Sorry, you need to enable JavaScript to visit this website.

ഗുണ്ടോഗൻ -ഗുണ്ടാ യുഗം

സിറ്റിയിലെത്തിയ ശേഷം ഗാഡിയോള ആദ്യം ടീമിലെടുത്തത് ഇൽകേ ഗുണ്ടോഗൻ എന്ന ജർമൻ മിഡ്ഫീൽഡറെയാണ്. ക്ലബ്ബ് ഗുണ്ടോഗനെ വിശേഷിപ്പിച്ചത് പലതലത്തിൽ കളിക്കാൻ കഴിയുന്ന ബുദ്ധിമാനായ കളിക്കാരനെന്നാണ്. ഗുണ്ടോഗന്റെ ചുമതല ബോധവും സാങ്കേതികത്തികവും സിറ്റി ആരാധകർ ആസ്വദിക്കുമെന്നും. ആ വാക്കുകൾ പൊന്നായി.

ഇംഗ്ലിഷ് പ്രീമിയർ ലീഗിലും യൂറോപ്പിലും ഗുണ്ടാ യുഗമാണ്. മാഞ്ചസ്റ്റർ സിറ്റിയുടെ ചോദ്യം ചെയ്യപ്പെടാത്ത അപ്രമാദിത്തമാണ്. ഏഴു വർഷം മുമ്പ് ചുമതല ഏറ്റെടുത്ത പെപ് ഗാഡിയോള സിറ്റിയെയും ഇംഗ്ലിഷ് ഫുട്‌ബോളിനെയും അടിമുടി മാറ്റിയിരിക്കുന്നത്. ഓർക്കുക, ആ വിപ്ലവം ഗാഡിയോള തുടങ്ങിയത് ഒരാളിൽ നിന്നാണ്. സിറ്റിയിലെത്തിയ ശേഷം ഗാഡിയോള ആദ്യം ടീമിലെടുത്തത് ഇൽകേ ഗുണ്ടോഗൻ എന്ന ജർമൻ മിഡ്ഫീൽഡറെയാണ്. ഇപ്പോൾ സിറ്റി ക്യാപ്റ്റന്റെ ആം ബാന്റ് ഗുണ്ടോഗന്റെ കൈകളിലാണ്. 
ഏറ്റവും അവശ്യഘട്ടത്തിൽ തലയുയർത്തി നിൽക്കുന്ന വിശ്വസ്തനാണ് ഗുണ്ടോഗൻ. ട്രോഫികളാൽ സമ്പന്നമായ ഗാഡിയോള യുഗത്തിന്റെ പ്രതീകമാണ് ഗുണ്ടോഗൻ. 2016 ൽ ഗാഡിയോളയെ സിറ്റി കോച്ചായി നിയമിച്ച് ആഴ്ചകൾ പിന്നിടും മുമ്പെ ഗുണ്ടോഗൻ പുതിയ ക്ലബ്ബിലെത്തിയിരുന്നു. ഈ സീസണിലാണ് തുർക്കി വംശജൻ ഫോമിന്റെ പാരമ്യത്തിലെത്തിയത്. ഹാട്രിക് കിരീടങ്ങളിലേക്കുള്ള സിറ്റിയുടെ കുതിപ്പിന് ചുക്കാൻ പിടിക്കുന്നത് ഗുണ്ടോഗൻ ഉൾപ്പെടുന്ന മധ്യനിരയാണ്. 
