ഈ വർഷം അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി എറണാകുളം പറവൂർ കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ ചെറുധാന്യങ്ങളുടെ വിളവെടുപ്പ് തുടങ്ങി. ചെറുധാന്യ കൃഷി വ്യാപന പദ്ധതിയായ മില്ലറ്റ് വേൾഡ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഇവിടെ ചെറുധാന്യങ്ങളുടെ കൃഷിയിറക്കിയത്. കൂനമ്മാവ് ചാവറ വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ നടന്ന ചെറുധാന്യ വിളവെടുപ്പ് പറവൂർ കൃഷി അസിസ്റ്റന്റ് ഡയറക്റ്റർ ശശി മേനോൻ ഉദ്ഘാടനം ചെയ്തു.
കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിൽ മില്ലറ്റ് വേൾഡ് പ്രോഗ്രാമിന്റെ ഭാഗമായി 15 ഹെക്ടർ സ്ഥലത്താണ് ചെറുധാന്യ കൃഷി ആരംഭിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളത്. കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കൃഷിയോഗ്യമായ തരിശു സ്ഥലങ്ങളിലും പൊക്കാളിപ്പാടങ്ങളിലെ ചിറകളിലുമാണ് ചെറുധാന്യകൃഷി വ്യാപിപ്പിക്കുന്നത്. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവനാണ് മേൽനോട്ടം. ആദ്യ ഘട്ടമെന്ന നിലയിൽ അഞ്ച് ഏക്കറോളം സ്ഥലത്താണ് പരീക്ഷണാടിസ്ഥാനത്തിൽ ചെറു ധാന്യകൃഷിയാരംഭിച്ചത്. ചാമ, റാഗി, ബജ്റ, സൊർഗം, വിരഗ്, പനി വിരഗ്, കുതിരവാലി, ധാന്യവിളയായ കമ്പ്, മുതലായ ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്തത്. അതിന്റെ വിളവെടുപ്പാണ് നടന്നത്. കോട്ടുവള്ളി കൃഷി ഓഫീസർ ജെ.സരിതാ മോഹൻ, കൃഷി അസിസ്റ്റന്റ് എസ്.കെ. ഷിനു, ചാവറ വൊക്കേഷണൽ ട്രെയിനിംഗ് സെന്റർ പ്രിൻസിപ്പൽ സിസ്റ്റർ ജയ മരിയ, വിദ്യാർത്ഥികൾ, അധ്യാപകർ, കർഷകർ തുടങ്ങിയവർ വിളവെടുപ്പിൽ പങ്കെടുത്തു.