2018 ഉം കർണാടക തെരഞ്ഞെടുപ്പും

മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയം എന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ് ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018. റിലീസ് ചെയ്ത് രണ്ടാം വാരത്തിലും കേരളത്തിനകത്തും പുറത്തുമുള്ള തിയേറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ ചിത്രം പ്രദർശനം തുടരുന്നു. പത്ത് ദിവസം കൊണ്ട് നൂറ് കോടി രൂപ ബോക്‌സോഫീസ് കലക്ഷൻ ചിത്രം നേടിയെന്ന കണക്കുകളാണ് പുറത്തു വരുന്നത്. 
കേരളത്തിലെ ജനങ്ങളിൽ ബഹുഭൂരിപക്ഷത്തെയും ബാധിച്ച, അവരുടെ ജീവിതം താറുമാറാക്കിയ 2018 ലെ മഹാപ്രളയത്തിന്റെ പുനരാഖ്യാനമാണ് ഈ സിനിമ. സ്വന്തം ജീവിതാനുഭവം തന്നെയായതുകൊണ്ടാവും 2018 കാണാൻ ആളുകൾ തിയേറ്ററുകളിലേക്ക് ഇരച്ചെത്തുന്നത്. മഹാദുരന്തത്തിൽ സർവവും നഷ്ടപ്പെടുന്നതും ഉറ്റവർ കൈവിട്ടുപോകുന്നതും മരണത്തെ മുഖാമുഖം കണ്ടതുമെല്ലാം ഓർമകളിൽ നിറഞ്ഞുനിൽക്കുന്നവരാണവർ. ഒപ്പം ദുരിതത്തിന്റെ നടുക്കയത്തിൽ താങ്ങായി എവിടെനിന്നൊക്കെയോ കൈകൾ നീണ്ടുവരുന്നത് കണ്ടവർ. ആളാരാണെന്നോ പേരെന്താണെന്നോ നോക്കാതെ സ്വന്തം ജീവൻ പോലും പണയം വെച്ച് മനുഷ്യ സ്‌നേഹം കൊണ്ടു മാത്രം സഹജീവികളെ രക്ഷിക്കാൻ സ്വയം മുന്നിട്ടിറങ്ങിയ ആയിരങ്ങൾ. എവരിവൺ ഈസ് എ ഹീറോ എന്ന ടാഗ് ലൈനിൽ പ്രദർശിപ്പിക്കുന്ന 2018 ൽ മലയാളിയുടെ ആ നേരനുഭവങ്ങളെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഹോളിവുഡ് നിലവാരമെന്നൊന്നും പറയാനാവില്ലെങ്കിലും നല്ല സാങ്കേതിക മികവും പുലർത്തുന്നു.


അതേസമയം ഈ സിനിമയുടെ വിജയത്തെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. കേരളത്തിലെ സർക്കാർ അനുകൂലികളുടെയും ഇടതുപക്ഷ പ്രവർത്തകരുടെയും അതിശക്തമായ എതിർ കാമ്പയിനുകളെ അവഗണിച്ചാണ് ജനം 2018 നെ ഏറ്റെടുത്തതെന്നതാണത്. പ്രളയ കാലത്ത് കേരളത്തെ രക്ഷിച്ചതും മലയാളിയെ ദുരിതങ്ങളിൽനിന്ന് കൈപിടിച്ചു കയറ്റയിതും മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരുമാണെന്ന തരത്തിലുള്ള പി.ആർ പ്രചാരണങ്ങളെ അമ്പേ നിരാകരിക്കുന്ന തരത്തിലാണ് സിനിമ. ഏത് ദുരന്ത കാലത്തും സർക്കാരുകൾ ചെയ്യേണ്ട ഉത്തരവാദിത്തങ്ങൾ ഇവിടെയും നിർവഹിച്ചു എന്നതിനപ്പുറം എന്തെങ്കിലും കേരള സർക്കാരോ മുഖ്യമന്ത്രിയോ പ്രളയ കാലത്ത് പ്രത്യേകമായി ചെയ്തതായി ചിത്രം കണ്ടാൽ തോന്നില്ല. പ്രളയത്തിൽ മുങ്ങിപ്പോയ കേരളത്തെ ഇരുകൈകളും കൊണ്ട് താങ്ങിയെടുക്കുന്ന പിണറായി വിജയന്റെ രേഖാചിത്രം ഫ്ലക്‌സ് ബോർഡുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രചരിപ്പിച്ചവർക്ക് ഒരിക്കലും ദഹിക്കുന്നതല്ല ഇത്. മാത്രമല്ല, കെടുതികൾ കൂടുതൽ രൂക്ഷമാകാൻ ഇടയാക്കുംവിധം മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നുവിടുന്നതിനെ കുഞ്ചാക്കോ ബോബന്റെ കഥാപാത്രം ചോദ്യം ചെയ്യുന്ന രംഗവുമുണ്ട്.
