ബംഗളൂരു-കൽബുർഗി നോർത്ത് അസംബ്ലി മണ്ഡലത്തിൽ കോൺഗ്രസിന്റെ കനീസ് ഫാത്തിമക്ക് വിജയം. ബി.ജെ.പിയുടെ ചന്ദ്രകാന്ത് പാട്ടീലിനെ 4000 വോട്ടുകൾക്കാണ് കനീസ് ഫാത്തിമ തോൽപ്പിച്ചത്. മുൻ മന്ത്രിയും എം.എൽ.എയുമായിരുന്ന പരേതനായ ഖമറുൽ ഇസ്ലാമിന്റെ ഭാര്യയാണ് കനീസ് ഫാത്തിമ. 2018-ലെ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽനിന്ന് കനീസ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹിജാബ് വിവാദസമയത്ത് കഴിയുമെങ്കിൽ നിയമസഭ മന്ദിരത്തിൽ ഹിജാബ് വിലക്കൂവെന്ന് വെല്ലുവിളിച്ച് കനീസ് ശ്രദ്ധേയയായിരുന്നു.
ഞാൻ ഹിജാബ് ധരിച്ചാണ് നിയമസഭയിലേക്ക് പോകുന്നത്. ധൈര്യമുണ്ടെങ്കിൽ സംസ്ഥാന സർക്കാരിന് എന്നെ തടയാം. ഹിജാബിന്റെ നിറം യൂണിഫോമിന് അനുസൃതമായി മാറ്റാൻ ഞങ്ങൾ തയാറാണ്. പക്ഷേ അത് ധരിക്കുന്നതിൽ നിന്ന് ഞങ്ങളെ വിലക്കാൻ അനുവദിക്കില്ല. ഇത്രയും കാലം ഞങ്ങൾ ഇതുതന്നെയാണ് ധരിച്ചിരുന്നത്. ബുർഖയും ഹിജാബുമൊന്നും പുതിയ കാര്യമല്ല. പിന്നെ എന്തുകൊണ്ടാണ് ഇപ്പോൾ അത് ധരിക്കുന്നതിനെ എതിർക്കുന്നതെന്നും കനീസ് ചോദിച്ചിരുന്നു.






