നേഴ്‌സ് റെയിൽ പാളത്തിൽ കൊല്ലപ്പെട്ടതിന് പിന്നിൽ പ്രണയപ്പക; ഡോക്ടറും വാർഡനും അറസ്റ്റിൽ, ഫാർമസിസ്റ്റ് ഒളിവിൽ   

ലക്‌നൗ - നേഴ്‌സിനെ റെയിൽ പാളത്തിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ഡോക്ടർ അടക്കം രണ്ടു പ്രതികൾ അറസ്റ്റിൽ. ഒരാളെ കൂടി പിടികൂടാനുണ്ടെന്നും ഊർജിതമായ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
 കഴിഞ്ഞ ഏപ്രിൽ പത്തിനാണ് ലക്‌നൗവിലെ റഹീമാബാദിലെ റെയിൽവേ ട്രാക്കിൽ നേഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ ആയുർവേ ഡോക്ടറും വാർഡ് ബോയും ഫാർമസിസ്റ്റുമാണെന്നും പ്രണയപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതികളെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരമെന്ന് പോലീസ് പറഞ്ഞു.
  ദുബഗ്ഗ ആശുപത്രിയിലെ ഡോ. അങ്കിത്, വാർഡ് ബോയ് റഹീമാബാദ് സ്വദേശി അമിത് അവസ്തി എന്നിവരാണ് അറസ്റ്റിലായത്. ഫാർമസിസ്റ്റ് ദിനേശ് മൌര്യ എന്ന പ്രതി ഒളിവിലാണ്. ഫോൺ കോളുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഡോക്ടർ ഉൾപ്പെടെ മൂന്ന് പേരുമായും നേഴ്‌സ് പ്രണയത്തിലായിരുന്നുവെന്നും വിശ്വാസവഞ്ചന മനസ്സിലായതോടെ മൂവരും ചേർന്ന് യുവതിയെ കൊലപ്പെടുത്തുകയാണുണ്ടായതെന്നുമാണ് പ്രതികൾ പറഞ്ഞത്.  റെയിൽവേ പാളത്തിന് സമീപത്തേക്ക് യുവതിയെ വിളിച്ചുവരുത്തിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് തെളിവ് നശിപ്പിക്കാനായി മൃതദേഹം ട്രാക്കിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതികൾ മൊഴി നൽകിയതായി പോലീസ് പറഞ്ഞു. 

Latest News