കൂപ്പുകുത്തി ഇന്ത്യന്‍ രൂപ; മൂല്യത്തില്‍ എക്കാലത്തേയും വലിയ ഇടിവ്

ന്യൂദല്‍ഹി- ഇന്ധനവിലയില്‍ വീണ്ടും നേരിയ വര്‍ധനവുണ്ടായതിനു തൊട്ടുപിന്നാലെ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഏക്കാലത്തെയും ഏറ്റവും വലിയ ഇടിവുണ്ടായി. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 49 പൈസ ഇടിഞ്ഞ് 69.10 രൂപയിലെത്തി. ഡോളറിനു ഡിമാന്‍ഡ് വര്‍ധിച്ചതും എണ്ണ വില വര്‍ധനയുണ്ടാക്കിയ സമ്മര്‍ദ്ദവുമാണ് ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവായ ഇന്ത്യക്ക് തിരിച്ചടിയായത്. ക്രൂഡ് ഓയില്‍ വില വര്‍ധന കറണ്ട് അക്കൗണ്ട് കമ്മിയുണ്ടാക്കുമെന്ന അനുമാനവും ഡോളര്‍ കരുത്താര്‍ജ്ജിച്ചതുമാണ് ഇടിവിനു കാരണം. 

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കാന്‍ ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളോട് യുഎസ് ആവശ്യപ്പെട്ടതോടെയാണ് ആഗോള വിപണിയില്‍ ഇന്ധനവില ഉയരാന്‍ ഇടയാക്കിയത്. ലിബിയയിലേയും കാനഡയിലേയും വിതരണ തടസ്സങ്ങളെ കുറിച്ചുളള ആശങ്ക ഇതിന് ആക്കം കൂട്ടുകയും ചെയ്തു.

രൂപയുടെ ഇതുവരെ ഉണ്ടായ ഏറ്റവും വലിയ തകര്‍ച്ച 2016 നവംബര്‍ 24-നായിരുന്നു. അന്ന് ഡോളറിനെതിരെ 68.87 രൂപയായാണ് ഇടിഞ്ഞത്. ഇതിനു ശേഷമുണ്ടായ ഏറ്റവും വലിയ ഇടിവാണ് ഇന്നുണ്ടായത്.

Latest News