അബുദാബിയില്‍ വീടിന് തീപ്പിടിച്ച് ആറു മരണം, ഏഴു പേര്‍ക്ക് പരിക്ക്

അബുദാബി- യു.എ.ഇയില്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ ആറു പേര്‍ മരിച്ചു. അബുദാബി മുഅസാസ് മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്ത തീപിടുത്തത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പാരാമെഡിക്കല്‍ ജീവനക്കാരും പോലീസും സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് അതോറിറ്റി അറിയിച്ചു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് മാത്രം വിവരങ്ങള്‍ നേടാനും സംഭവത്തെക്കുറിച്ചുള്ള കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും അതോറിറ്റി അഭ്യര്‍ഥിച്ചു.
കഴിഞ്ഞ മാസം, ദുബായിലെ അല്‍ റാസിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ വന്‍ തീപിടിത്തത്തില്‍ 16 പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

 

Latest News