അബുദാബി റോഡുകളില്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഇനി ഫ്‌ളാഷ് അലേര്‍ട്ടുകള്‍

അബുദാബി - ട്രാഫിക് അപകടങ്ങളെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും അറിയിപ്പ് നല്‍കാന്‍ അബുദാബിയിലെ ഹൈവേകളില്‍ എല്ലായിടത്തും റോഡ് അലേര്‍ട്ട് സംവിധാനം നിലവില്‍വന്നു. വിവിധ നിറങ്ങളിലുള്ള ഫ്‌ളാഷ് ലൈറ്റുകള്‍ മുഖേന മുന്നറിയിപ്പ് നല്‍കും. റോഡ് സുരക്ഷ വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അബുദാബി പോലീസ് പറഞ്ഞു.
ചുവപ്പ്, നീല നിറങ്ങളിലാണ് ഫ്‌ളാഷ് ലൈറ്റ് തെളിയുന്നതെങ്കില്‍ റോഡില്‍ അപകടം ഉണ്ടായിട്ടുണ്ട് എന്നതിന്റെ മുന്നറിയിപ്പാണ്. മഞ്ഞനിറമാണെങ്കില്‍ മഞ്ഞ്, പൊടി, മഴ തുടങ്ങി മോശം കാലാവസ്ഥയെ സംബന്ധിക്കുന്ന മുന്നറിയിപ്പും. സൗരോര്‍ജ്ജവും ബാറ്ററികളും ഉപയോഗിച്ചാണ് അലേര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. പകലും രാത്രിയും 200 മീറ്റര്‍ വരെ ദൂരത്തില്‍നിന്ന് ഇവ ദൃശ്യമാകും.
അബുദാബി പോലീസ് ആരംഭിച്ച റോഡ് സുരക്ഷാ നടപടികളില്‍ ഏറ്റവും പുതിയതാണ് സ്മാര്‍ട്ട് അലേര്‍ട്ട് സിസ്റ്റം. വേഗം കുറഞ്ഞ ഡ്രൈവര്‍മാര്‍ക്ക് 400 ദിര്‍ഹം പിഴ ഈ സിസ്റ്റം വഴി അടുത്തിടെ ചുമത്തിയിരുന്നു. പരമാവധി വേഗപരിധി മണിക്കൂറില്‍ 140 കിലോമീറ്റര്‍ ഉള്ള ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡില്‍, വാഹനമോടിക്കുന്നവര്‍ ഇടതുവശത്തുള്ള രണ്ട് പാതകളിലൂടെ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തിലാണ് വാഹനം ഓടിക്കേണ്ടത്.

 

Latest News