Sorry, you need to enable JavaScript to visit this website.

നിഫ്റ്റി, സെൻസെക്‌സ് സൂചികകൾ പ്രതിവാര നഷ്ടത്തിൽ

നിഫ്റ്റി സൂചികക്ക് വിൽപന സമ്മർദത്തിന് മുന്നിൽ കാലിടറി. മുൻവാരം സൂചിപ്പിച്ച 18,449 പോയന്റിലെ പ്രതിരോധം തകർക്കാൻ നടത്തിയ ശ്രമത്തിനിടയിൽ 18,450 റേഞ്ചിൽ സൂചികയുടെ കാലിടറിയത് ഫണ്ടുകളെ പ്രോഫിറ്റ് ബുക്കിങിലേയ്ക്ക് തിരിയാൻ പ്രേരിപ്പിച്ചു. നിഫ്റ്റി സൂചിക 111 പോയന്റും സെൻസെക്‌സ് 298 പോയന്റും പ്രതിവാര നഷ്ടത്തിലാണ്.   
എപ്രിൽ ആദ്യം നിഫ്റ്റി 17,200 റേഞ്ചിൽ നീങ്ങിയ അവസരത്തിൽ പുതിയ നിക്ഷേപങ്ങൾക്ക് ഉത്സാഹിച്ച ആഭ്യന്തര ഫണ്ടുകൾ സൂചിക 18,200 പോയന്റ് കടന്നതോടെ പ്രോഫിറ്റ് ബുക്കിങിന് കാണിച്ച താൽപര്യം സാങ്കേതിക തിരുത്തലുകൾക്ക് ഇടയാക്കി. മുൻവാരത്തിലെ 18,314 ൽ നിന്നും കഴിഞ്ഞ ലക്കം സൂചിപ്പിച്ച പ്രതിരോധമായ 18,449 ലക്ഷ്യമാക്കി നീങ്ങിയ സൂചികയ്ക്ക് ഈ മേഖലയിൽ സമ്മർദം നേരിട്ടത് തിരുത്തലിന് ഇടയാക്കി. ഇതോടെ 18,060 ലേയ്ക്ക് ഇടിഞ്ഞ സൂചിക വാരാന്ത്യം 18,203 ലാണ്. വ്യാഴാഴ്ച നടക്കുന്ന മെയ് സീരീസ് സെറ്റിൽമെന്റിന് മുന്നോടിയായി  കവറിങിന് ഓപറേറ്ററർമാർ നീക്കം നടത്തും.
ഇന്ന് ഓപണിങ് വേളയിൽ സൂചിക മുന്നേറാം. നിഫ്റ്റിക്ക് ആദ്യ മണിക്കൂറിൽ 18,249 റേഞ്ചിലെ തടസ്സം ഭേദിക്കാനായാൽ 18,342-18,413 നെ തുടർന്നുള്ള ദിവസങ്ങളിൽ ലക്ഷ്യമാക്കാം. വിൽപന സമ്മർദമുണ്ടായാൽ 18,026 ൽ ആദ്യ സപ്പോർട്ട്, ഇത് നിലനിർത്താനായില്ലെങ്കിൽ 17,925-17,849 വരെ തിരുത്തലിന് സാധ്യത. 
ബോംബെ സൂചിക 62,027 ൽനിന്നുള്ള കുതിപ്പിൽ 62,559 വരെ കയറ്റി. ഈ അവസരത്തിൽ അനുഭവപ്പെട്ട വിൽപന സമ്മർദം മൂലം ഏകദേശം 1300 പോയന്റ് ഇടിഞ്ഞ് 61,251 പോയന്റ് താഴ്ന്ന ശേഷം മാർക്കറ്റ് ക്ലോസിങിൽ 61,729 പോയന്റിലാണ്. ഈ വാരം 61,133 സപ്പോർട്ട് നിലനിർത്തി 62,441 ലേയ്ക്ക് തിരിച്ചുവരവിന് ശ്രമം നടത്താം. 
മുൻനിര ഓഹരികളായ സൺ ഫാർമ, സിപ്ല, ഡോ. റെഡീസ്, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, മാരുതി, ടാറ്റാ സ്റ്റീൽ, ബജാജ് ഓട്ടോ, റ്റി സി എസ്, ആർ ഐ എൽ, ടാറ്റാ സ്റ്റീൽ തുടങ്ങിയവക്ക് തിരിച്ചടി നേരിട്ടു. ഐ സി ഐ സി ഐ ബാങ്ക്, ടാറ്റാ മോട്ടേഴ്‌സ്, എയർ ടെൽ, ടെക് മഹീന്ദ, ഇൻഡസ് ബാങ്ക് ഓഹരി വിലകൾ ഉയർന്നു. 
ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 81.15 ൽ നിന്നും 82.89 ലേയ്ക്ക് ദുർബലമായെങ്കിലും വാരാന്ത്യം നിരക്ക് 82.66 ലാണ്. രൂപ 82-83.26 റേഞ്ചിലേയ്ക്ക് ഇടിയാൻ സാധ്യത. 83.26 ലെ പ്രതിരോധം തകർന്നാൽ ജൂൺ, ജൂലൈയിൽ രൂപയുടെ മൂല്യം 84 ലേയ്ക്ക് ദുർബലമാകാം.  
വിദേശ ഓപറേറ്റർമാർ 4211 കോടി രൂപ പോയവാരം നിക്ഷേപിച്ചു. മേയിലെ മൊത്തം നിക്ഷപം 17,376 കോടി രൂപയാണ്. മാർച്ചിൽ അവർ 1997 കോടി രൂപയും ഏപ്രിലിൽ 5711  കോടി രൂപയും ഓഹരിയിൽ ഇറക്കി. ആഭ്യന്തര ഫണ്ടുകൾ പോയവാരം 1262 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതിനൊപ്പം 1940 കോടി രൂപയുടെ വിൽപന നടത്തി.
ആഗോള സ്വർണ വിപണി സാങ്കേതിക തിരുത്തലിന്റെ പിടിയിൽ. ഈ വാരം 2000 ഡോളറിലെ നിർണായക സപ്പോർട്ട് നഷ്ടപ്പെട്ടാൽ സ്വാഭാവികമായും 1954 ലെ താങ്ങിലേയ്ക്ക് പരീക്ഷണങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് കഴിഞ്ഞ വാരം സൂചിപ്പിച്ചത് ശരിവെച്ച് നിരക്ക് ഇടിഞ്ഞു. വിൽപന സമ്മർദത്തിൽ സ്വർണം 2010 ഡോളറിൽ നിന്നും 1951 ഡോളർ വരെ ഇടിഞ്ഞു. അതായത് ഇനി 1860 റേഞ്ചിലേയ്ക്ക് സാങ്കേതിക തിരുത്തൽ തുടരാനുള്ള സാധ്യതകളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. വാരാന്ത്യം നിരക്ക് 1977 ഡോളറിലാണ്.   


 

Latest News