ലോക ജനസംഖ്യയിൽ ചൈനയെ ഇന്ത്യ മറികടക്കുകയാണ്. ഏറ്റവും യുവജനങ്ങളുള്ള രാജ്യമായി ഇന്ത്യ മാറുന്നു. പക്ഷേ കായികരംഗത്ത് ചൈനക്കൊപ്പമെത്താൻ ഇന്ത്യക്ക് എപ്പോഴാണ് സാധിക്കുക. ചൈനയെയും ഇന്ത്യയെയും കായികരംഗത്ത് താരതമ്യം ചെയ്യാനെങ്കിലും ആവുമോ?
കണക്കുകൾ പരിശോധിച്ചു നോക്കാം. ഇന്ത്യ സജീവമായി ഒളിംപിക്‌സിൽ പങ്കെടുക്കാൻ തുടങ്ങിയത് 1920 മുതലാണ്. ചൈന പങ്കെടുത്തു തുടങ്ങിയത് 1952 ൽ മാത്രം. എന്നിട്ടും ചൈന ഒളിംപിക്‌സിൽ 283 സ്വർണ മെഡലുകൾ നേടി. ഇന്ത്യ നേടിയത് വെറും പത്തെണ്ണം. അതിൽ എട്ടും ഹോക്കിയിലെ പ്രതാപകാലത്ത്. ചൈനക്ക് ലഭിച്ച ആകെ മെഡലുകൾ 636, ഇന്ത്യക്ക് 35.
ചൈനയുടെ തലസ്ഥാന നഗരിയായ ബെയ്ജിംഗ് രണ്ടു തവണ ഒളിംപിക്‌സിന് വേദിയൊരുക്കി. 2008 ൽ സമ്മർ ഒളിംപിക്‌സിനും 2022 ൽ വിന്റർ ഒളിംപിക്‌സിനും. ഇന്ത്യക്ക് ഇതുവരെ അതിന് സാധിച്ചിട്ടില്ല. ഇന്ത്യ രണ്ടു തവണ ഏഷ്യൻ ഗെയിംസ് സംഘടിപ്പിച്ചു, 1951 ലും 1982 ലും. 2010 ൽ കോമൺവെൽത്ത് ഗെയിംസിനും വേദിയൊരുക്കി. ഇന്ത്യ ഒളിംപിക്‌സിന് വേദിയാവുന്നുണ്ടെങ്കിൽ അതിനുള്ള ആദ്യ അവസരം 2036 ലാണ്. അതിനുള്ള ശ്രമങ്ങൾ പോലും സജീവമല്ല.
ക്രിക്കറ്റൊഴികെ സ്‌പോർട്‌സിൽ ചൈനയുടെ സമീപത്തെങ്ങുമെത്താൻ ഇന്ത്യക്കു സാധിച്ചിട്ടില്ലെന്ന് ഫ്രാൻസിലെ എസ്.കെ.ഇ.എം.എ ബിസിനസ് സ്‌കൂളിലെ സ്‌പോർട് ആന്റ് ജിയോപൊളിറ്റിക്കൽ ഇക്കോണമി പ്രൊഫസർ സൈമൺ ചാഡ്‌വിക് പറയുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ വിജയമാണ് ലോക സ്‌പോർട്‌സിന് ഇന്ത്യൻ കായിക രംഗത്തിന്റെ സംഭാവന. ലോകത്തിലെ ഏറ്റവും സമ്പന്നവും ഏറ്റവും ജനപ്രിയവുമായ ഫ്രാഞ്ചൈസി ക്രിക്കറ്റ് ഇന്ത്യയിലേതാണ്. ചൈനക്കു സാധിക്കാത്ത കാര്യമാണ് ഈ മേഖലയിൽ ഇന്ത്യക്കു കഴിഞ്ഞത് -പണം കായ്ക്കുന്നതും രാജ്യാന്തര വിജയവുമായ ഒരു ആഭ്യന്തര ലീഗ്.
