Sorry, you need to enable JavaScript to visit this website.

റോളാങ്ഗാരോയിലെ റൊമാൻസ്

2005 ൽ അരങ്ങേറ്റത്തിൽ കിരീടം നേടിയ ശേഷം റഫായേൽ നദാൽ ഫ്രഞ്ച് ഓപൺ ടെന്നിസിൽ നിന്ന് ഒരിക്കലും വിട്ടുനിന്നില്ല. ഇത്തവണ ആ ദുരന്തം സംഭവിക്കുകയാണ്. പരിക്കുകൾ നിരന്തരമായി അലട്ടിയതോടെ വിരമിക്കാനൊരുങ്ങുകയാണ് മുൻ ഒന്നാം നമ്പർ. നദാലിന്റെ 22 ഗ്രാന്റ്സ്ലാം കിരീടങ്ങളിൽ പതിനാലും ഈ കളിമൺ കോർടിലാണ് ഉയർന്നത്. 
2002 ൽ 15 വയസ്സും 10 മാസവും പ്രായമുള്ളപ്പോൾ ജന്മനാടായ മയോർക്കയിൽ കിരീടം നേടിയാണ് നദാലിന്റെ യാത്ര തുടങ്ങിയത്. പിറ്റേ വർഷം പതിനേഴാം വയസ്സിൽ വിംബിൾഡൺ മൂന്നാം റൗണ്ടിലെത്തി. 1984 ൽ പതിനാറാം വയസ്സിൽ ബോറിസ് ബെക്കർ ഈ നേട്ടം കൈവരിച്ച ശേഷം ഇത്ര പ്രായം കുറഞ്ഞ കളിക്കാരൻ വിംബിൾഡണിൽ മൂന്നാം റൗണ്ടിലെത്തുന്നത് ആദ്യം. 2004 ൽ ലോക ഒന്നാം നമ്പർ റോജർ ഫെദരറെ മയാമി ഓപണിൽ ആദ്യമായി തോൽപിച്ചു. പോളണ്ടിൽ ആദ്യമായി ക്ലേ കോർട് കിരീടം നേടി. ആൻഡി റോഡിക്കുൾപ്പെട്ട അമേരിക്കൻ ടീമിനെ തോൽപിച്ച് സ്‌പെയിനിന് ഡേവിസ് കപ്പ് കിരീടം സമ്മാനിച്ചു. 
2005 ലാണ് നദാലിനെ ലോകം ശ്രദ്ധിച്ചത്. 11 കിരീടങ്ങൾ ആ വർഷം നേടി. ഫ്രഞ്ച് ഓപണിൽ അരങ്ങേറ്റത്തിൽ ചാമ്പ്യനായി. റാങ്കിംഗിൽ ആദ്യ പത്തിലെത്തി. 2023 വരെ ആദ്യ പത്തിൽ തുടർന്നു. ലോക രണ്ടാം നമ്പറായാണ് 2005 അവസാനിപ്പിച്ചത്. 
2006 ൽ ഫെദരറെ ഫൈനലിൽ തോൽപിച്ച് ഫ്രഞ്ച് ഓപൺ നിലനിർത്തി. വിംബിൾഡണിൽ ഇതേ കളിക്കാർ ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ ഫെദരർ പകരം ചോദിച്ചു. ക്ലേ കോർടിലെ ജൈത്രയാത്ര 62 മത്സരങ്ങളിലെത്തി. 2007 ലും ഫ്രഞ്ച് ഓപൺ ഫൈനലിൽ ഫെദരറെ തോൽപിച്ചു, ഇത്തവണയും വിംബിൾഡണിൽ ഫെദരർ കണക്കുതീർത്തു. കളിമൺ കോർടിലെ തുടർവിജയം 81 ലെത്തി. ഹാംബർഗിൽ ഫെദരർക്കു മുന്നിലാണ് ആ കുതിപ്പ് അവസാനിച്ചത്. 
2008 ലും ഫെദരറെ തോൽപിച്ച് ഫ്രഞ്ച് ഓപൺ ചാമ്പ്യനായി. 1978-81 ൽ ബ്യോൺ ബോർഗിനു ശേഷം തുടർച്ചയായി നാലു തവണ ഫ്രഞ്ച് ഓപൺ നേടുന്ന ആദ്യ കളിക്കാരനായി. ഇത്തവണ ബോർഗിനെപ്പോലെ ഒരു സെറ്റും കൈവിടാതെയായിരുന്നു കുതിപ്പ്. വീണ്ടും വിംബിൾഡൺ ഫൈനലിൽ ഫെദരർ കാത്തുനിൽപുണ്ടായിരുന്നു. ഐതിഹാസികമായ പോരാട്ടത്തിൽ അഞ്ചാം സെറ്റ് 9-7 ന് ജയിച്ച് ആദ്യമായി വിംബിൾഡണിൽ തൊട്ടു. ബെയ്ജിംഗ് ഒളിംപിക്‌സിൽ ചാമ്പ്യനായി. ഓസ്‌ട്രേലിയൻ ഓപണിലും യു.എസ് ഓപണിലും സെമിഫൈനലിലെത്തി. ലോക റാങ്കിംഗിൽ ഒന്നാമനായി. വലതു കാലിലെ പരിക്ക് ആദ്യമായി തല പൊക്കി.
