കാട്ടാന ചരിഞ്ഞ സംഭവം: ഒളിവിൽ പോയ ഗൃഹനാഥനായി തെരച്ചിൽ ശക്തമാക്കി

കൊല്ലം-പുന്നല കടശ്ശേരിയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയെയും ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടറായ മകളും പുനലൂർ വനം കോടതിയിൽ ഹാജരായി റിമാന്റ് ചെയ്‌തെങ്കിലും ഒളിവിൽ കഴിയുന്ന ഗൃഹനാഥനായ പുന്നല ചെളിക്കുഴി തെക്കേക്കര പുത്തൻവീട്ടിൽ ശിവദാസനായി തെരച്ചിൽ ശക്തമാക്കി.
വനം വകുപ്പിന്റെ പിടിയിലായ ഭാര്യ പി.സുശീല (63),മകൾ ചാരുമ്മൂട് ബി.എസ്.എൻ.എൽ ക്വാർട്ടേഴ്‌സിൽ താമസക്കാരിയായ സ്മിത (39) എന്നിവരെ കോടതി റിമാൻഡ് ചെയ്തിരുന്നു. 
സ്മിത ചുനക്കര വെറ്റിനറി ഡിസ്പൻസറി കോമല്ലൂർ സബ് സെന്ററിന്റെ ചാർജ് വഹിക്കുന്ന ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടറാണ്.സംഭവത്തിലെ ഒന്നാം പ്രതിയായ ശിവദാസൻ ഇപ്പോഴും ഒളിവിലാണ്. വനാതിർത്തിയോട് ചേർന്ന ഇവരുടെ പുരയിടത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം ആനയുടെ ജഡം കണ്ടെത്തിയത്. പത്തനാപുരം റെയിഞ്ചിലെപുന്നല ഫോറസ്റ്റ് സ്റ്റേഷനിൽ പരിധിയിൽ കടശ്ശേരി ചെളിക്കുഴി വനാതിർത്തിയിൽ വച്ച് കാട്ടാനയെ ഷോക്കേൽപിച്ച് കൊല്ലുന്നതിനായി ഇലക്ട്രിക് കമ്പികൾ സ്ഥാപിച്ചത് ശിവദാസൻ,ഭാര്യ സുശീല, മകൾ 
സ്മിത എന്നിവരാണെന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു. ഇതെ തുടർന്നാണ് രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഭവശേഷം കമ്പികൾ സ്ഥലത്തു നിന്നും അഴിച്ചുമാറ്റി ഒളിപ്പിച്ചു വച്ചത് സുശീലയും സ്മിതയും ചേർന്നാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അടൂർ ചാരുമ്മൂട് ക്വാർട്ടേഴ്‌സിൽ നിന്നുമാണ് സ്മിതയെ പത്തനാപുരം റെയിഞ്ച് ഫോറസ്റ്റ് ഓഫാസറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.പ്രതികളെ ആനയെ കൊലപ്പെടുത്തിയ സ്ഥലത്തും സമീപപ്രദേശങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.സംഭവത്തിനായി ഉപയോഗിച്ച ആയുധങ്ങളായ ഇലക്ട്രിക്ക് വയറുകളും കമ്പികളും കണ്ടെടുത്തുണ്ട്.വനംവകുപ്പും വെറ്റിനറി വിഭാഗവും നടത്തിയ പരിശോധനയിൽ ആനയുടെ കാലുകളിലും ശരീരത്തും തുമ്പിക്കൈയിലും വൈദ്യുതി കമ്പികൾ ഉരഞ്ഞ് ഷോക്കേറ്റതിന്റെ പാടുകൾ കണ്ടെത്തിയിരുന്നു.പാലോട് ജന്തുരോഗ കേന്ദ്രത്തിലെ രണ്ട് ഡോക്ടർമാരും വനംവകുപ്പിന്റെ രണ്ട് വെറ്റിനറി ഡോക്ടർമാരും ചേർന്ന് പോസ്റ്റുമോർട്ടം നടപടികൾ നടത്തിയത്.സംഭവത്തിൽ അസ്വഭാവിക മരണത്തിന് വനംവകുപ്പ് കേസെടുത്ത് അന്ന് തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. ശിവദാസനെ സഹായിച്ച ഇലക്ട്രീഷ്യനെ കുറിച്ചും പോലിസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതികൾക്ക് ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചേർത്തിട്ടുള്ളത്.
 

Latest News