പ്രത്യക്ഷത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തുന്നതൊന്നും ഈ ചിത്രത്തിലില്ല. എന്നാൽ സർക്കാരിനെ പ്രകീർത്തിക്കുകയോ മുഖ്യമന്ത്രിയെ അതിമാനുഷനാക്കുകയോ ചെയ്യുന്ന കാര്യങ്ങളുമില്ല. അതായിരുന്നില്ല സർക്കാർ അനുകൂലികൾക്ക് വേണ്ടിയിരുന്നത്. അതുകൊണ്ടു തന്നെ അവർ സിനിമക്കെതിരെ തിരിഞ്ഞു. സി.പി.എം നേതാക്കളുടെയും പ്രവർത്തകരുടെയും ഇടത് അനുകൂല മാധ്യമ - സാംസ്‌കാരിക പ്രവർത്തകരുടെയുമെല്ലാം സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽനിന്ന് 2018 സിനിമക്കും സംവിധായകൻ ജൂഡിനുമെതിരെ വിമർശനവും വിദ്വേഷവും പ്രവഹിച്ചു. ബഹിഷ്‌കരണാഹ്വാനവുമുണ്ടായി. പക്ഷേ ജനം അതൊന്നും ചെവിക്കൊണ്ടതേയില്ലെന്ന് മാത്രമല്ല, ഇവർ ഇങ്ങനെയൊക്കെ വിമർശിക്കുന്നുണ്ടെങ്കിൽ ഈ സിനിമ കാണേണ്ടതു തന്നെയാവും എന്ന തരത്തിലായി കാര്യങ്ങൾ. ഓർക്കണം, വർഗീയ ധ്രുവീകരണം എന്ന ഒരൊറ്റ ലക്ഷ്യം മാത്രം മുൻനിർത്തി പച്ചനുണകൾ കുത്തിനിറച്ച് കേരള സ്റ്റോറി എന്ന പേരിൽ സംഘപരിവാർ ഇറക്കിയ സിനിമ പേക്കൂത്തിനെ പുറംകാലിന് തൊഴിച്ചെറിഞ്ഞ അതേ മലയാളി തന്നെയാണ് 2018 നെ ഇരുകൈയും നീട്ടി സ്വീകരിച്ചതും.
സത്യവുമായി നിരക്കാത്ത പ്രചാരണങ്ങൾക്കും കാമ്പയിനുകൾക്കും വാഴ്ത്തുപാട്ടുകൾക്കും ജനങ്ങളെ ഏറെ കാലമൊന്നും കബളിപ്പിക്കാനാവില്ലെന്നതിന്റെ തെളിവു കൂടിയാണ് 2018 ന്റെ ഗംഭീര വിജയം, പ്രത്യേകിച്ചും സത്യം അവർ നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്ത സ്ഥിതിക്ക്. കേരള സർക്കാരിന്റെ തന്നെ വലിയൊരു പി.ആർ കാമ്പയിനാണ് ഇവിടെ പൊളിഞ്ഞുപോയത്. 
