അലിയാണ് അല്ലാഹു, അല്ലാഹുവാണ് അലി; നറുക്കെടുപ്പിലൂടെ ജീവനൊടുക്കുന്ന സംഘം പിടിയിൽ

ബഗ്ദാദ് - നറുക്കെടുപ്പിലൂടെ അംഗങ്ങള്‍ ആത്മഹത്യ ചെയ്യുന്ന അല്‍ഖുര്‍ബാന്‍ ഗ്രൂപ്പ് അംഗങ്ങളെ അറസ്റ്റ് ചെയ്തതായി ഇറാഖ് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഫെഡറല്‍ ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറിയിച്ചു. നിയമ വിരുദ്ധ ഗ്രൂപ്പുകളെയും സംഘങ്ങളെയും നിരീക്ഷിക്കാനുള്ള ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശാനുസരണം കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ഓപ്പറേഷനിലൂടെയാണ് ദീ ഖാര്‍ ഗവര്‍ണറേറ്റിലെ സൂഖുശ്ശുയൂഖില്‍ നിന്ന് അല്‍ഖുര്‍ബാന്‍ ഗ്രൂപ്പില്‍ പെട്ട നാലു പേരെ അറസ്റ്റ് ചെയ്തതെന്ന് ഫെഡറല്‍ ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പറഞ്ഞു.
നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സംഘാംഗങ്ങളെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി. ദക്ഷിണ ഇറാഖില്‍ സാഹിത്യത്തിനും സംസ്‌കാരത്തിനും കവിതക്കും പേരുകേട്ട ദീ ഖാര്‍ ഗവര്‍ണറേറ്റില്‍ സമീപ കാലത്ത് നിരവധി ആത്മഹത്യാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് അധികാരികളെയും പൗരന്മാരെയും അത്ഭുതപ്പെടുത്തിയിരുന്നു.
മുമ്പ് കേട്ടുപരിചയമില്ലാത്ത ഗ്രൂപ്പ് ആയ അല്‍ഖുര്‍ബാന്‍ എന്ന പേരിലുള്ള ഗ്രൂപ്പ് ആണ് അംഗങ്ങളെ നറുക്കെടുപ്പിലൂടെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നത്. മതസന്ദര്‍ശനങ്ങള്‍ക്കിടെ അലിയാണ് അല്ലാഹു, അല്ലാഹുവാണ് അലി എന്ന മുദ്രാവാക്യം സംഘാംഗങ്ങള്‍ കൂട്ടത്തോടെ മുഴക്കുന്നതായും പ്രാദേശിക വൃത്തങ്ങള്‍ പറയുന്നു.  

 

 

Latest News