2009 ലാണ് ആദ്യമായി ഓസ്‌ട്രേലിയൻ ഓപൺ ഫൈനലിലെത്തുന്നത്. അഞ്ചു സെറ്റ് ഫൈനലിൽ ഫെദരറെ തോൽപിച്ചു. അതിന് മുമ്പ് സെമിയിൽ ഫെർണാണ്ടൊ വെർദാസ്‌കോയെ തോൽപിച്ചത് മറ്റൊരു അഞ്ച് സെറ്റ് പോരാട്ടത്തിൽ. എന്നാൽ ഫ്രഞ്ച് ഓപണിലെ അജയ്യ മുന്നേറ്റം നാലാം റൗണ്ടിൽ റോബിൻ സോദർലിംഗിന് മുന്നിൽ അവസാനിച്ചു. കാൽമുട്ടിലെ പരിക്കായിരുന്നു കാരണം. വിംബിൾഡണിൽ നിന്ന് വിട്ടുനിന്നു. വയറിലെ പരിക്ക് പ്രയാസപ്പെടുത്തി. യു.എസ് ഓപൺ സെമിയിൽ യുവാൻ മാർടിൻ ദെൽപോട്രോയോട് തോറ്റു. 
2010 ൽ ഓസ്‌ട്രേലിയൻ ഓപൺ ക്വാർട്ടറിൽ പരിക്കു കാരണം പിന്മാറി. ഫ്രഞ്ച് ഓപണിൽ ഒരു സെറ്റും കൈവിടാതെ ചാമ്പ്യനായി തിരിച്ചെത്തി. ഫൈനലിൽ തോൽപിച്ചത് മറ്റാരെയുമല്ല, സോദർലിംഗിനെ തന്നെ. രണ്ടാമതും വിംബിൾഡൺ ചാമ്പ്യനായി. 
നോവാക് ജോകോവിച്ചിനെ കീഴടക്കി ആദ്യമായി യു.എസ് ഓപൺ ഉയർത്തി. നോവക്കുമായുള്ള ഏറ്റുമുട്ടലിന്റെ തുടക്കമായിരുന്നു അത്. ആ വർഷം ഒന്നാം നമ്പറായി. 
2011 ൽ ഓസ്‌ട്രേലിയൻ ഓപണിൽ പരിക്ക് അലട്ടി. ഫ്രഞ്ച് ഓപണിൽ ഫെദരറെ തോൽപിച്ച് ചാമ്പ്യനായി, ബോർഗിന്റെ ആറ് കിരീട നേട്ടത്തിനൊപ്പമെത്തി. ആ വർഷം വിംബിൾഡണും യു.എസ് ഓപണുമുൾപ്പെടെ 10 ഫൈനൽ കളിച്ചതിൽ ഏഴിലും തോറ്റു, അതിൽ ആറും നോവക്കിനോട്. 
എന്നാൽ പിറ്റേ വർഷം നോവക്കിനെ കീഴടക്കി ഫ്രഞ്ച് ഓപൺ നിലനിർത്തി. വിംബിൾഡണിൽ പരിക്ക് വില്ലനായി. രണ്ടാം റൗണ്ടിൽ പുറത്തായി. ആ സീസണിൽ പിന്നെ കളിച്ചില്ല. ഏഴു മാസം വിശ്രമിച്ച ശേഷം 2013 ൽ 10 കിരീടങ്ങളുമായി തിരിച്ചെത്തി. ഒന്നാം നമ്പർ പദവി വീണ്ടെടുത്തു. എട്ടാമത്തെ ഫ്രഞ്ച് ഓപൺ നേടി. നോവക്കിനെ ഫൈനലിൽ വീഴ്ത്തി രണ്ടാമത്തെ യു.എസ് ഓപൺ സ്വന്തമാക്കി. 
2014 ൽ നോവക്കിനെ തന്നെ കീഴടക്കി ഒമ്പതാമത്തെ ഫ്രഞ്ച് ഓപൺ നേടി. പീറ്റ് സാംപ്രാസിന്റെ (14) ഗ്രാന്റ്സ്ലാം റെക്കോർഡിനൊപ്പമെത്തി. പരിക്കുമായി കളിച്ച വിംബിൾഡണിൽ 144 ാം റാങ്കുകാരൻ നിക് കിർഗിയോസിനോട് തോറ്റു. മൂന്നു മാസം പുറത്തിരുന്നു. 