2018 തിയേറ്ററുകളിൽ നിറഞ്ഞോടുമ്പോഴാണ് കർണാടക അസംബ്ലി തെരഞ്ഞെടുപ്പ് ഫലം വരുന്നത്. അവിടെ കണ്ടതും ആസൂത്രിതമായി വിദ്വേഷ, നുണ പ്രചാരണങ്ങളെ ജനം തള്ളിക്കളയുന്നതാണ്. തങ്ങളുടെ ഭരണ നേട്ടത്തേക്കാളുപരി സമൂഹത്തിൽ വർഗീയ വൈരം ആളിക്കത്തിക്കുന്ന വിധത്തിലുള്ള അത്യന്തം അപലപനീയമായ വിദ്വേഷ പ്രചാരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ ബി.ജെ.പി കർണാടകത്തിലുടനീളം തെരഞ്ഞെടുപ്പ് കാലത്ത് ഇളക്കിവിട്ടത്. മുസ്‌ലിംകളിൽ കടുത്ത ആശങ്ക പരത്തുക, ഹിന്ദുക്കളെ പരമാവധി മുസ്‌ലിംകൾക്കെതിരെ തിരിക്കുക എന്നതായിരുന്നു കാമ്പയിന്റെ സ്വഭാവം തന്നെ. തുടക്കത്തിൽ ബംഗളൂരു - മൈസൂരു എക്‌സ്പ്രസ് വേ അടക്കം ഏതാനും പദ്ധതികൾ ഉദ്ഘാടനം ചെയ്ത് വികസന നായകനായി പ്രചാരണം ആരംഭിച്ച മോഡി ഏറ്റവുമൊടുവിൽ ഹനുമാൻ ചാലിസയുടെ പേരിൽ വർഗീയ വികാരം ഇളക്കിവിട്ട് തീർത്തും തരംതാഴ്ന്ന കളികൾ വരെ നടത്തി. 
എന്നാൽ വിലക്കയറ്റവും തൊഴിലില്ലായ്മയും കർണാടക സർക്കാരിന്റെ അഴിമതിയും കൊണ്ട് പൊറുതിമുട്ടിയ കന്നട ജനത അതെല്ലാം തള്ളിക്കളഞ്ഞു. എല്ലാ പി.ആർ പ്രചാരണങ്ങളും പൊളിഞ്ഞു. മഹാഭൂരിപക്ഷം നൽകി കോൺഗ്രസിനെ ജനം അധികാരത്തിലേറ്റി.
സർക്കാരിന്റെ ചെറിയ വികസനങ്ങളെ പോലും വലിയ സംഭവങ്ങളായി പെരുമ്പറ കൊട്ടി പറയുകയും എന്നാൽ സാധാരണ ജനങ്ങളെ ഏറ്റവുമധികം ബാധിക്കുന്ന വിലക്കയറ്റം, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരു നടപടിയും സ്വീകരിക്കാതിരിക്കുകയും അതേസമയം അവരുടെ സമാധാനം നശിപ്പിക്കുന്ന വിധത്തിൽ സമൂഹത്തിൽ വർഗീയ വിഷം പരത്തുകയും ചെയ്യുന്ന ബി.ജെ.പി സംഘ്പരിവാർ തന്ത്രം ജനം തിരിച്ചറിഞ്ഞതിന്റെ സൂചനയാണ് കർണാടക തെരഞ്ഞെടുപ്പിൽ കണ്ടതെങ്കിൽ അത് ശുഭകരമാണ്. തങ്ങൾക്കു വേണ്ടത് പി.ആർ ഫോട്ടോഷൂട്ടുകളും വർഗീയ പ്രചാരണങ്ങളും ഹലാൽ, ഹിജാബ് വിവാദവുമൊന്നുമല്ല, സൈ്വര ജീവിതവും വരുമാനമുള്ള തൊഴിലും നാടിന്റെ യഥാർഥ വികസനവുമാണെന്ന് അവർ തിരിച്ചറിഞ്ഞുവല്ലോ. ഈ തിരിച്ചറിവ് രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് ഉണ്ടാകുമ്പോൾ മാത്രമേ ഇന്ത്യ ഇന്ന് ചെന്നുപെട്ടിരിക്കുന്ന ദുരിതാവസ്ഥയിൽനിന്ന് രക്ഷപ്പെടൂ.

Latest News