ഇതുപോലൊരു ആഭ്യന്തര ലീഗിന് ഫുട്‌ബോളിൽ ചൈന ശ്രമിച്ചിരുന്നു. പ്രമുഖ കളിക്കാർക്കും കോച്ചുമാർക്കുമായി കോടികൾ അവർ ഒഴുക്കി. ഒരു പതിറ്റാണ്ടോളം ചൈനീസ് സൂപ്പർ ലീഗ് ലോക ഫുട്‌ബോളിൽ തലക്കെട്ടുകൾ പിടിച്ചു. പക്ഷേ സാമ്പത്തിക പ്രതിസന്ധിയും കോവിഡ് മഹാമാരിയും എല്ലാം തകിടം മറിച്ചു. ചൈനീസ് ലീഗിലെ മുൻനിര ടീമുകളെല്ലാം റിയൽ എസ്‌റ്റേറ്റ് കമ്പനികളുടെ ഉടമസ്ഥതയിലായിരുന്നു. കെട്ടിട മേഖലയിലെ പ്രതിസന്ധി നേരിട്ട് ബാധിച്ചത് ചൈനീസ് സൂപ്പർ ലീഗിനെയായിരുന്നു. ലോകത്തിലെ മികച്ച ലീഗുകളിലൊന്നാവാമെന്ന ചൈനയുടെ സ്വപ്‌നം അതോടെ മണ്ണിലമർന്നു. ലോകോത്തര ലീഗിലൂടെ ചൈനീസ് ദേശീയ ടീമിന്റെ ഉയർച്ചയാണ് അവർ പ്രതീക്ഷിച്ചത്. സംഭവിച്ചത് അഴിമതിയാരോപണങ്ങളുടെ ദുർഗന്ധമാണ്. നിരവധി ക്ലബ്ബുകൾ പൂട്ടി. നിലവിലെ ലീഗ് ചാമ്പ്യന്മാരായ ജിയാംഗ്‌സു എഫ്.സി പോലും ഇല്ലാതായി.
അതേസമയം, 2008 ൽ തുടങ്ങിയ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ബ്രാൻഡ് മൂല്യം ഓരോ വർഷവും കൂടുകയാണ്. 2022 ലെ മൂല്യം 840 കോടി ഡോളറാണ്. കഴിഞ്ഞ വർഷം ഐ.പി.എൽ അഞ്ചു വർഷത്തെ സംപ്രേഷണാവകാശം വിറ്റത് 23,575 കോടി രൂപക്കാണ്. ഇത് മത്സരങ്ങളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ലോകത്തിലെ തന്നെ സമ്പന്നമായ കായികമേളയായി മാറും ഐ.പി.എൽ. ഇംഗ്ലിഷ് പ്രീമിയർ ലീഗിനേക്കാളും മുകളിൽ.
അമേരിക്കയിലെ നാഷനൽ ഫുട്‌ബോൾ ലീഗിനു മാത്രം പിന്നിൽ. ഇന്ത്യക്ക് സ്‌പോർട്‌സ് നടത്തിപ്പിനുള്ള കഴിവും വിഭവങ്ങളുമുണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്ന് പ്രൊഫസർ സൈമൺ ചാഡ്‌വിക് പറയുന്നു.
പക്ഷേ അത് ക്രിക്കറ്റിനപ്പുറത്തേക്ക് വികസിക്കേണ്ടതുണ്ടെന്നാണ് അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ മീഡിയ മാനേജർ അരുണാവ ചൗധരി ചൂണ്ടിക്കാട്ടുന്നത്. ബാഡ്മിന്റണിലും ഗുസ്തിയിലും ബോക്‌സിംഗിലുമൊക്കെ പുരോഗതിയുണ്ടായിട്ടുണ്ട്. എന്നാൽ ടീം സ്‌പോർട്‌സാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് സ്‌പോർട്‌സ് അനലിസ്റ്റ് കൂടിയായ അദ്ദേഹം പറയുന്നു. അഹമ്മദാബാദ് നഗരത്തെ 2036 ലെ ഒളിംപിക്‌സ് വേദിക്കായി ഒരുക്കിക്കൊണ്ടുവരികയാണെന്നാണ് ചൗധരിയുടെ അഭിപ്രായം. ഒക്ടോബറിൽ മുംബൈയിൽ ചേരുന്ന ഇന്റർനാഷനൽ ഒളിംപിക് കമ്മിറ്റിയുടെ യോഗം ഇക്കാര്യത്തിൽ നിർണായകമായിരിക്കും.
