ഭാരത് ജോഡോ യാത്രയിലൂടെ താൻ മുന്നോട്ട് വെച്ച ഇന്ത്യ സങ്കൽപത്തിന് ചേരുംവിധം വിജയം വരിച്ചിരിക്കയാണ് ജനാധിപത്യത്തിന്റെ കർണാടക യുദ്ധഭൂമിയിൽ രാഹുൽ ഗാന്ധിയും കോൺഗ്രസും. ഡബിൾ എൻജിൻ ഓഫർ കർണാടകയിലെ ജനം തള്ളി. സാമുദായികതയും ഭിന്നിപ്പും പ്രചരിപ്പിക്കുന്നതിലൊഴിച്ച്, സാമ്പത്തിക ശാസ്ത്രത്തിലും മറ്റു മിക്ക കാര്യങ്ങളിലും നരേന്ദ്ര മോഡി അമ്പരപ്പിക്കുന്ന തരത്തിൽ കഴിവില്ലാത്തവനാണ് എന്ന് പറഞ്ഞത് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമന്റെ ഭർത്താവ് പാറേക്കാല പ്രഭാകറാണ്. മോഡി-അമിത് ഷാ കൂട്ടുകെട്ടിന്റെ അത്തരം വിഘടിത, വിഭജന, വർഗീയ അജണ്ടകളെയും ജനം തള്ളിയിരിക്കുന്നു.
അഭൂതപൂർവമായ പ്രചാരണ പരിപാടികളാണ് ബി.ജെ.പി ഒരുക്കിയിരുന്നത്. കാർപറ്റ് ബോംബിംഗ് കാമ്പയിൻ എന്നാണ് അവർ പേര് നൽകിയിരുന്നത്. 10,848 പരിപാടികളാണ്, ബോംബിംഗിനായി പ്ലാൻ ചെയ്തിരുന്നത്. വികസന പരിപാടികളുടെ ഉദ്ഘാടനങ്ങൾ തന്നെയായിരുന്നു മുഖ്യയിനം. പുറമെ 1200 റോഡ് ഷോകളും സമ്മേളനങ്ങളും 224 റാലികളും പ്രസ് മീറ്റുകളും പട്ടണങ്ങൾ കേന്ദ്രീകരിച്ചുള്ള 800 പൊതുയോഗങ്ങളും. മോഡി പങ്കെടുത്ത ആറ് പടുകൂറ്റൻ റോഡ് ഷോകളും (മൊത്തം 130) 19 റാലികളും ഉൾപ്പെടെ 3116 പോൾ കാമ്പയിനുകൾ ബി.ജെ.പി നടത്തി. 14,509 കോടിയുടെ കേന്ദ്ര പദ്ധതികൾ പ്രഖ്യാപിച്ചു.
പ്രധാനമായും ബി.ജെ.പി തന്നെയാണ് തെരെഞ്ഞെടുപ്പ് അജണ്ട സെറ്റ് ചെയ്തത്. വികസനം, പരമത വിദ്വേഷം, മുസ്‌ലിം വിരോധം, ടിപ്പുവിനെ എതിർക്കൽ, ഹിജാബ് നിരോധനം, മുസ്‌ലിം സംവരണം ഇല്ലായ്മ ചെയ്ത് ലിംഗായത,് വൊക്കലിഗ എന്നീ വിഭാഗങ്ങൾക്ക് വീതിച്ചു നൽകിയ നടപടി, കേരള സ്റ്റോറി സിനിമയും ഭീകരവാദവും, ഹനുമാൻ-ബജ്രംഗ്ബലി, യൂനിഫോം സിവിൽ കോഡ്, രാമനഗരിയിൽ അയോധ്യ മോഡൽ രാമക്ഷേത്രം എന്നിങ്ങനെ പോകുന്നു ബി.ജെ.പി ഉയർത്തിയ പ്രചാരണ തന്ത്രങ്ങൾ. കോൺഗ്രസിന്റെ മുഖ്യ പ്രചാരണായുധം ബി.ജെ.പി ഭരണത്തിലെ അഴിമതിയും വിലക്കയറ്റവും സാമ്പത്തിക മുരടിപ്പും വ്യാവസായിക വളർച്ചയില്ലായ്മയും മത സൗഹാർദത്തിനേറ്റ തിരിച്ചടിയുമായിരുന്നു.
