ന്യൂയോര്‍ക്ക്- രണ്ട് വര്‍ഷമായി സൈന്‍ ഇന്‍ ചെയ്യുകയോ മറ്റു പ്രവര്‍ത്തനങ്ങല്‍ നടത്തുകയോ ചെയ്തിട്ടില്ലെങ്കില്‍ ഗൂഗ്ള്‍ നിങ്ങളുടെ അക്കൗണ്ട് ഒഴിവാക്കും. പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകള്‍ സംബന്ധിച്ച നയത്തില്‍ ഗൂഗ്ള്‍ പുതിയ അപ്‌ഡേറ്റ് പുറത്തിറക്കി.
രണ്ടു വര്‍ഷമായി ഉപയോഗിക്കുകയോ സൈന്‍ ഇന്‍ ചെയ്യുകയോ ചെയ്തിട്ടില്ലെങ്കില്‍ ഉള്ളടക്കങ്ങള്‍ ഉള്‍പ്പെടെ ഗൂഗ്ള്‍ അക്കൗണ്ടുകള്‍ ഒഴിവാക്കുമെന്ന് കമ്പനി അറിയിച്ചു. ഇതില്‍ നിഷ്‌ക്രിയ അക്കൗണ്ടിന്റെ ഗൂഗ്ള്‍ വര്‍ക്ക്‌സ്‌പേസ് (ജി മെയില്‍, ഡോക്‌സ്, ഡ്രൈവ്, മീറ്റ്, കലണ്ടര്‍), ഗൂഗ്ള്‍ ഫോട്ടോസ് എന്നിവ ഉള്‍പ്പെടും. എന്നാല്‍ സ്വകാര്യ ഗൂഗ്ള്‍ അക്കൗണ്ടുകള്‍ക്കാണ് ഇത് ബാധകമാകുക. സ്‌കൂളുകളുടേയും ബിസിനസ് സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെയുള്ളവയെ പുതിയ നയം ബാധിക്കില്ല.
ഉപയോഗം നടക്കാത്ത അക്കൗണ്ടുകളില്‍ നിന്ന് ആരംഭിക്കുന്ന ഘട്ടംഘട്ടമായുള്ള നീക്കം ചെയ്യല്‍ 2023 ഡിസംബര്‍ മുതല്‍ ഗൂഗ്ള്‍ അക്കൗണ്ടുകള്‍ ഒഴിവാക്കാന്‍ തുടങ്ങും. അക്കൗണ്ട് ഇല്ലാതാക്കുന്നതിന് മുമ്പുള്ള മാസങ്ങളില്‍ ഗൂഗ്ള്‍ ഒന്നിലധികം അറിയിപ്പുകള്‍ ഉപയോക്താവിന്റെ അക്കൗണ്ട് ഇമെയില്‍ വിലാസത്തിലേക്കും വീണ്ടെടുക്കല്‍ ഇമെയിലിലേക്കും അയക്കും. സ്പാം, ഫിഷിംഗ് സ്‌കാമുകള്‍, അക്കൗണ്ട് ഹൈജാക്കിംഗ് എന്നിവ പോലുള്ള സാധ്യതയുള്ള ഭീഷണികള്‍ക്കെതിരെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള കമ്പനിയുടെ ശ്രമങ്ങള്‍ക്ക് അനുസൃതമാണ് പുതിയ നയം.
അക്കൗണ്ട് സജീവമായി നിലനിര്‍ത്താന്‍ ഓരോ രണ്ടു വര്‍ഷത്തിലും ഒരിക്കലെങ്കിലും സൈന്‍ ഇന്‍ ചെയ്യേണ്ടതുണ്ട്. ഉപയോക്താവ് അടുത്തിടെ ഗൂഗ്ള്‍ അക്കൗണ്ടിലേക്കോ അതിന്റെ ഏതെങ്കിലും സേവനത്തിലേക്കോ സൈന്‍ ഇന്‍ ചെയ്തിട്ടുണ്ടെങ്കില്‍ അക്കൗണ്ട് സജീവമായി കണക്കാക്കും. ഇമെയില്‍ വായിക്കുകയോ അയയ്ക്കുകയോ ചെയ്യുക, ഗൂഗ്ള്‍ ഡ്രൈവ് ഉപയോഗിക്കുക, യൂട്യൂബ് വീഡിയോ കാണുക, ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക, ഗൂഗ്ള്‍ തിരയല്‍ ഉപയോഗിക്കുക, മൂന്നാം കക്ഷി ആപ്പിലേക്കോ സേവനത്തിലേക്കോ ലോഗിന്‍ ചെയ്യാന്‍ ഗൂഗ്ള്‍ ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യുക എന്നിവ ഈ പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്.
ഗൂഗ്ള്‍ അക്കൗണ്ട് ഉപയോഗിച്ച് സജ്ജീകരിച്ച നിലവിലുള്ള സബ്സ്‌ക്രിപ്ഷനും അക്കൗണ്ട് ആക്റ്റിവിറ്റിയായി കണക്കാക്കും. അതോടൊപ്പം നിലവില്‍ യൂട്യൂബ് വീഡിയോകളുള്ള അക്കൗണ്ടുകള്‍ ഇല്ലാതാക്കാനും തത്ക്കാലം ശ്രമമില്ല.






