റിയാദ്- വനിതകളുടെ ദീർഘകാലമായുള്ള സ്വപ്‌നമാണ് ഡ്രൈവിംഗ് അനുമതിയിലൂടെ സഫലമായതെന്ന് വനിതാ വ്യവസായി ഈമാൻ ഫൈസൽ ആലുഗാലിബ് പറഞ്ഞു.
സൗദിയിലെ മുഴുവൻ വനിതകളുടെയും ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കുന്ന ചുവടുവെപ്പാണിത്. കാറും ലോറിയും ബൈക്കും ഓടിക്കുന്നതിന് സൗദിയിൽ കഴിയുന്ന ഏതു വനിതക്കും സാധിക്കും. പുരുഷന്മാരെ പോലെ ഉപജീവന മാർഗം കണ്ടെത്തുന്നതിന് ടാക്‌സി ഡ്രൈവർമാരായി ജോലി ചെയ്യുന്നതിനും വനിതകൾക്ക് അവസരം ഒരുങ്ങിയിരിക്കുകയാണ്.
രാജ്യത്തിന്റെ വളർച്ചയിലും നിർമിതിയിലും അടിസ്ഥാന പങ്കാളിയായി വനിതകൾ മാറിയിരിക്കുകയാണെന്നും ഈമാൻ ഫൈസൽ ആലുഗാലിബ് പറഞ്ഞു.
വനിതകൾക്ക് പ്രതിവർഷം അര ലക്ഷം തൊഴിലവസരങ്ങൾ വീതം ലഭ്യമാക്കുന്നതിന് ഡ്രൈവിംഗ് അനുമതി സഹായകമാകുമെന്ന് വനിതാ വ്യവസായി അബീർ അൽബലൂശി പറഞ്ഞു. പത്തു വർഷത്തിനുള്ളിൽ അഞ്ചു ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ വനിതകൾക്ക് ലഭ്യമാക്കുന്നതിന് ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി നിരവധി നേട്ടങ്ങൾ സമ്മാനിക്കും.
പ്രാദേശിക തൊഴിൽ വിപണിയിൽ വനിതാ പങ്കാളിത്തം 22 ശതമാനത്തിൽ നിന്ന് 30 ശതമാനമായി ഉയർത്തുന്നതിനുള്ള വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിന് വനിതകൾക്കു മുന്നിലുള്ള എല്ലാ പ്രതിബന്ധങ്ങളും നീക്കം ചെയ്യേണ്ടതുണ്ട്. സൗദിയിൽ വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 33 ശതമാനത്തിൽ കൂടുതലാണ്. എന്നാൽ രാജ്യത്ത് മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് 12 ശതമാനം മാത്രമാണ്. സമീപ കാലത്ത് സ്ത്രീശാക്തീകരണ മേഖലയിൽ ഭരണാധികാരികൾ കൈക്കൊണ്ട നിരവധി തീരുമാനങ്ങളുടെ ഭാഗമാണ് ഡ്രൈവിംഗ് അനുമതിയെന്നും അബീർ അൽബലൂശി പറഞ്ഞു.
അഞ്ചു ലക്ഷത്തിലേറെ വനിതകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും രാജ്യത്ത് കുറ്റകൃത്യങ്ങളുടെ നിരക്ക് വലിയ തോതിൽ കുറയ്ക്കുന്നതിനും ഡ്രൈവിംഗ് അനുമതി സഹായിക്കുമെന്ന് ഹിബ മുദ്ഹിശ് പറഞ്ഞു.
ഹൗസ് ഡ്രൈവർമാരുടെ റിക്രൂട്ട്‌മെന്റ് കുറയ്ക്കുന്നതിനും അശ്രദ്ധരായ പുരുഷ ഡ്രൈവർമാരുണ്ടാക്കുന്ന അപകടങ്ങളിൽ നിന്ന് കുട്ടികൾക്കും വിദ്യാർഥികൾക്കും സംരക്ഷണം നൽകുന്നതിനും കുറഞ്ഞ വരുമാനക്കാരായ വനിതകൾക്ക് ഉപജീവന മാർഗം കണ്ടെത്തുന്നതിനും ഇത് സഹായകമാകുമെന്ന് ഹിബ മുദ്ഹിശ് പറഞ്ഞു.
വാഹന വിപണി, ചില്ലറ വ്യാപാരം, ജനറൽ സർവീസ്, റിപ്പയറിംഗ് തുടങ്ങി നിരവധി മേഖലകളിൽ വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി സ്വാധീനം ചെലുത്തുമെന്നും ഈ മേഖലകളിൽ വലിയ തോതിൽ ഉണർവുണ്ടാകുമെന്നും എൻജിനീയർ സനാ ബുഖാരി പറഞ്ഞു.
വനിതകൾക്ക് ജോലി നൽകുന്നതിനുള്ള പ്രധാന പ്രതിബന്ധം ഇതോടെ ഇല്ലാതാവുകയാണ്. കാർ ഷോറൂമുകളിൽ മികച്ച ബിസിനസാണ് ഇപ്പോൾ നടക്കുന്നത്. നിരവധി വനിതകൾ പുതുതായി തൊഴിൽ വിപണിയിൽ പ്രവേശിക്കുന്നതിനും പുതിയ ചുവടുവെപ്പ് സഹായകമാകുമെന്ന് എൻജിനീയർ സനാ ബുഖാരി പറഞ്ഞു.