ഒരു സംസ്ഥാന തെരഞ്ഞെടുപ്പിൽ ഇത്ര മാത്രം വിഷയങ്ങൾ സജീവ ചർച്ചക്കു വന്ന സന്ദർഭം മുമ്പുണ്ടായിട്ടില്ല. അടുത്ത വർഷത്തെ പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനലും; രാജസ്ഥാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തെലങ്കാന സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ നാന്ദിയും ആയിത്തീരുമെന്നതിനാലാവാം പ്രചാരണത്തിന് എരിവും പുളിയും കൂടിയത്. പതിവുപോലെ ഹിന്ദുത്വ കാർഡുമായാണ് ബി.ജെ.പി ജനമധ്യത്തിലേക്കിറങ്ങിയത്. മുസ ലിംകളെ മത്സരിപ്പിച്ചില്ല; അവരുടെ നേതാക്കന്മാരുമായി ആശയവിനിമയം നടത്തിയില്ല. എന്ന് മാത്രമല്ല, തങ്ങൾ അധികാരത്തിൽ വന്നാൽ മുസ്‌ലിം അവകാശങ്ങൾ ഓരോന്നായി കവർന്നെടുക്കുമെന്ന് ഉറക്കെയുറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഉത്തരേന്ത്യയിലും ഗുജറാത്തിലും ലഭിച്ച സ്വീകാര്യത വർഗീയ വിഷപ്രയോഗങ്ങൾക്ക് കർണാടകക്കാർ നൽകിയില്ല. അവരുടെ നിലപാട് വ്യക്തമായിരുന്നു: ഞങ്ങൾക്ക് വേണ്ടത് സദ്ഭരണവും വികസനവുമാണ്; മുസ്‌ലിമിനെ കർണാടകയിൽ നിന്ന് പുറത്താക്കലല്ല.
മുസ്‌ലിം അപരവൽക്കരണം ഉറപ്പാക്കുന്നതിന് ഏതാനും വർഷങ്ങളായി ബൃഹത്തായ ഒരു പ്രവർത്തന ശൃംഖല തന്നെയുണ്ടായിരുന്നു ബി.ജെ.പിക്ക്. ടിപ്പു സുൽത്താൻ എന്ന രാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ടത്തിൽ തങ്കലിപികളാൽ സ്വന്തം ജീവൻ കൊണ്ട് ചരിത്രം രചിച്ച മഹാനായ മൈസൂർ ചക്രവർത്തിയെ അവർ കടുത്ത വർഗീയവാദിയാക്കി ചരിത്രത്തിൽനിന്ന് നിഷ്‌കാസനം ചെയ്യാൻ ശ്രമിച്ചു.
മുസ്‌ലിം സ്ത്രീയുടെ വേഷമായ ഹിജാബ് നിരോധിച്ചുകൊണ്ട് പതിനായിരക്കണക്കിന് മുസ്‌ലിം വിദ്യാർത്ഥിനികളുടെ വിദ്യാഭ്യാസം തടയപ്പെടുന്നുവെന്ന് ഉറപ്പു വരുത്തി. ഗോവധ നിരോധനം കൊണ്ടുവന്നു. മതപരിവർത്തനം നിരോധിച്ചു. ഗോ സംരക്ഷകരെന്ന പേരിൽ മുസ്‌ലിം വേട്ടക്ക് വേണ്ടി യുവാക്കളെ കയറൂരി വിട്ടു. ഈദ്ഗാഹ് തിരിച്ചുപിടിച്ചു. ഏക സിവിൽ കോഡ് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു. 13% വരുന്ന മുസ്‌ലിംകൾക്ക് അനുവദിച്ച നാല് ശതമാനം സംവരണം രായ്ക്കുരാമാനം നിർത്തലാക്കി.
അതേ സമയം കോൺഗ്രസ് സുധീരമായ നയങ്ങളോടെയും പരിപാടികളോടെയുമാണ് ഗോദയിലിറങ്ങിയത്. ഇങ്ങനെ മതേതരത്വത്തിന്റെ കാവലാളായി മുമ്പ് കോൺഗ്രസിനെ കണ്ടിട്ടില്ല. അചഞ്ചലമായിരുന്നു അവരുടെ നിലപാടെന്നത് എടുത്തുപറയേണ്ടത് തന്നെയാണ്. ഹിജാബ് നിരോധിച്ച നാട്ടിൽ പർദയിട്ട മുസ്‌ലിം പെണ്ണിനെ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുകയും വിജയിപ്പിക്കുകയും ചെയ്തു. 84% ഹിന്ദു വോട്ടർമാരുള്ള ഒരു സംസ്ഥാനത്ത് മുസ്‌ലിം സംവരണം പുനഃസ്ഥാപിക്കുമെന്നും ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്നും തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകാൻ ധൈര്യം കാണിച്ചു. അയോധ്യയാക്കുമെന്ന് ബി.ജെ.പി പറഞ്ഞ രാമനഗരയിൽ കോൺഗ്രസ് ഇഖ്ബാൽ ഹുസൈൻ എന്ന മുസ്‌ലിം സ്ഥാനാർത്ഥിയെ വിജയിപ്പിച്ചു.
