കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം ഒരു നോവായി മനുഷ്യ മനസ്സിൽ മായാതെ നിൽക്കുമ്പോഴാണ് കൊണ്ടോട്ടിയിൽ നിന്ന് മറ്റൊരു ആൾക്കൂട്ട കൊലപാതകത്തിന്റെ വാർത്ത പുറത്തു വരുന്നത്. കൊണ്ടോട്ടി കീഴ്ശേരിക്കടുത്ത് ഉത്തരേന്ത്യക്കാരനായ അതിഥി തൊഴിലാളി അർധരാത്രിയിൽ കൊല്ലപ്പെട്ടത് ഒരു സംഘമാളുകളുടെ മർദനത്തെ തുടർന്നാണെന്ന സംശയം ബലപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേസിൽ ഏതാനും പേരെ പോലീസ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിഥി തൊഴിലാളിയുടെ മരണത്തിന് യഥാർഥ കാരണമെന്തെന്ന് ഇവരെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ പുറത്തു വരൂ. അർധരാത്രിയിൽ വീട്ടിൽ മോഷ്ടിക്കാൻ കയറിയ യുവാവിനെ മർദിച്ചതിനെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക മൊഴികളിൽ നിന്നുള്ള സൂചനകൾ. ഏതാനും ദിവസം മുമ്പ് മാത്രം ഈ പ്രദേശത്ത് തൊഴിലിനെന്ന പേരിൽ എത്തിയ യുവാവ് മോഷണം ലക്ഷ്യമിട്ടാണോ എത്തിയതെന്നും സംശയിക്കുന്നുണ്ട്. അതേസമയം, മോഷ്ടാവെന്ന സംശയത്തിൽ യുവാവിനെ ജീവനെടുക്കുന്ന തരത്തിൽ മർദിച്ചവരുടെ മനുഷ്യത്വമില്ലായ്മയാണ് ഇവിടെ പ്രധാനമായും ചർച്ച ചെയ്യപ്പെടേണ്ടത്.
അട്ടപ്പാടിയിലെ ആദിവാസിയായ മധു വിശപ്പ് സഹിക്കാനാകാതെ ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ചതിന്റെ പേരിലാണ് നിരവധി യുവാക്കൾ ചേർന്ന് കൊലപ്പെടുത്തിയത്. ഈ കേസിൽ വർഷങ്ങളായി തുടരുന്ന നിയമ നടപടികൾ ഏതാനും ദിവസം മുമ്പാണ് അവസാനിച്ചത്. പ്രതികൾക്ക് കോടതി കടുത്ത ശിക്ഷ നൽകിയിരുന്നു.
ബിഹാർ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ മാധവ്പൂർ സ്വദേശി രാജേഷ് മാഞ്ചിയെന്ന മുപ്പത്തിയാറുകാരൻ വെള്ളിയാഴ്ച അർധരാത്രിയാണ് കീഴ്ശേരിയിൽ കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ കീഴ്്ശേരി അങ്ങാടിയിലാണ് മരിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്. നേരത്തെ പട്ടാമ്പിയിൽ ദിവസക്കൂലി ചെയ്തിരുന്ന ഇയാൾ രണ്ടു ദിവസം മുമ്പാണ് കോഴി ഫാമിലെ ജോലിക്കായി കീഴ്ശേരിയിൽ എത്തിയത്. വെള്ളിയാഴ്ച അർധരാത്രിയിൽ ഇയാൾ പ്രദേശത്തെ വീട്ടിൽ മോഷണത്തിനെത്തിയെന്നാണ് പ്രതികളിൽ നിന്നുള്ള മൊഴികളിൽ നിന്ന് അറിയുന്നത്. എന്നാൽ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അർധരാത്രി നിരവധി പേർ ചേർന്ന് ഇയാളെ മാരകമായി മർദിക്കുകയും അവശനിലയിലായതോടെ ഇയാളെ വലിച്ചിഴച്ച് അങ്ങാടിയിൽ റോഡരികിൽ ഉപേക്ഷിക്കുകയും ചെയ്തു. തുടർന്ന് പ്രദേശത്തെ പൊതുപ്രവർത്തകനെ വിളിച്ച് മോഷ്ടാവിനെ പിടികൂടിയെന്ന കാര്യം പറഞ്ഞു. പൊതുപ്രവർത്തകൻ നൽകിയ വിവരമറിഞ്ഞെത്തിയ പോലീസ് നടത്തിയ വിശദമായ പരിശോധനയിലാണ് കൊലപാതകമാണ് നടന്നതെന്ന് തിരിച്ചറിഞ്ഞത്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ കണ്ടെത്തിയത്. യുവാവിനെ പിടികൂടിയ സ്ഥലത്തെ നിവാസികളാണ് അറസ്റ്റിലായവർ.
