കാവേരി വാട്ടര്‍ അതോറിറ്റിയെ കര്‍ണാടക സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യും

തീരുമാനമെടുത്തത് സര്‍വകക്ഷി യോഗം
എം.പിമാര്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും

ബംഗളൂരു- കാവേരി മാനേജ്‌മെന്റ് അതോറിറ്റി രൂപീകരിച്ച കേന്ദ്ര നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കാന്‍ കര്‍ണാടക തീരുമാനിച്ചു. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗമാണ് തീരുമാനമെടുത്തത്. കാവേരി മാനേജ്‌മെന്റ് അതോറിറ്റി രൂപീകരിച്ചതായി കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പ്രശ്‌നം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് സംസ്ഥാനത്തെ എം.പിമാരും അറിയിച്ചു.
എതിര്‍പ്പ് പ്രകടിപ്പിച്ചു കൊണ്ടുതന്നെ മാനേജ്‌മെന്റ് അതോറിറ്റിയിലേക്ക് രണ്ട് ഉദ്യോഗസ്ഥരെ നിര്‍ദേശിച്ച് ഒരാഴ്ച കഴിഞ്ഞ ശേഷമാണ് കര്‍ണാടകയുടെ പുതിയ തീരുമാനം. ഈ വര്‍ഷാദ്യം സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ കാവേരി മാനേജ്‌മെന്റ് അതോറിറ്റി രൂപീകരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
ധൃതിപിടിച്ച് കമ്മിറ്റികള്‍ രൂപീകരിക്കരുതെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടും കേന്ദ്രം രണ്ട് കമ്മിറ്റികള്‍ രൂപീകരിച്ചുവെന്ന് കര്‍ണാടക ജലസേചന മന്ത്രി ഡി.കെ. ശിവകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കാവേരി മാനജ്‌മെന്റ് കമ്മിറ്റിയും റഗുലേഷന്‍ കമ്മിറ്റിയുമാണ് കേന്ദ്രം രൂപീകരിച്ചിരുന്നത്. തങ്ങള്‍ നിയോഗിച്ച രണ്ട് ഉദ്യോഗസ്ഥര്‍ ജൂലൈ രണ്ടിനുചേരുന്ന യോഗത്തില്‍ സംബന്ധിക്കുമെന്നും സംസ്ഥാനത്തിന്റെ നിലപാട് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രശ്‌നം പാര്‍ലമെന്റില്‍  ഉന്നയിക്കാന്‍ സംസ്ഥാനത്തെ എം.പിമാര്‍ സമ്മതിച്ചിട്ടുണ്ട്. കാവേരി പദ്ധതി പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് സമര്‍പ്പിക്കാന്‍ കേന്ദ്രം ബാധ്യസ്ഥമാണെങ്കിലും അതുവരെ കാത്തുനില്‍ക്കാന്‍ സംസ്ഥാനം തയാറല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കൂടിയായ മന്ത്രി ശിവകുമാര്‍ പറഞ്ഞു.
സുപ്രീം കോടതിയെ സമീപിക്കാന്‍ മോഹാന്‍ കതര്‍ക്കി, ഫാലി നരിമാന്‍ എന്നിവര്‍ക്കു പുറുമെ, സംസ്ഥാനത്തെ അഡ്വക്കേറ്റ് ജനറലിനെ കൂടി ഉള്‍പ്പെടുത്തി അഭിഭാഷക സംഘത്തെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം നല്ല മഴ ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കര്‍ണാടകയിലെ നാല് അണക്കെട്ടുകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. കബനി അണക്കെട്ട് ഏതാണ്ട് പൂര്‍ണമായി നിറഞ്ഞു. കൃഷ്ണരാജ് സാഗര്‍, ഹാരംഗി, ഹേമാവതി അണക്കെട്ടുകളും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ജലവിതാനം ഉയര്‍ന്ന നിലയിലാണ്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്ദിയൂരപ്പയടക്കം നിരവധി എം.പിമാരും എം.എല്‍.മാരും സര്‍വകക്ഷി യോഗത്തില്‍ സംബന്ധിച്ചു. എന്നാല്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ ഏകോപനസമിതി ചെയര്‍മാനുമായി സിദ്ധരാമയ്യ യോഗത്തിനെത്തിയില്ല. സിദ്ധരാമയ്യയുടെ മകനും കന്നി എം.എല്‍.എയുമായ യതീന്ദ്ര സംബന്ധിച്ചിരുന്നു. സിദ്ധരാമയ്യയുടെ അസാന്നിധ്യം മുന്നണിയില്‍ തുടരുന്ന അഭിപ്രായ ഭിന്നതകളുമായി കൂട്ടിവായിക്കുന്ന നിരീക്ഷകരുണ്ട്. സര്‍വകക്ഷി യോഗത്തില്‍ സംബന്ധിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് കൂടിയായ സിദ്ധരാമയ്യ നേതാക്കളെ അറിയിച്ചിരുന്നുവെന്ന് മന്ത്രി ശിവകുമാര്‍ പറഞ്ഞു. നേരത്തെ നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാലാണ് സിദ്ധരാമയ്യ പങ്കെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

 

Latest News