ബംഗളൂരു- കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച മുൻ ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാറിന് വൻ തോൽവി. ഹുബ്ലിധാർവാഡ് സെൻട്രൽ മണ്ഡലത്തിലാണ് ഷെട്ടാർ മത്സരിച്ചത്. ബി.ജെ.പിയുടെ മഹേഷ് തെങ്ങിനകൈയ് ആണ് ഷെട്ടാറിനെ തോൽപ്പിച്ചത്.
ബി.ജെ.പിയിൽ നിന്ന് ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് ഏപ്രിലിൽ ഷെട്ടാർ ബി.ജെ.പി വിട്ടത്. ലിംഗായത്ത് സമുദായത്തിൽ ഏറെ സ്വാധീനമുള്ള നേതാവാണ് ഷെട്ടാർ.
സോണിയാഗാന്ധിക്ക് ശിവകുമാർ നൽകിയ ഉറപ്പു പാലിച്ചു, സന്തോഷത്തിൽ കണ്ണീരണിഞ്ഞ് ഡി.കെ
ബംഗളൂരു- ബി.ജെ.പി സർക്കാർ എന്നെ ജയിലിൽ അടച്ച സമയത്ത് അവിടെ സോണിയ ഗാന്ധി കാണാൻ വന്നിരുന്നു. ആ നിമിഷം എനിക്കൊരിക്കലും മറക്കാനാകില്ല. ഈ സ്‌നേഹത്തിന് കർണാടക തിരികെപ്പിടിച്ച് നിങ്ങൾക്ക് സമ്മാനിക്കുമെന്ന് സോണിയാ ഗാന്ധിക്ക് വാക്കു നൽകിയിരുന്നു. സോണിയ ഗാന്ധി എന്നിൽ ആത്മവിശ്വാസം ജനിപ്പിച്ചു. അന്ന് മുതൽ ഞാൻ ഉറങ്ങിയിട്ടില്ല. ഈ നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. കർണാടകയിൽ കോൺഗ്രസിന് അനുകൂലമായ ജനവിധ പുറത്തുവരുന്ന വേളയിൽ കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ ഇത് പറയുമ്പോൾ അദ്ദേഹത്തിന് വാക്കുകൾ മുറിയുന്നുണ്ടായിരുന്നു.
കർണാടകയെ ബി.ജെ.പിയുടെ കരങ്ങളിൽനിന്ന് മോചിപ്പിക്കുമെന്ന് ഞാൻ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് ഉറപ്പുനൽകിയിരുന്നു. ആ ഉറപ്പ് പാലിച്ചിരിക്കുന്നു. കോൺഗ്രസ് ഓഫീസ് ഞങ്ങളുടെ ക്ഷേത്രമാണ്, ഞങ്ങളുടെ അടുത്ത നടപടി കോൺഗ്രസ് ഓഫീസിൽ വെച്ച് തീരുമാനിക്കുമെന്നും ശിവകുമാർ പറഞ്ഞു. സിദ്ധരാമയ്യ ഉൾപ്പെടെ എന്റെ സംസ്ഥാനത്തെ എല്ലാ നേതാക്കൾക്കും ഞാൻ നന്ദി പറയുന്നു, ഇത് എന്റെ മാത്രം വിജയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






