Sorry, you need to enable JavaScript to visit this website.

സൗദിയിലെ ഡ്രൈവിംഗ് സീറ്റുകളിൽ മലയാളി വനിതകളും

ജിദ്ദ നഗരത്തിലൂടെ വാഹനം ഓടിക്കുന്ന ഡോ. ഇന്ദു.

ജിദ്ദ- സൗദിയിൽ വനിതകൾക്ക് വാഹനം ഓടിക്കാനുള്ള അനുമതി ലഭിച്ചതോടെ ലൈസൻസ് കരസ്ഥമാക്കാൻ മലയാളി വനിതകളും. ജിദ്ദ നാഷണൽ ഹോസ്പിറ്റലിലെ ഇന്റേണിസ്റ്റ് ഡോ. ഇന്ദു ഇന്നലെ ലൈസൻസ് കരസ്ഥമാക്കി മക്ക പ്രവിശ്യയിൽനിന്ന് ലൈസൻസ് നേടുന്ന ആദ്യ മലയാളിയായി. കഴിഞ്ഞ ദിവസം ജുബൈൽ കിംഗ് അബ്ദുൽ അസീസ് നേവൽ ബേസ് മിലിട്ടറി ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുന്ന പത്തനംതിട്ട കുമ്പഴ സ്വദേശി സാറാമ്മ തോമസിന് (സോമി) ലൈസൻസ് ലഭിച്ചിരുന്നു. 
13 വർഷമായി ജിദ്ദ നാഷണൽ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശിനി ഡോ. ഇന്ദു പെരിന്തൽമണ്ണ സ്വദേശിയും ജിദ്ദയിൽ ബിസിനസുകാരനുമായ നൗഷാദിന്റെ ഭാര്യയാണ്. 20 വർഷം മുൻപ് കേരളത്തിൽനിന്ന് ലൈസൻസെടുത്തതാണ്. ഈ ലൈസൻസ് ഹാജരാക്കിയാണ് ഡോ. ഇന്ദു ഇന്നലെ മക്കയിൽനിന്ന് ലൈസൻസ് സമ്പാദിച്ചത്. ഓൺലൈനിൽ രജിസ്റ്റർ ചെയ്ത ശേഷം ടെസ്റ്റിന് ഹാജരാവാൻ ആവശ്യപ്പെട്ടതനുസരിച്ച് മക്കയിൽ പോയാണ് ടെസ്റ്റ് നൽകിയത്. പാർക്കിംഗ് ഉൾപ്പെടെയുള്ള ടെസ്റ്റ് നടത്തി പാസായ ഉടൻ ലൈസൻസ് നൽകുകയായിരുന്നു. സിഗ്‌നലുകളെക്കുറിച്ചുള്ള ചോദ്യവും ഉണ്ടായിരുന്നതായി ഡോ. ഇന്ദു പറഞ്ഞു. ജിദ്ദയിൽ ടെസ്റ്റിന് അനുമതിക്ക് കൂടുതൽ ദിവസം കാത്തിരിക്കേണ്ടിതുണ്ടെന്നറിഞ്ഞതിനാലാണ് മക്കയിൽ ടെസ്റ്റിനായി അപേക്ഷിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. 
ലൈസൻസ് കിട്ടിയ ഉടൻ മക്കയിൽനിന്ന് ജിദ്ദയിലേക്ക് വാഹനം ഓടിച്ചാണ് പോന്നത്. പിന്നീട് നഗരത്തിലും ഓടിച്ചു. തശൂർ മെഡിക്കൽ കോളേജിൽനിന്ന് ബിരുദമെടുത്ത ഡോ. ഇന്ദു തിരുവനന്തപുരം കിംസ് ആശുപത്രിയിലും ജോലി ചെയ്തിട്ടുണ്ട്. 


ജുബൈൽ മിലിട്ടറി ആശുപത്രിയിൽ ഒൻപതു വർഷമായി ജോലി ചെയ്യുന്ന സോമി കുമ്പഴ പുതുപറമ്പിൽ മാത്യു ടി തോമസിന്റെ ഭാര്യയാണ്. സോമിക്ക് ദമാം പ്രവിശ്യയിലെ ലൈസൻസിംഗ് കേന്ദ്രത്തിൽനിന്ന് കഴിഞ്ഞ ദിവസമാണ്  ലൈസൻസ് ലഭിച്ചത്. 

 

Latest News