ഖത്തറിനെതിരായ നടപടി ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയെന്ന് യു.എ.ഇ

ദുബായ്- ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനാണ് ഖത്തറിനെതിരെ യു.എ.ഇ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതെന്ന് അന്താരാഷ്ട്ര കോടതിയില്‍ പറഞ്ഞു. ഈ നടപടികള്‍ സാധാരണക്കാരായ ഖത്തര്‍ പൗരന്മാരെയും പരസ്പരം കുടുംബ ബന്ധമുള്ള യു.എ.ഇ-ഖത്തര്‍ കുടുംബങ്ങളിലെ അംഗങ്ങളെയും ദോഷകരമായി ബാധിക്കാതിരിക്കുന്നതിനുള്ള ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ടെന്നു യു.എ.ഇ സംഘം പറഞ്ഞു.
2018 ജൂണ്‍ മധ്യം മുതല്‍ യു.എ.ഇയില്‍ 2194 ഖത്തരികള്‍ കഴിയുന്നതിനുള്ള തെളിവ് യു.എ.ഇ അന്താരാഷ്ട്ര കോടതിക്ക് കൈമാറി. 2017 ജൂണ്‍ അഞ്ചിനു മുമ്പ് യു.എ.ഇ സന്ദര്‍ശിച്ചിരുന്ന ഖത്തരികളുടെ എണ്ണത്തിന് ഏറെക്കുറെ സമാനമാണിത്. ഖത്തരികള്‍ യു.എ.ഇയിലേക്കും തിരിച്ചും പൂര്‍ണ സ്വാതന്ത്ര്യത്തോടെ പണം അയക്കുന്നുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 2017 ജൂണ്‍ മുതല്‍ 2018 ഏപ്രില്‍ വരെയുള്ള കാലത്ത് യു.എ.ഇയിലേക്ക് ഖത്തരി പൗരന്മാര്‍ 2646 കോടി ദിര്‍ഹമും യു.എ.ഇയില്‍നിന്ന് 1574 കോടി ദിര്‍ഹമും അയച്ചതിന്റെ തെളിവുകള്‍ യു.എ.ഇ കോടതിക്ക് സമര്‍പ്പിച്ചു. യു.എ.ഇയിലെ ഖത്തരി പൗരന്മാര്‍ക്ക് തങ്ങളുടെ പണവും നിക്ഷേപങ്ങളും സ്വതന്ത്രമായി കൈകാര്യം ചെയ്യുന്നതിന് അവകാശമുണ്ട്. ഗള്‍ഫ് പ്രതിസന്ധി പ്രത്യക്ഷപ്പെട്ട ശേഷം ഖത്തര്‍ കമ്പനികള്‍ക്ക് യു.എ.ഇ ഏജന്‍സികള്‍ നല്‍കിയ ലൈസന്‍സുകളുടെ കോപ്പികള്‍ യു.എ.ഇ കോടതിയില്‍ സമര്‍പ്പിച്ചു. ഖത്തരികള്‍ക്ക് യു.എ.ഇയില്‍ ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നുണ്ട്. യു.എ.ഇ പൊതുമേഖലാ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ സേവനങ്ങള്‍ ഇവര്‍ക്ക് ഇപ്പോഴും ലഭിക്കുന്നതിനുള്ള തെളിവുകളും യു.എ.ഇ സംഘം അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ സമര്‍പ്പിച്ചു.
ഖത്തറിന്റെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പ്രതിസന്ധിക്കുള്ള പരിഹാരം ഖത്തറിന്റെ കൈകളില്‍ തന്നെയാണ്. ഭീകരര്‍ക്കും ഭീകര സംഘടനകള്‍ക്കും അഭയവും സഹായങ്ങളും നല്‍കുന്നത് നിര്‍ത്തിവെക്കുന്നതിന് ബന്ധപ്പെട്ട അന്താരാഷ്ട്ര ഏജന്‍സികളുമായി ഖത്തര്‍ ഏകോപനം നടത്തണം. അല്‍ഖാഇദ, അല്‍നുസ്‌റ ഫ്രന്റ്, ഐ.എസ്, മുസ്‌ലിം ബ്രദര്‍ഹുഡ് അടക്കമുള്ള ഭീകര സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കും ഖത്തര്‍ ഇപ്പോഴും പിന്തുണ നല്‍കുന്നു. ഈ സംഘടനകള്‍ക്കുള്ള ഖത്തറിന്റെ പിന്തുണ ലിബിയ, സിറിയ, സോമാലിയ അടക്കം നിരവധി രാജ്യങ്ങളെ ദോഷകരമായി ബാധിക്കുകയാണ്.
ഖത്തരികളെ യു.എ.ഇയില്‍ നിന്ന് പുറത്താക്കല്‍, ആരോഗ്യ സേവനങ്ങള്‍ നിഷേധിക്കല്‍, ഖത്തറിനോട് അനുഭാവം പ്രകടിപ്പിച്ച് പ്രസ്താവനകള്‍ നടത്തുന്നത് ക്രിമിനല്‍ കുറ്റമാക്കല്‍ എന്നിവ അടക്കം ഗുരുതരമായ വംശീയ വിവേചന നടപടികള്‍ ഖത്തരികള്‍ക്കെതിരെ യു.എ.ഇ സ്വീകരിക്കുന്നതായി ഖത്തറിന്റെ അഭിഭാഷകര്‍ ബുധനാഴ്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പതിനാറംഗ ബെഞ്ചിനു മുന്നില്‍ വാദിച്ചിരുന്നു.
 

Latest News