റിയാദില്‍ ഇല്‍മി സെന്റര്‍ പ്രഖ്യാപിച്ച് സാറ രാജകുമാരി; ശാസ്ത്ര, സാങ്കേതിക സംരംഭം

റിയാദ്- സൗദി അറേബ്യയില്‍ സയന്‍സ്, ടെക്‌നോളജി, റീഡിംഗ്, എഞ്ചിനീയറിംഗ്, ആര്‍ട്‌സ്, മാത്തമാറ്റിക്‌സ് (സ്ട്രീം) പഠനത്തിനായി 'ഇല്‍മി' സെന്റര്‍ ആരംഭിക്കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമരന്റെ ഭാര്യ സാറാ ബിന്‍ത് മശ്ഹൂര്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരി പ്രഖ്യാപിച്ചു.
റിയാദിലെ മുഹമ്മദ് ബിന്‍ സല്‍മാന്‍ സിറ്റിയില്‍ സ്ഥാപിക്കുന്ന ഇല്‍മി സെന്റര്‍  2025ല്‍ പ്രവര്‍ത്തനം ആരംഭിക്കും. 'എന്റെ അറിവ്' എന്ന അര്‍ഥം വരുന്ന ഇല്‍മി സെന്റര്‍  ശാസ്ത്ര കണ്ടുപിടിത്തത്തിന്റെയും നവീകരണത്തിന്റെയും കേന്ദ്രമായിരിക്കും. 27,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് കേന്ദ്രം സ്ഥാപിക്കുന്നത്.  
വെല്ലുവിളികളെ പ്രായോഗികമായി നേരിടുന്നതിന് സൗദി യുവതയെ  ശാക്തീകരിക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം. ഇല്‍മി സര്‍ഗ്ഗാത്മകതയുടെയും പഠനത്തിന്റെയും പ്രവേശനക്ഷമതയുടെയും  വഴിവിളക്കായിരിക്കുമെന്ന് സാറ രാജകുമാരി പറഞ്ഞു. മുഹമ്മദ് ബിന്‍ സല്‍മാന്‍ ഫൗണ്ടേഷന്‍ (മിസ്‌ക്) അതിന്റെ ഉപസ്ഥാപനങ്ങളിലൊന്നായി പിന്തുണക്കുന്ന സര്‍ക്കാരിതര ചാരിറ്റബിള്‍ സംരംഭമായിരിക്കും ഇല്‍മി സെന്റര്‍.
നമ്മുടെ ലോകം, നാം, നമ്മുടെ കണ്ടുപിടുത്തങ്ങള്‍ എന്നീ മൂന്ന് പ്രധാന ആശയങ്ങളെ കേന്ദ്രീകരിച്ചുള്ള  പ്രദര്‍ശനങ്ങള്‍ കേന്ദ്രം സംഘടിപ്പിക്കും.  ബഹിരാകാശം, ആവാസവ്യവസ്ഥ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
സൗദി അറേബ്യയില്‍ പുതിയ സ്ട്രീം കമ്മ്യൂണിറ്റി കെട്ടിപ്പടുക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന വിവിധ ഇന്‍സ്റ്റാളേഷനുകള്‍, ഇവന്റുകള്‍, സംഭാഷണങ്ങള്‍, പഠന പങ്കാളി പ്രോഗ്രാമുകള്‍ എന്നിവക്കും കേന്ദ്രം ആതിഥേയത്വം വഹിക്കും.

 

Latest News