കൊച്ചി- ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്ന് അമ്മ പ്രസിഡണ്ടായ മോഹന്‍ലാലിന്റെ ആരാധകര്‍ തെരുവിലിറങ്ങി. എ ഐ വൈ എഫ് പ്രവര്‍ത്തകരും മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മോഹന്‍ലാലിന്റെ കോലം കത്തിച്ചതിന്റെ പേരിലാണ് ഫാന്‍സ് തെരുവിലിറങ്ങി ഭീഷണി മുഴക്കിയത്. വി സപോര്‍ട് മോഹന്‍ലാല്‍ എന്ന് പോസ്റ്ററുകളുമായി ഫിലിം ചേമ്പറിന്റെ കൊച്ചിയിലെ ഓഫിസിനു മുന്നിലായിരുന്നു മോഹന്‍ലാലിനു പിന്തുണയുമായി ഫാന്‍സുകാരുടെ പ്രകടനം നടന്നത്.കഴിഞ്ഞ ദിവസം എ ഐ വൈ എഫിന്റെ നേതൃത്വത്തില്‍ ചേമ്പര്‍ ഓഫിസിനു മുന്നില്‍ മോഹന്‍ലാലിന്റെ കോലം കത്തിക്കുകുയം കെഎസ് യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇന്നലെ മോഹന്‍ലാലിന്റെ കൊച്ചിയിലെ വീടിനു മുന്നില്‍ റീത്തു വെച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മോഹന്‍ലാലിന് പിന്തുണയുമായി ആരാധകര്‍ എത്തിയത്. എ ഐ വൈ എഫ് നേതാവ് മഹേഷ് കക്കത്തിനെതിരെ പ്രതിഷേധക്കാര്‍ വധഭീഷണി മുഴക്കി. നൂറുകണക്കിന് ആളുകള്‍ ഗതാഗതം സ്തംഭിപ്പിച്ചുകൊണ്ടായിരുന്നു പ്രകടനം നടത്തിയത്. മോഹന്‍ലാല്‍ നെഞ്ചിനകത്തെ റോസാപ്പൂവാണെന്നും തൊട്ടുകളിച്ചാല്‍ കയ്യും കാലും വെട്ടുമെന്നുമായിരുന്നു മുദ്രാവാക്യം.
അതേസമയം ഫാന്‍സ് അസോസിയേഷന്റെ ഭീഷണിക്കെതിരെ പോലീസില്‍ പരാതിപ്പെടുമെന്ന് എ ഐ വൈ എഫ് നേതാവ് മഹേഷ് കക്കത്ത് പറഞ്ഞു. കോലം കത്തിക്കുന്നത് ജനാധിപത്യ സമര രീതിയാണ്. അതിന്റെ പേരില്‍ ഫാന്‍സുകാര്‍ നേതാക്കളെ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കുകയും ചെയ്യുകയാണ്. ഇത്തരം ക്രിമിനല്‍ സംഘങ്ങള്‍ക്ക് താരങ്ങളുടെ മൗനാനുവാദവും പിന്തുണയുമുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു.ഇവര്‍ നിലപാട് പുനഃപരിശോധിക്കണം.അമ്മ സംഘടന സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. സംഘടന പിരിച്ച് വിട്ട് നടന്‍മാര്‍ മാപ്പ് പറയണം. ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത സ്ത്രീ സുരക്ഷ നയത്തിനെതിരെ പ്രവര്‍ത്തിച്ച, അമ്മയുടെ തലപ്പത്തിരിക്കുന്ന ഇടതു ജനപ്രതിനിധികള്‍ മുന്നണിക്ക് നാണക്കേടാണെന്നും മഹേഷ് പറഞ്ഞു.
അതേസമയം പ്രശ്‌നത്തില്‍ മോഹന്‍ലാലിന് പിന്തുണയുമായി ദിലീപ് ആരാധകര്‍ രംഗത്തുവന്നു. ദിലീപ് ഓണ്‍ലൈനിലൂടെയാണ് ഇവരുടെ പ്രതികരണം. പൊതുജനങ്ങളെ ബാധിക്കുന്ന നൂറുകണക്കിന് പ്രശ്‌നങ്ങള്‍ നമുക്ക് ചുറ്റും ഉള്ളപ്പോള്‍ അതിനെല്ലാം നേരെ കണ്ണടച്ച് മോഹന്‍ലാലിനെ തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നത് നട്ടെല്ലില്ലായ്മയാണെന്ന് അവര്‍ പറയുന്നു. ഒരു സ്വകാര്യ സംഘടനയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ ആ സംഘടനയുടെ നിയമാവലിയുടെ ഉള്ളില്‍ നിന്നുകൊണ്ട് ഈ രാജ്യത്തെ നിയമങ്ങള്‍ ലംഘിക്കാതെ എടുത്ത തീരുമാനം എല്ലാവരെയും തൃപ്തിപ്പെടുത്തുന്നതാകണമെന്ന് പറയാന്‍ കഴിയില്ല. സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളില്‍ പ്രതികരിക്കൂ, അല്ലെങ്കില്‍ നിങ്ങള്‍ ഈ കാണിക്കുന്ന കോപ്രായങ്ങള്‍ ആരാന്റെ ചിലവില്‍ രണ്ട് മിനിറ്റ് ചാനലില്‍ മുഖം കാണിക്കാന്‍ നടത്തുന്ന നാടകം ആണെന്ന് ജനങ്ങള്‍ക്ക് പെട്ടെന്ന് മനസ്സിലാവും- ദിലീപ് ഫാന്‍സ് പറയുന്നു.