Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ലെവി അടക്കാന്‍ ഇനി ഒരു മാസം മാത്രം; മുന്നറിയിപ്പുമായി അധികൃതര്‍

റിയാദ് - ലെവി ഇന്‍വോയ്‌സ് പ്രകാരമുള്ള കുടിശ്ശിക അടയ്ക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അനുവദിച്ച ആറു മാസത്തെ സാവകാശം അവസാനിക്കാന്‍ ഇനി  ഒരു മാസം മാത്രം. ലെവി ഇന്‍വോയ്‌സ് അടയ്ക്കുന്നതിന് അനുവദിച്ച സാവകാശം ഓഗസ്റ്റ് ഒന്നിന് അവസാനിക്കും. ഇതിനകം ലെവി കുടിശ്ശിക അടയ്ക്കാത്ത സ്ഥാപനങ്ങള്‍ക്ക് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തില്‍ നിന്നുള്ള മുഴുവന്‍ സേവനങ്ങളും നിര്‍ത്തിവെക്കും. വരുമാന സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിനും സൗദികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും ശ്രമിച്ചാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ലെവി ബാധകമാക്കിയിരിക്കുന്നത്.
സ്വകാര്യ മേഖലയുടെ പ്രയാസം കണക്കിലെടുത്ത് ലെവി അടയ്ക്കുന്നതിന് ആറു മാസത്തെ സാവകാശം നല്‍കുകയായിരുന്നു. താല്‍പര്യമുള്ള സ്ഥാപനങ്ങള്‍ക്ക് ലെവി മൂന്നു തവണകളായി അടയ്ക്കുന്നതിനും മന്ത്രാലയം സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദേശ തൊഴിലാളികളെ ഹുറൂബാക്കുന്നതു മൂലമോ അവരുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുന്നതു മൂലമോ ലെവി ഇന്‍വോയ്‌സ് ഇല്ലാതാകില്ല. ജനുവരി ഒന്നിന് സ്വകാര്യ സ്ഥാപനങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള മുഴുവന്‍ വിദേശ തൊഴിലാളികളുടെയും വര്‍ക്ക് പെര്‍മിറ്റില്‍ ഈ വര്‍ഷം എത്ര കാലാവധിയാണോ ശേഷിക്കുന്നത് എങ്കില്‍ അത്രയും കാലത്തേക്ക് ഉയര്‍ത്തിയ ലെവി അനുസരിച്ച തുകക്കുള്ള ഇന്‍വോയ്‌സ് ആണ് സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ജനുവരി ഒന്നിനു ശേഷം തൊഴിലാളികളെ ഹുറൂബാക്കുകയോ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുകയോ ചെയ്യുക വഴി ലെവി ഇന്‍വോയ്‌സ് അടയ്ക്കാതെ രക്ഷപ്പെടുന്നതിന് സാധിക്കില്ല. ജനുവരി ഒന്നിനു മുമ്പായി ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുകയോ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുകയോ ചെയ്ത വിദേശ തൊഴിലാളികളുടെ ലെവി ഇന്‍വോയ്‌സില്‍ കണക്കാക്കില്ല.
ജനുവരി ഒന്നു മുതല്‍ സ്വകാര്യ സ്ഥാപനങ്ങളിലും കമ്പനികളിലുമുള്ള വിദേശികള്‍ക്കു മാത്രമാണ് പുതിയ നിരക്കിലുള്ള ലെവി കണക്കാക്കി ഇന്‍വോയ്‌സ് ഇഷ്യൂ ചെയ്തിരിക്കുന്നത്. പതിനായിരം റിയാലില്‍ കുറവാണെങ്കില്‍ ലെവി ഇന്‍വോയ്‌സ് തുക ഗഡുക്കളായി അടയ്ക്കുന്നതിന് കഴിയില്ല. സ്വകാര്യ വ്യവസായികള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ലെവി ഇന്‍വോയ്‌സ് മൂന്നു ഗഡുക്കളായി അടയ്ക്കുന്നതിന് മന്ത്രാലയം സൗകര്യം ഏര്‍പ്പെടുത്തിയത്.