2015 ൽ ഫ്രഞ്ച് ഓപൺ ക്വാർട്ടർ ഫൈനലിൽ നോവക്കിനോട് തോറ്റു. മറ്റു ഗ്രാന്റ്സ്ലാമുകളിലും ക്വാർട്ടർ കടന്നില്ല. 10 വർഷത്തിനിടയിലാദ്യമായി ട്രോഫിയില്ലാത്ത വർഷമായിരുന്നു അത്. 2016 അതിനേക്കാൾ മോശമായിരുന്നു. 2004 നു ശേഷം ആദ്യമായി ഒരു ഗ്രാന്റ്സ്ലാമിലും ക്വാർട്ടറിൽ എത്തിയില്ല. ഓസ്‌ട്രേലിയൻ ഓപണിൽ ആദ്യ റൗണ്ടിൽ പുറത്തായി. ഫ്രഞ്ച് ഓപണിൽ മൂന്നാം റൗണ്ടിന് മുമ്പ് പിന്മാറി. ഇടതു കണങ്കൈയിലെ പരിക്കുമായി മാസങ്ങളോളം പുറത്ത്. 
ഫെദരറോട് ഓസ്‌ട്രേലിയൻ ഓപൺ ഫൈനലിൽ തോറ്റാണ് 2017 തുടങ്ങിയത്. സ്റ്റാൻ വാവ്‌റിങ്കയെ തോൽപിച്ച് പത്താം ഫ്രഞ്ച് ഓപൺ നേടി. യു.എസ് ഓപണിലും ചാമ്പ്യനായി. ലോക ഒന്നാം നമ്പറിൽ തിരിച്ചെത്തി. 2018 ൽ പതിനൊന്നാം ഫ്രഞ്ച് ഓപണോടെ ഗ്രാന്റ്സ്ലാം റെക്കോർഡിൽ ഫെദരർക്കൊപ്പമെത്തി (17). വീണ്ടും മാസങ്ങൾ വിശ്രമം. 
2019 ൽ ഫ്രഞ്ച് ഓപണും യു.എസ് ഓപണും സ്വന്തമാക്കി. 33 ാം വയസ്സിൽ ലോക ഒന്നാം നമ്പറായി. ഓസ്‌ട്രേലിയൻ ഓപണിൽ നോവക്കിനോടും വിംബിൾഡണിൽ ഫെദരറോടും ഫൈനൽ തോറ്റു. 
2020 ൽ പതിമൂന്നാം ഫ്രഞ്ച് ഓപണോടെ വീണ്ടും ഫെദരർക്കൊപ്പം ഗ്രാന്റ്സ്ലാം റെക്കോർഡ് പങ്കിട്ടു (20). നോവക്കിനെയാണ് ഫൈനലിൽ കീഴടക്കിയത്. 2021 ൽ ഓസ്‌ട്രേലിയൻ ഓപൺ ക്വാർട്ടറിൽ രണ്ട് സെറ്റിന് മുന്നിലെത്തിയ ശേഷം സ്റ്റെഫനോസ് സിറ്റ്‌സിപാസിനോട് തോറ്റു. ഫ്രഞ്ച് ഓപൺ സെമിയിൽ നോവക്കിന് മുന്നിൽ അടിയറ പറഞ്ഞു. ഇടതുകാലിലെ വേദന കാരണം ആ സീസണിൽ രണ്ട് മത്സരങ്ങൾ കൂടിയേ കളിച്ചുള്ളൂ. 
2022 ഐതിഹാസികയമായിരുന്നു. രണ്ട് സെറ്റ് പിന്നിലായ ശേഷം ദാനിൽ മെദവദേവിനെ തോൽപിച്ച് ഓസ്‌ട്രേലിയൻ ഓപൺ നേടി. ഗ്രാന്റ്സ്ലാം റെക്കോർഡ് (21) സ്വന്തമാക്കി. കൊടുംവേദന സഹിച്ച് കാസ്പർ റൂഡിനെ ഫൈനലിൽ കീഴടക്കി ഫ്രഞ്ച് ഓപണിൽ പതിനാലാം കിരീടം നേടി. പ്രായമേറിയ ഫ്രഞ്ച് ഓപൺ ചാമ്പ്യനായി. 112-3 ആയിരുന്നു ഫ്രഞ്ച് ഓപണിലെ റെക്കോർഡ്. വിംബിൾഡൺ സെമി ഫൈനലിന് മുമ്പ് വയറിലെ പരിക്ക് കാരണം പിന്മാറി. യു.എസ് ഓപണിൽ നാലാം റൗണ്ടിൽ പുറത്തായി. 
ഓസ്‌ട്രേലിയൻ ഓപൺ രണ്ടാം റൗണ്ടിൽ മക്കൻസി മക്‌ഡൊണാൾഡിനോട് തോറ്റു. നദാലിന്റെ അവസാനത്തെ മത്സരമായിരുന്നു അത്. ഇത്തവണ പരിക്കുകൾ ജയിച്ചു. നദാലിന് തിരിച്ചുവരാനായില്ല. ഒടുവിൽ ആദ്യമായി ഫ്രഞ്ച് ഓപണിൽ നിന്ന് വിട്ടുനിന്നു. അടുത്ത വർഷം വിരമിക്കുമെന്ന് പ്രഖ്യാപിച്ചു. 

Latest News