അച്ഛനുനേരെ തുപ്പാന്‍ പറഞ്ഞത് വേദനയായി; കേരള സ്റ്റോറി അനുഭവം പറഞ്ഞ് നടി സോണിയ ബാലാനി

മുംബൈ- ദി കേരള സ്റ്റോറിയുടെ വിജയം ആഘോഷിക്കാനുള്ള മൂഡിലല്ലെന്ന് ചിത്രത്തില്‍ അഭിനയിച്ച സോണിയ ബാലാനി. ഇതൊരു യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കിയെടുത്ത സിനിമ ആയതിനാലാണ് ആഘോഷിക്കാന്‍ മൂഡില്ലാത്തതെന്ന് നടി ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കോമഡി ആയിരുന്നെങ്കില്‍ ഏറെ ആഹ്ലാദിക്കാമായിരുന്നുവെന്നും കേരള സ്‌റ്റോറിയില്‍ ആസിഫ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സോണിയ പറഞ്ഞു.
സിനിമയുടെ ചിത്രീകരണത്തിനിടെ വേദനാജനകമായ എന്തെങ്കിലും ഓര്‍മ്മകളുണ്ടോ എന്ന ചോദത്തിന് ഉണ്ടെന്നായിരുന്നു മറുപടി.  തന്റെ കഥാപാത്രം സഹനടിയുടെ കഥാപാത്രത്തോട് അച്ഛനുനേരെ തുപ്പാന്‍ പറഞ്ഞപ്പോള്‍ അത് തന്നെ ബാധിച്ചുവെന്ന് അവര്‍ പറഞ്ഞു. എന്റെ സ്വന്തം പിതാവുമായി എനിക്ക് വളരെ അടുപ്പമുണ്ട്... അതാണ് വേദനയായി മാറാന്‍ കാരണമെന്നും നടി കൂട്ടിച്ചേര്‍ത്തു.
സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ സംവിധായകന്‍ സുദീപ്‌തോ  ചിത്രങ്ങളും വീഡിയോകളുമൊക്കെ കാണിച്ചിരുന്നു. ഉപരിപഠനത്തിന് പോയവര്‍ക്കാണ് ഇങ്ങനെ സംഭവിച്ചതെന്ന് അറിഞ്ഞപ്പോള്‍ ആകെ വിഷമം തോന്നി. അത് എന്നെ വളരെ ഞെട്ടിക്കുകയും ബാധിക്കുകയും ചെയ്തു.
സിനിമയുടെ ചിത്രീകരണത്തിനു മുമ്പ് എല്ലാം പഠിപ്പിക്കാന്‍
ശില്‍പശാല ഉണ്ടായിരുന്നു. ഒരു മലയാളി കോച്ചാണ് എല്ലാം പഠിപ്പിച്ചത്. നമസ്‌കരിക്കാനും ഹിജാബ് ധരിക്കാനുമൊക്കെ അങ്ങനെയാണ് പഠിച്ചത്.   സുദീപ്‌തോ ഒരുപാട് സഹായിച്ചുവെന്നും നടി പറഞ്ഞു.

 

Latest News