കഴിഞ്ഞ ഏതാനും ദിവസത്തിനിടെ ഗുണ്ടോഗൻ മൂന്നു കളികളിൽ മൂന്ന് വ്യത്യസ്ത പൊസിഷനിൽ കളിച്ചു. നാലു ഗോളടിച്ചു. എവർടനെതിരായ 3-0 വിജയത്തിൽ രണ്ട് ഗോളടിച്ച ഗുണ്ടോഗനെക്കുറിച്ച് ഗാഡിയോള പറഞ്ഞത് അയാൾക്ക് കഴിയാത്തതായി ഒന്നുമില്ലെന്നാണ്. അതോടെ പ്രീമിയർ ലീഗ് കിരീടം സിറ്റിക്ക് ഒരു വിജയം അരികിലെത്തി. എവർടനെതിരെ അറ്റാക്കിംഗ് മിഡ്ഫീൽഡറായാണ് കളിച്ചത്. എർലിംഗ് ഹാളന്റിന് തൊട്ടുപിന്നിൽ. ഒന്നിനൊന്ന് മികച്ചതായിരുന്നു രണ്ടു ഗോൾ. മധ്യനിരയിലെ ആൾക്കൂട്ടത്തിനിടയിൽ നിന്നായിരുന്നു ആദ്യത്തേത്, ഫ്രീകിക്കിൽ നിന്ന് രണ്ടാമത്തേതും. 
അതിന് കുറച്ചു ദിവസം മുമ്പ് മധ്യനിരയിൽ കുറച്ചുകൂടി പിന്നിലായാണ് റയൽ മഡ്രീഡിനെതിരെ ഗുണ്ടോഗൻ കളിച്ചത്. റോഡ്രിയോടൊപ്പം ഡിഫൻസിവ് മിഡ്ഫീൽഡറായി. സാൻഡിയേഗൊ ബെർണബാവുവിൽ റയലിനെ പിടിച്ചുകെട്ടുകയായിരുന്നു ലക്ഷ്യം. 1-1 സമനിലയാണ് രണ്ടാം പാദത്തിൽ ഇത്തിഹാദിൽ ആഞ്ഞടിക്കാൻ സിറ്റിക്ക് അടിത്തറയായത്. 
അതിന് മുമ്പ് ലീഡ്‌സിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ റോഡ്രിയുടെ തന്നെ റോളായിരുന്നു ഗുണ്ടോഗന്. ഏറ്റവും പിന്നിലുള്ള മിഡ്ഫീൽഡർ. ആ കളിയിൽ ഗുണ്ടോഗൻ രണ്ടു ഗോളടിച്ചു. രണ്ടിലും ഏറ്റവും അവസാനം ആക്രമണത്തിൽ പങ്കുചേർന്നത് ഗുണ്ടോഗനായിരുന്നു. അന്നും ഗുണ്ടോഗനെ ഗാഡിയോള പ്രശംസ കൊണ്ട് മൂടി. 
മുപ്പത്തിരണ്ടുകാരന്റെ കരാർ ഈ സീസണോടെ അവസാനിക്കുകയാണ്. ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്ന് പറഞ്ഞു കേൾക്കുന്നു. ഗുണ്ടോഗനെ കൈവിടരുത് എന്ന നിലപാടിലാണ് ഗാഡിയോള. പ്രായം സിറ്റിക്ക് ഒരു പ്രശ്‌നമാണ്. ഒരു വർഷത്തെ കരാർ നൽകാനേ സിറ്റി തയാറാവൂ. രണ്ടു വർഷത്തെ കരാറുമായി മറ്റു ക്ലബ്ബുകൾ കാത്തിരിപ്പുണ്ട്. 
ബെർണാഡൊ സിൽവയുടെ കരാറും അവസാനിക്കാനിരിക്കുകയാണ്. സിറ്റി മധ്യനിരയുടെ നെടുന്തൂണുകളാണ് ഗുണ്ടോഗനും സിൽവയും. റയലിനെതിരായ രണ്ടാം പാദത്തിൽ ഇരട്ട ഗോളോടെ ആഘോഷം തുടങ്ങിയത് സിൽവയായിരുന്നു. സിറ്റിയുടെ ശ്വാസം മുട്ടിക്കുന്ന പ്രസ്സിംഗ് ഗെയിമിനും ഇമ്പമാർന്ന അറ്റാക്കിംഗ് ശൈലിക്കും ചുക്കാൻ പിടിക്കുന്നവരാണ് ഇരുവരും. തന്റെ അവസാനത്തേതെന്നു കരുതുന്ന സീസണിൽ ഇരുവരെയും കൈവിടാൻ ഗാഡിയോള തയാറാവില്ല. 
ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നാണ് ഗുണ്ടോഗൻ സിറ്റിയിലെത്തിയത്. ആദ്യ നാലു സീസണിൽ ഫെർണാണ്ടിഞ്ഞോയും ഡാവിഡ് സിൽവയും കെവിൻ ഡിബ്രൂയ്‌നെയുമുൾപ്പെടുന്ന മധ്യനിരയിലെ റിസർവായിരുന്നു ഗുണ്ടോഗൻ. 2018-19 സീസണിൽ പരിക്കേറ്റ ഫെർണാണ്ടിഞ്ഞോക്കു പകരം മധ്യനിരയിലെ നങ്കൂരമായി മാറിയതോടെയാണ് ഗുണ്ടോഗൻ അവിഭാജ്യ ഘടകമായത്. ആ സീസണിൽ ലിവർപൂളിന്റെ കനത്ത വെല്ലുവിളി അതിജീവിച്ച് സിറ്റി പ്രീമിയർ ലീഗ് ചാമ്പ്യന്മാരായി. 
2020-21 സീസണിൽ സിറ്റി സ്‌ട്രൈക്കറില്ലാതെയാണ് കളിച്ചത്. ആക്രമണമായി ഗുണ്ടോഗന്റെ ഡ്യൂട്ടി. ഡിസംബർ മുതൽ ഫെബ്രുവരി വരെ 12 കളികളിൽ 11 ഗോളടിച്ചു. സിറ്റി പ്രീമിയർ ലീഗ് കിരീടത്തിലേക്ക് മുന്നേറി. കഴിഞ്ഞ സീസണിൽ അവസാന ദിനത്തിൽ ആസ്റ്റൺവില്ലക്കെതിരെ ഗുണ്ടോഗൻ നേടിയ അവിസ്മരണീയമായ രണ്ട് ഗോളാണ് ലിവർപൂളിനെ മറികടന്ന് കിരീടമുറപ്പിക്കാൻ സിറ്റിയെ സഹായിച്ചത്. ഈ സീസണിൽ ടീമിന്റെ നെടുന്തൂണാണ് ഗുണ്ടോഗൻ. 
ഗുണ്ടോഗൻ അധികം സംസാരിക്കില്ല, പക്ഷേ സംസാരിക്കുമ്പോൾ എല്ലാവരും സാകൂതം കേൾക്കും. അതാണൊരു നേതാവ്. എല്ലാ ട്രെയ്‌നിംഗ് സെഷനിലും ഗുണ്ടോഗന്റെ ലീഡർഷിപ് പ്രകടമായിരിക്കും. 
കൃത്യസമയത്തെത്തും. 24 മണിക്കൂറും ചുമതലാബോധമുണ്ടാവും. ഫിനിഷിംഗിൽ അഗ്രഗണ്യനാണ്. വേണമെങ്കിൽ ഷോട്ടെടുക്കും മുമ്പ് കാപ്പി കുടിച്ചുവരാൻ സമയമുണ്ടാവും -ഗാഡിയോള പറയുന്നു. ഷോട്ടെടുക്കുന്നതിന് മുമ്പുള്ള സംയമനമാണ് ഗുണ്ടോഗന്റെ ശക്തി. 
ഏഴു വർഷം മുമ്പ് സിറ്റിയിലെത്തിയപ്പോൾ ക്ലബ്ബ് ഗുണ്ടോഗനെ വിശേഷിപ്പിച്ചത് പലതലത്തിൽ കളിക്കാൻ കഴിയുന്ന ബുദ്ധിമാനായ കളിക്കാരനെന്നാണ്. 
ഗുണ്ടോഗന്റെ ചുമതല ബോധവും സാങ്കേതികത്തികവും സിറ്റി ആരാധകർ ആസ്വദിക്കുമെന്നും. ആ വാക്കുകൾ പൊന്നായി. 

Latest News