ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ 'സൗദി വെള്ളക്ക' മികച്ച ചിത്രം

ന്യൂയോര്‍ക്ക് - ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ 'സൗദി വെള്ളക്ക' മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. നിരവധി രാജ്യാന്തര മേളകളില്‍ ചിത്രം വിജയക്കൊടി പാറിച്ചിരുന്നു. ഗോവ ചലച്ചിത്ര മേളയില്‍ നടന്ന വേള്‍ഡ് പ്രിമിയറിലും ഗംഭീര അഭിപ്രായം നേടിയിരുന്നു. ഓപ്പറേഷന്‍ ജാവ'യുടെ വമ്പന്‍ വിജയത്തിനു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ഉര്‍വശി തിയെറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് നിര്‍മിച്ചത്.

മെയ് 11 മുതല്‍ 14 വരെ ന്യൂയോര്‍ക്കില്‍ നടന്ന മേളയില്‍ നാടകങ്ങളും ഡോക്യുമെന്ററികളും ഷോര്‍ട്ട് ഫിലിമുകളും ഉള്‍പ്പെടുന്ന സമകാലിക ഇന്ത്യന്‍ സിനിമയുടെ ആഴവും വ്യാപ്തിയും പ്രദര്‍ശിപ്പിക്കുന്ന 35 സിനിമകള്‍ ഉള്‍പ്പെട്ടിരുന്നു.

സൗദി എന്ന ചെറിയ ഗ്രാമത്തിലെ മനുഷ്യരുടെ ജീവിതം മാറ്റിമറിച്ച വെള്ളക്കയുടെ കഥ പറഞ്ഞെത്തിയ സൗദി വെള്ളക്കയിലെ ഐഷുമ്മയും സത്താറും നസീമയും ബ്രിട്ടോയും വക്കീലും ജഡ്ജിയും പ്രേക്ഷഹൃദയങ്ങള്‍ കീഴടക്കി. ഇന്ത്യന്‍ പനോരമയില്‍ ഇടം ലഭിച്ചതുള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ നേടിയാണ് ചിത്രം തിയറ്ററിലെത്തിയത്.

 

Latest News