മാരകമായ മർദനമേറ്റാണ് രാജേഷ് മാഞ്ചി മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്.പൈപ്പുകളും മരവടികളുമുപയോഗിച്ച് നിരവധി പേർ ഇയാളെ ശക്തമായി അടിച്ചിട്ടുണ്ടായിരുന്നു. ക്രൂരമായ മർദനമാണ് മരണത്തിനിടയാക്കിയത്.
യുവാവ് മോഷ്ടാവ് തന്നെയാണെന്നും പിടികൂടിയ ശേഷം രക്ഷപ്പെടുമെന്നായപ്പോഴാണ് മർദ്ദിച്ചതെന്നുമാണ് പ്രതികൾ നൽകിയിട്ടുള്ള മൊഴി. എട്ടു പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. കൂടുതൽ പേരെ സംശയിക്കുന്നുമുണ്ട്.
ക്രൂരതയുടെ മറ്റൊരു മുഖമായി കീഴ്ശേരി സംഭവം മാറുകയാണ്. യുവാവ് മോഷണം ലക്ഷ്യമിട്ടാണ് വന്നതെങ്കിൽ പിടികൂടിയ ശേഷം ഇയാളെ പോലീസിൽ ഏൽപിക്കാനുള്ള പ്രാഥമിക ഉത്തരവാദിത്തമാണ് പ്രതികൾക്കുണ്ടായിരുന്നത്. അതിന് പകരം ക്രൂരമായ മർദനം അഴിച്ചു വിടുകയായിരുന്നു. അട്ടപ്പാടിയിൽ വിശന്നു വലഞ്ഞ ആദിവാസി യുവാവ് ഭക്ഷണത്തിനായി നടത്തിയ മോഷണം കൊടുംപാതകമായി കണ്ട് ആ യുവാവിനെ അടിച്ചു കൊന്നവരുടെ നാടാണിത്. നിയമം കൈയിലെടുക്കാനും ക്രൂരത അഴിച്ചുവിടാനും ഒരു മടിയുമില്ലാത്ത പല സംഘമാളുകളുടെ നാടായി കേരളം മാറിയിരിക്കുന്നു. പിടിയിലായ യുവാവ് കുറ്റവാളിയാണോ എന്ന് കണ്ടെത്തേണ്ടത് പോലീസിന്റെ ജോലിയാണ്. യുവാവിനെ പിടികൂടാൻ കഴിഞ്ഞ നിലക്ക് അയാളെ പോലീസിന് കൈമാറുകയാണ് പ്രതികൾ ചെയ്യേണ്ടിയിരുന്നത്. അതിന് പകരം ശിക്ഷ അവർ തന്നെ വിധിക്കുന്ന നിലയിലേക്കാണ് കാര്യങ്ങളെത്തിച്ചത്. അതിന്റെ ഫലമാകട്ടെ, അന്യദേശത്തു നിന്ന് സ്വന്തം കുടുംബം പോറ്റാനായി കേരളത്തിൽ പ്രവാസി ജീവിതം തെരഞ്ഞെടുത്തെത്തിയ അയാൾക്ക് കൊടുംമർദനമേറ്റ് മരിക്കേണ്ടി വന്നു. യുവാവ് മോഷ്ടാവാണെങ്കിൽ അയാളെ നിയമത്തിന് മുന്നിലെക്കുന്നതിനും നിയമപരമായ ശിക്ഷ നൽകുന്നതിനും നാട്ടിൽ സംവിധാനങ്ങളുണ്ട്. സ്വയം വിധികർത്താക്കളായി മാറാനുള്ള അധികാരം ആർക്കുമില്ല. യുവാവ് ചെയ്ത ഒരു തെറ്റിനെ അതിനേക്കാൾ വലിയൊരു തെറ്റു കൊണ്ടാണ് പ്രതികൾ നേരിട്ടത്. ഈ തെറ്റിന് ശിക്ഷ ലഭിക്കാതിരിക്കാൻ അവർക്ക് അവകാശങ്ങളൊന്നുമില്ല. നിയമത്തിന് മുന്നിൽ കൊലപാതകികളായി അവർ നിൽക്കുമ്പോൾ അത് നിയമം കൈയിലെടുക്കുന്ന എല്ലാവർക്കുമുള്ള താക്കീതാണ്.






