Sorry, you need to enable JavaScript to visit this website.

മുത്തൂറ്റ് ഫിനാൻസിന് 1009 കോടി രൂപ സംയോജിത അറ്റാദായം

ജോർജ് ജേക്കബ് മുത്തൂറ്റ്

ബാങ്കിതര ധനകാര്യ സേവനദാതാക്കളായ മുത്തൂറ്റ് ഫിനാൻസ് കഴിഞ്ഞ സാമ്പത്തിക വർഷം (2022-23) മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ 1009 കോടി രൂപ സംയോജിത അറ്റാദായം നേടി. തൊട്ടു മുൻപത്തെ വർഷം ഇതേ കാലയളവിൽ അറ്റാദായം 1006 കോടി രൂപയായിരുന്നു. 0.30 ശതമാനം വർധന.
മൂന്നാം പാദത്തിലെ 934 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ സംയോജിത ലാഭം 8 ശതമാനം കൂടി. നാലാം പാദത്തിൽ മുത്തൂറ്റ് ഫിനാൻസിന്റെ മാത്രം ലാഭം 903 കോടി രൂപയാണ്. ഗ്രൂപ്പ് കൈകാര്യം ചെയ്യുന്ന സംയോജിത വായ്പ ആസ്തികൾ വാർഷികാടിസ്ഥാനത്തിൽ 11 ശതമാനം വർധനയോടെ 71,497 കോടി രൂപയിലെത്തി. മുൻ സാമ്പത്തിക വർഷം ഇത് 64,494 കോടി രൂപയായിരുന്നു.
സ്വർണ പണയ വായ്പകളിൽ ചരിത്രത്തിലെ തന്നെ റെക്കോർഡ് വളർച്ചയാണ് മുത്തൂറ്റ് ഫിനാൻസ് രേഖപ്പെടുത്തിയത്. 51,850 കോടി രൂപയുടെ സ്വർണ പണയ വായ്പകൾ ഇക്കാലയളവിൽ വിതരണം ചെയ്തു. സ്വർണവായ്പ വിഭാഗത്തിൽ നേതൃസ്ഥാനം നിലനിർത്തി വിവിധ വായ്പ ഉൽപന്നങ്ങൾ അവതരിപ്പിച്ചുകൊണ്ട് ഉപഭോക്തൃ അടിത്തറ വിപുലീകരിക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ് ജേക്കബ് മുത്തൂറ്റ് അറിയിച്ചു.
ചെറുകിട ബിസിനസ് ലോണുകളും മൈക്രോ പേഴ്‌സണൽ ലോണുകളും പോലുള്ള പുതിയ വായ്പ മേഖലകളിലേക്ക് കടന്നു. 2023þ-24 സാമ്പത്തിക വർഷം 1015 ശതമാനം വളർച്ചയാണ് വായ്പയിൽ കമ്പനി ലക്ഷ്യമിടുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 22 രൂപ ലാഭവീതം നൽകാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഈ വർഷം മാർച്ച് 31 വരെയുള്ള കണക്കുപ്രകാരം 5838 ശാഖകളാണ് മുത്തൂറ്റ് ഫിനാൻസിനുള്ളത്. ഇതിൽ 259 എണ്ണം കഴിഞ്ഞ സാമ്പത്തിക വർഷം പ്രവർത്തനമാരംഭിച്ചവയാണ്.
 

Latest News