പ്രവാസി സംരംഭമായ അസ്റ മെഡിക്കൽ സെന്റർ പെരുമ്പാവൂരിനു സമീപം പോഞ്ഞാശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്്തു. ആതുര സേവനം സമൂഹ നന്മയിലധിഷ്ഠിതമാണെന്നും അത് ജനകീയമാകുമ്പോഴാണ് കൂടുതൽ മഹത്തരമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. രോഗം കൊണ്ട് പ്രയാസപ്പെടുന്നവരെ ചേർത്തുപിടിച്ച, കഴിഞ്ഞ ദിവസം മരണപ്പെട്ട ദമാമിലെ മികച്ച ജനകീയ ആരോഗ്യ പ്രവർത്തകയായിരുന്ന ആമിന അബ്ദുല്ലയുടെ ചിരകാലാഭിലാഷമാണ് ഇന്നിവിടെ സാക്ഷാത്കരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി അറേബ്യയിൽ ദീർഘകാലമായി ആതുര സേവന രംഗത്തു പ്രവർത്തിച്ചു വരുന്ന അബ്ദുല്ല മലേക്കുടിയാണ് ആധുനിക സംവിധാനങ്ങളോടെ ഈ ആതുരാലയം സ്ഥാപിച്ചിട്ടുള്ളത്. അടുത്തിടെ മരിച്ച ഭാര്യ ആമിന അബ്ദുല്ലയുടെ ചിരാകാല സ്വപ്‌ന സാക്ഷാത്കാരം കൂടിയാണ് ഈ ആശുപത്രി. അതിനാലാണ് അവരുടെ ഓർമ നിലനിർത്തി ഇൻ ലവിംഗ് മെമ്മറി ഓഫ് ആമിന എന്നു കൂടി ആശുപത്രിയുടെ പേരിനൊപ്പം ചേർത്തിട്ടുള്ളത്. ദമാം ബദർ അൽ റബീഹ് മെഡിക്കൽ സെന്ററിലെ ഹെഡ് നഴ്‌സായിരുന്നു ആമിന. ഫാർമസിയും ലാബും അടക്കം ആധുനിക ചികിത്സ സൗകര്യങ്ങളോടെയാണ് മെഡിക്കൽ സെന്റർ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. അത്യാവശ്യ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ സംഘത്തിന്റെ സേവനവും അസ്റയിൽ ലഭ്യമാണ്.
മെഡിക്കൽ സെന്റർ എം.ഡി എം.എം. അബ്ദുല്ല മലേക്കുടി അധ്യക്ഷത വഹിച്ചു. എം.എം.അഷ്റഫ് മലേക്കുടി സ്വാഗതം പറഞ്ഞു.
ബെന്നി ബഹനാൻ എം.പി, ജസ്റ്റിസ് സി.കെ.അബ്ദുൽ റഹീം (ചെയർമാൻ, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ), കെ.പി.സി.സി സെക്രട്ടറി ടി.എം. സക്കീർ ഹുസൈൻ, എം.കെ. നാസർ (ജില്ല പഞ്ചായത്ത് അംഗം), വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എ. അൻവർ അലി, വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ശിഹാബ് പള്ളിക്കൽ, സി.പി. അബ്ദുൽ അസീസ് (ഡയറക്ടർ, ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ), ഡോ.അനീസ് മുസ്തഫ (ന്യൂറോ സർജൻ), ബിബിൻഷാ (പഞ്ചായത്ത് അംഗം), വിവിധ മതപുരോഹിതൻമാരും നിരവധി പ്രവാസികളും കെ.എം.സി.സിയുടെ ദമാമിലെ മുൻ ഭാരവാഹികളും അടക്കം നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.