വ്യോമമേഖലാ തര്‍ക്കം നീളും; ഖത്തറിന് മുന്നില്‍ ആകാശ വാതിലുകള്‍ അടഞ്ഞു തന്നെ

റിയാദ്- വ്യോമമേഖല സംബന്ധിച്ച തര്‍ക്കം രൂക്ഷമായിരിക്കേ, ഖത്തര്‍ വിമാനങ്ങള്‍ക്കു മുന്നില്‍ തങ്ങളുടെ വ്യോമമേഖലകള്‍ അടക്കുന്നത് നാലു രാജ്യങ്ങളും തുടരുമെന്ന് സൗദി അറേബ്യയും ബഹ്‌റൈനും യു.എ.ഇയും ഈജിപ്തും പറഞ്ഞു. ദേശീയ സുരക്ഷയും അന്താരാഷ്ട്ര നിയമം ഉറപ്പു നല്‍കുന്ന പരമാധികാരവും സംരക്ഷിക്കുന്നതിന് വേണ്ടിയാണിതെന്നും നാല് രാജ്യങ്ങളും വ്യക്തമാക്കുന്നു.
തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ നടത്തുന്ന ഇടപെടലുകളും ഭീകരതക്ക് പിന്തുണ നല്‍കുന്നതും അടക്കം നാലു രാജ്യങ്ങളുടെയും പരമാധികാരങ്ങള്‍ തുടര്‍ച്ചയായി ഖത്തര്‍ ലംഘിക്കുന്നതാണ് കേസിന്റെ കാതല്‍. ഇത് രാഷ്ട്രീയ, സുരക്ഷാ തര്‍ക്കമാണ്. അതുകൊണ്ടു തന്നെ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ കൗണ്‍സില്‍ ഖത്തറിന്റെ ആവശ്യങ്ങള്‍ പഠിക്കുന്നതിന് തീരുമാനിച്ചത് ഓര്‍ഗനൈസേഷന്റെ സാങ്കേതിക അധികാരത്തില്‍ നിന്നുള്ള പുറത്തുപോകലാണ്. ഇത് നിയമ വിരുദ്ധമാണ്.
ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ കൗണ്‍സില്‍ തീരുമാനത്തില്‍ അന്താരാഷ്ട്ര കോടതിയില്‍ നാലു രാജ്യങ്ങളും അപ്പീല്‍ നല്‍കും. ഇതില്‍ അന്താരാഷ്ട്ര കോടതി വിധി വരുന്നതു വരെ ഖത്തറിന്റെ ആവശ്യങ്ങള്‍ പഠിക്കുന്നത് ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ നിര്‍ത്തിവെക്കും. ഇതോടൊപ്പം ഖത്തര്‍ വിമാനങ്ങള്‍ക്കു മുന്നില്‍ തങ്ങളുടെ വ്യോമപാതകള്‍ അടക്കുന്നതിനുള്ള പരമാധികാരം ഉപയോഗിക്കുന്നത് നാലു രാജ്യങ്ങളും തുടരുകയും ചെയ്യും.
ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ കൗണ്‍സില്‍ തീരുമാനം അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന വിധി അന്താരാഷ്ട്ര കോടതിയില്‍ നിന്ന് നേടിയെടുക്കുന്നതിനാണ് നാലു രാജ്യങ്ങളും ശ്രമിക്കുന്നത്. കൗണ്‍സില്‍ തീരുമാനത്തില്‍ വിയോജിപ്പുണ്ടെങ്കിലും ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനുമായും ഓര്‍ഗനൈസേഷനു കീഴിലെ അംഗരാജ്യങ്ങളുമായും ഫലപ്രദമായ സഹകരണം നാലു രാജ്യങ്ങളും തുടരും. നാലു രാജ്യങ്ങളും നല്‍കുന്ന അപ്പീലില്‍ അന്താരാഷ്ട്ര കോടതിയില്‍നിന്ന് വിധി വരുന്നതിന് ദീര്‍ഘകാലമെടുക്കും.
 

Latest News