ഒഡിഷ-കായിക തലസ്ഥാനം
ഒഡിഷയാണ് സ്‌പോർട്‌സ് രംഗത്തെ കുതിപ്പിന് മുൻകൈയെടുക്കുന്നത്. ഇന്ത്യയുടെ കായിക തലസ്ഥാനമെന്നാണ് ഒഡിഷ അറിയപ്പെടുന്നത്. ഹോക്കി, ടെന്നിസ്, ബാഡ്മിന്റൺ, നീന്തൽ കളിക്കളങ്ങൾക്കും സൗകര്യങ്ങൾക്കുമായി രണ്ടായിരം കോടിയിലേറെ രൂപ ഒഡിഷ നിക്ഷേപിച്ചിട്ടുണ്ട്. ഭുവനേശ്വർ കഴിഞ്ഞ ജനുവരിയിൽ ഹോക്കി ലോകകപ്പിന് വേദിയൊരുക്കി. കഴിഞ്ഞ ഒക്ടോബറിൽ നടന്ന അണ്ടർ-17 വനിത ലോകകപ്പിന്റെ ഇന്ത്യയിലെ ആറ് വേദികളിലൊന്നായിരുന്നു ഭുവനേശ്വർ.
എന്നാൽ വലിയ കായികമേളകൾ സംഘടിപ്പിക്കുന്നതിലല്ല, കളിക്കളത്തിൽ കഴിവ് തെളിയിക്കുന്നതിലാണ് കാര്യമെന്ന് ബെയ്ജിംഗിലെ സ്‌പോർട്‌സ് മാർക്കറ്റിംഗ് കമ്പനി ഫാംഗ്‌സെ സ്‌പോർടിന്റെ സി.ഇ.ഒ ഇവാൻഹോ ലീ പറയുന്നു. ചൈനയുടെ സ്‌പോർട്‌സ് വ്യവസായത്തെ അതിശക്തമായ കോവിഡ് നിയന്ത്രണങ്ങൾ ഗുരുതരമായി ബാധിച്ചിരുന്നു. ഡിസംബറിലാണ് നിയന്ത്രണങ്ങൾ നീക്കിത്തുടങ്ങിയത്. 2022 ലെ ഹ്വാംഗ്ഷു ഏഷ്യൻ ഗെയിംസ് 12 മാസത്തേക്ക് നീട്ടി. 2023 ലെ ഏഷ്യൻ കപ്പ് ഫുട്‌ബോൾ നടത്താനുള്ള അവകാശം വേണ്ടെന്നു വെച്ചു. എന്നാൽ ചൈന തിരിച്ചുവരികയാണ്.
2025 ആവുമ്പോഴേക്കും ചൈനീസ് സ്‌പോർട്‌സ് ഇൻഡസ്ട്രി 72,500 കോടി ഡോളറിന്റേതാവുമെന്നാണ് കണക്ക്. 2021 ലെ ഏതാണ്ട് ഇരട്ടി. സ്‌പോർട്‌സ് വ്യവസായം അപ്രതീക്ഷിത വേഗത്തിലാണ് കുതിക്കുന്നതെന്നും പണം ചെലവിടാനുള്ള ജനങ്ങളുടെ വൈമനസ്യം മറികടക്കാൻ സർക്കാർ ഒരുപാട് പ്രോത്സാഹന പദ്ധതികൾ നടപ്പാക്കുകയാണെന്നും ലി പറയുന്നു.
ഇന്ത്യയിലും സ്‌പോർട്‌സിൽ രാഷ്ട്രീയ സ്വാധീനം വർധിച്ചുവരികയാണ്. എങ്കിലും ചൈനയുടെ കുതിപ്പുമായി കിടപിടിക്കാൻ ഇന്ത്യ ഒരുപാട് ദൂരം പോവേണ്ടതുണ്ട്.