ഡി.കെ എന്ന രണ്ടക്ഷരത്തിലറിയപ്പെടുന്ന ദൊദ്ദല്ലഹള്ളി കെമ്പഗൗഡ ശിവകുമാറിന്റെയും മുൻ മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെയും നേതൃത്വത്തിൽ അനവരതം ചലിച്ച 'ഡബിൾ എൻജിൻ' പോലെയായിരുന്നു പാർട്ടി സംവിധാനം. 2018 ൽ ശ്രീരാമലു എം.എൽ.എയുടെ നേതൃത്വത്തിൽ കോൺഗ്രസ് വിട്ട 17 ചതിയന്മാരിൽ 15 നെയും തോൽപിച്ചു. ഹിജാബ് നിരോധിച്ച വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷടക്കം മത്സരിച്ച എട്ടിൽ ഏഴ് മന്ത്രിമാർ തോറ്റു. 2018 ൽ ബി.ജെ.പിക്ക് 104 ഉം കോൺഗ്രസിന് 80 സീറ്റുമാണുണ്ടായിരുന്നത്. 2023 ൽ ബി.ജെ.പി 65 ലേക്ക് ചുരുങ്ങുമ്പോൾ കോൺഗ്രസ് 135 ലേക്ക് കുതിച്ചുയർന്നു. ജെ.ഡി.എസിന്റെ നില വളരെ മോശമായി, 37 ൽ നിന്നും 19 ലേക്ക് ചുരുങ്ങി, അഞ്ച് ശതമാനം വോട്ട് നഷ്ടവും.
ജനവിധി ഇത്രമാത്രം ആശാവഹമാവാൻ മറ്റു പല ഘടകങ്ങളും കാരണമായിട്ടുണ്ട്. കർണാടകയുടെ മധ്യവർഗ പൊതുസമൂഹം രാഷ്ട്രീയാതീതമായി കാര്യങ്ങളെ കാണുന്നവരാണ്. ബി.ജെ.പി മുന്നോട്ടുവെച്ച വെറുപ്പിന്റെ അതിപ്രസരം അവരംഗീകരിച്ചില്ല. അത് ദ്രാവിഡ സംസ്‌കാരത്തിന് യോജിച്ചതായിരുന്നില്ല. എഡ്ഡെലു കർണാടക (പ്രകാശ് രാജ്), ബഹുത്വ കർണാടക പോലെയുള്ള സിവിൽ സൊസൈറ്റികൾ ബി.ജെ.പിക്കെതിരെ വോട്ട് ഏകീകരണത്തിന് പരിശ്രമിച്ചിരുന്നു. മുസ്‌ലിം വോട്ടുകളുടെ ഏകീകരണം വലിയ തോതിൽ സംഭവിച്ചു. സിദ്ധരാമയ്യയുടെ അഹിന്ദ (ഒ.ബി.സി, ന്യൂനപക്ഷം, എസ്.സി, എസ്.ടി) കൂട്ടുകെട്ട് കോൺഗ്രസിന് അനുകൂലമായി.
കരുനാട് അഥവാ ഉയർന്ന പ്രദേശം എന്ന വാക്കിൽനിന്നാണ് കർണാടക ഉണ്ടാവുന്നത്. ഇന്നത് യഥാർത്ഥത്തിൽ ഉയർന്ന നാടു തന്നെയായി. ഒരു നാടിന്റെ യശസ്സിന്റെ മുകളിൽ, സംസ്‌കാരത്തിന്റെ മുകളിൽ പുറത്തുനിന്നും വന്ന ചിലർ സമഗ്രാധിപത്യ ദേശീയതയുടെ ഫാസിസ്റ്റ് അജണ്ടയും ക്രോണി കാപിറ്റലും എടുത്തുവെച്ച് സമ്മർദം ചെലുത്തിയപ്പോൾ, കിട്ടിയ അവസരം വളരെ ഭംഗിയായി നിർവഹിച്ച് ജനം പ്രതികാരം തീർത്തിരിക്കുകയാണ്. അണ്ണാമലൈ എന്നൊരു ഐ.എ.എസ് ഓഫീസറെ തെരഞ്ഞെടുപ്പിന്റെ ചുക്കാൻ ഏൽപിച്ചുകൊണ്ട് ബി.ജെ.പി തന്ത്രമൊരുക്കിയപ്പോൾ സുനിൽ കനുഗോലുവിനെ കോൺഗ്രസും രംഗത്തിറക്കി.
അണ്ണാമലൈ ബി.ജെ.പിക്ക് ബാധ്യതയായപ്പോൾ സുനിൽ കോൺഗ്രസിന് അനുഗ്രഹമായി. ചിലർക്ക് പാഠമാണ് ഈ തെരഞ്ഞെടുപ്പ്; എന്നാൽ ആർക്കെങ്കിലും തനിയെ അഹങ്കരിക്കാൻ വക നൽകുന്നുമില്ല.