ജനുവരി ഒന്നു മുതലാണ് പുതിയ ലെവി നിലവില്‍വന്നത്. കഴിഞ്ഞ വര്‍ഷാവസാനം വരെ സ്വകാര്യ സ്ഥാപനങ്ങളില്‍ സൗദി ജീവനക്കാരേക്കാള്‍ കൂടുതലുള്ള വിദേശികള്‍ക്കു മാത്രമായിരുന്നു ലെവി ബാധകം. ഇവര്‍ക്ക് പ്രതിമാസം 200 റിയാല്‍ തോതില്‍ വര്‍ഷത്തില്‍ 2400 റിയാലാണ് ലെവി ഇനത്തില്‍ അടയ്‌ക്കേണ്ടിയിരുന്നത്. ജനുവരി ഒന്നു മുതല്‍ സ്വകാര്യ സ്ഥാപനങ്ങളിലെ മുഴുവന്‍ വിദേശികള്‍ക്കും ലെവി ബാധകമാക്കിയിട്ടുണ്ട്. സൗദി ജീവനക്കാരേക്കാള്‍ കൂടുതലുള്ള വിദേശികള്‍ക്ക് പ്രതിമാസം 400 റിയാല്‍ തോതില്‍ വര്‍ഷത്തില്‍ 4800 റിയാലും സൗദികളുടെ എണ്ണത്തേക്കാള്‍ കുറവുള്ള വിദേശികള്‍ക്ക് പ്രതിമാസം 300 റിയാല്‍ തോതില്‍ വര്‍ഷത്തില്‍ 3600 റിയാലുമാണ് ഈ കൊല്ലം ലെവി അടയ്‌ക്കേണ്ടത്. അടുത്ത വര്‍ഷം സൗദികളേക്കാള്‍ കൂടുതലുള്ള വിദേശികള്‍ക്കുള്ള പ്രതിമാസ ലെവി 600 റിയാലും സ്വദേശി ജീവനക്കാരേക്കാള്‍ കുറവുള്ള വിദേശികള്‍ക്കുള്ള പ്രതിമാസ ലെവി 500 റിയാലും 2020 ല്‍ സൗദികളേക്കാള്‍ കൂടുതലുള്ള വിദേശികള്‍ക്കുള്ള പ്രതിമാസ ലെവി 800 റിയാലും സ്വദേശി ജീവനക്കാരേക്കാള്‍ കുറവുള്ള വിദേശികള്‍ക്കുള്ള പ്രതിമാസ ലെവി 700 റിയാലും ആയി ഉയരും.
2018 ജനുവരി ഒന്നിനു മുമ്പായി പുതിയ ഇഖാമയും വര്‍ക്ക് പെര്‍മിറ്റും നേടുകയോ ഇഖാമയും വര്‍ക്ക് പെര്‍മിറ്റും പുതുക്കുകയോ ചെയ്തവരുടെ വര്‍ക്ക് പെര്‍മിറ്റില്‍ ഈ വര്‍ഷത്തില്‍ അവശേഷിക്കുന്ന കാലത്തേക്കുള്ള പുതിയ നിരക്കിലുള്ള ലെവി ഈടാക്കുന്നതിനാണ് സ്വകാര്യ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ഇന്‍വോയ്‌സ് ഇഷ്യൂ ചെയ്തിരിക്കുന്നത്. സ്വകാര്യ കമ്പനികളിലെയും സ്ഥാപനങ്ങളിലെയും മുഴുവന്‍ ജീവനക്കാരുടെയും ഇഖാമയില്‍ ഈ വര്‍ഷം എത്ര കാലമാണോ ബാക്കിയുള്ളതെങ്കില്‍ അത്രയും കാലത്തേക്കുള്ള ലെവി കണക്കാക്കി ഇന്‍വോയ്‌സ് ഇഷ്യൂ ചെയ്ത് ലെവി ഈടാക്കുകയാണ് ചെയ്യുന്നത്.

Latest News