി ഈ രംഗത്ത് നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടു വരേണ്ടതുണ്ട്.






