ജീവനക്കാരെ കിട്ടാതെ എയര്‍ ഇന്ത്യ വിമാനം മുടങ്ങി; യാത്രക്കാര്‍ വലഞ്ഞത് ആറ് മണിക്കൂര്‍

ന്യൂദല്‍ഹി- ദല്‍ഹി ഇന്ദിരാഗാന്ധി അന്താരഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കൊച്ചി വഴി ദുബായിലേക്കു പറക്കാനിരുന്ന എയര്‍ ഇന്ത്യ വിമാനം ജീവനക്കാര്‍ എത്താത്തതിനെ തുടര്‍ന്ന് ആറു മണിക്കൂറോളം വൈകി. മതിയായ എണ്ണം ജീവനക്കാരെ കിട്ടാത്തതു മൂലമാണ് വിമാനം വൈകുന്നതെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇതോടെ 170 യാത്രക്കാരാണ് വലഞ്ഞത്. ശനിയാഴ്ച പുലര്‍ച്ചെ 5.10-ന് പറന്നുയരേണ്ട എയര്‍ ഇന്ത്യയുടെ എഐ 933 വിമാനമാണ് മുടങ്ങിയത്. 

ഒടുവില്‍ ജീവനക്കാര്‍ എത്തിയതോടെ 11 മണിക്കാണ് വിമാനം ദല്‍ഹിയില്‍ നിന്ന് പറന്നുയര്‍ന്നത്. വിമാനം വൈകിയത് കൊച്ചിയില്‍ ദുബായിലേക്കു പറക്കാന്‍ കാത്തിരുന്ന യാത്രക്കാരേയും വലച്ചു. യാത്രക്കാര്‍ ട്വിറ്ററില്‍ പ്രതിഷേധം അറിയിച്ചതോടെ ക്ഷമാപണവുമായി എയര്‍ ഇന്ത്യയുടെ ട്വീറ്റ് ചെയ്തു. 

വെള്ളിയാഴ്ച രാത്രി ദല്‍ഹിയില്‍ നിന്നും ടോക്യോയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന്റെ എസി തകരാറായതിനെ തുടര്‍ന്ന് ഏഴു മണിക്കൂര്‍ യാത്ര വൈകിയിരുന്നു. വെള്ളിയാഴ്ച രാത്രി 9.15-ന് പുറപ്പെടേണ്ട ഈ വിമാനം 171 യാത്രക്കാരുമായി ശനിയാഴച പുലര്‍ച്ചെ നാലു മണിക്കാണ് യാത്ര തിരിച്ചത്.
 

Latest News