ബരാക് ഒബാമ കരിമ്പട്ടികയില്‍,  റഷ്യയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല 

മോസ്‌കോ-മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുള്‍പ്പെടെ 500 യു.എസ്. പൗരര്‍ തങ്ങളുടെ രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി റഷ്യ.ബൈഡന്‍ ഭരണകൂടം റഷ്യക്കെതിരേ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ക്കുള്ള മറുപടിയാണിത്. റഷ്യന്‍ വിദേശകാര്യമന്ത്രാലയമാണ് 500 പേരുടെ കരിമ്പട്ടിക പുറത്തുവിട്ടത്. റഷ്യക്കെതിരേ ശത്രുതാപരമായി സ്വീകരിക്കുന്ന ഒരു ചെറിയ നടപടിക്കുപോലും തിരിച്ചടി നേരിടേണ്ടിവരുമെന്ന പാഠം അമേരിക്ക നേരത്തേ പഠിക്കേണ്ടതായിരുന്നുവെന്ന് മന്ത്രാലയം വ്യക്തമാക്കി. ഒബാമയെക്കൂടാതെ അമേരിക്കന്‍ ടെലിവിഷന്‍ അവതാരകരായ സ്റ്റീഫന്‍ കോള്‍ബെര്‍ട്ട്, ജിമ്മി കിമ്മെല്‍, എറിന്‍ ബര്‍ണട്ട് (സി.എന്‍.എന്‍.), റേച്ചല്‍ മാഡോ, ജോ സ്‌കാര്‍ബൊറോ (എം.എസ്.എന്‍.ബി.സി.) തുടങ്ങിയ പ്രമുഖരും പട്ടികയിലുണ്ട്. കൂടാതെ യു.എസ്. കോണ്‍ഗ്രസ് അംഗങ്ങളും ഉക്രൈന് ആയുധസഹായം നല്‍കിയ കമ്പനികളുടെ മേധാവികളും പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്.റഷ്യാ വിരുദ്ധതയ്ക്കും ഉക്രൈന്‍ വിഷയത്തില്‍ റഷ്യക്കെതിരേ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന്റെ പേരിലുമാണ് നടപടിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഉക്രൈന്‍ യുദ്ധത്തിനുത്തരവാദിയായ റഷ്യയെ ശിക്ഷിക്കുന്നതിന്റെ ഭാഗമായി നൂറിലധികം റഷ്യന്‍ കമ്പനികള്‍ക്കും വ്യക്തികള്‍ക്കും വെള്ളിയാഴ്ച യു.എസ് ഉപരോധമേര്‍പ്പെടുത്തിയിരുന്നു.

Latest News