Sorry, you need to enable JavaScript to visit this website.

മടുപ്പ് അനുഭവപ്പെടുന്നുവോ?

ഇടതൂർന്ന കാടിനകത്ത് വഴി തെറ്റിപ്പോയ ഒരു വേട്ടക്കാരന്റെ കഥ വായിച്ചതോർക്കുകയാണ്. തന്റെ സർവ കഴിവുകളും ഉപയോഗിച്ച് പരിശ്രമിച്ചിട്ടും അദ്ദേഹം കാടിന് പുറത്തേക്കുള്ള വഴി കണ്ടെത്താനാവാതെ പ്രയാസപ്പെട്ടു. നാളുകൾ നീങ്ങി. അസഹനീയമായ വിശപ്പ് അദ്ദേഹത്തെ പിടികൂടി. ക്ഷീണിതനായി അദ്ദേഹം എട്ട് നാൾ കാട്ടിൽ  അലഞ്ഞു തിരിഞ്ഞു. ഒറ്റയിരിപ്പിന് ഒരു ആനയെ വിഴുങ്ങാനുള്ള വിശപ്പ് ഉണ്ടായിരുന്നു അയാൾക്ക്.
ഏറെ നിരാശനായ   അദ്ദേഹം ഒടുവിൽ ഒരു ആപ്പിൾ മരത്തിന് സമീപമെത്തി. ഒരു കൂട്ടം ആപ്പിൾ പറിച്ചെടുത്ത് അദ്ദേഹം ആർത്തിയോടെ തിന്നാൻ തുടങ്ങി.
ഒന്നാമത്തെ ആപ്പിൾ അകത്താക്കിയപ്പോൾ അദ്ദേഹത്തിന്റെ ആനന്ദത്തിന് അതിരില്ലായിരുന്നു.  അയാളിലെ നന്ദിബോധം പറഞ്ഞറിയിക്കാനാവുന്നതിനപ്പുറത്തായിരുന്നു. അദ്ദേഹം ദൈവത്തെ സ്തുതിച്ചു. ജീവിതത്തെ കൂടുതൽ ഇഷ്ടപ്പെട്ടു. തന്റെ ഭാഗ്യത്തിൽ സന്തുഷ്ടനായി.
രണ്ടാമത്തെ ആപ്പിൾ കഴിച്ചപ്പോൾ നേരത്തേയത്ര നന്ദി ബോധവും ആനന്ദവും അയാൾക്കുണ്ടായിരുന്നില്ല. നേരം ചെല്ലുന്തോറും ഓരോരോ ആപ്പിൾ കഴിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന് വേണ്ടത്ര നന്ദിയും  ആനന്ദവും ഉണ്ടായിരുന്നില്ല. പത്താമത്തെ ആപ്പിൾ അദ്ദേഹം മനസ്സില്ലാ മനസ്സോടെയാണ് കഴിച്ചത്. കഠിനമായ വിശപ്പ് ഉണ്ടായിട്ട് പോലും പത്താമത്തെ ആപ്പിളിന് വേണ്ടത്ര രുചിയില്ലാത്തത് പോലെ അയാൾക്ക് അനുഭവപ്പെട്ടു.  അയാൾ ഒട്ടും താൽപര്യമില്ലാതെയാണ് ആ അപ്പിൾ അകത്താക്കിയത്.
ആദ്യം കഴിച്ച ആപ്പിളിന്റെ അതേ രുചിയും ഗുണവും  തന്നെ ഉണ്ടായിരുന്നു പത്താമത്തെ ആപ്പിളിനും. എന്നിട്ടും പത്താമത്തെ ആപ്പിൾ  അയാളെ വേണ്ടത്ര തൃപ്തിപ്പെടുത്തിയില്ല. ധനതത്വ ശാസ്ത്രത്തിൽ ലോ ഓഫ് ഡിമിനിഷിംഗ് മാർജിനൽ യൂട്ടിലിറ്റി എന്നാണ്  ഈ അവസ്ഥയെ ആൽഫ്രഡ് മാർഷൽ  വിശേഷിപ്പിക്കുന്നത്.   അപചയ സീമാന്ത ഉപയുക്തതാ  നിയമം എന്നാണ് മലയാളത്തിൽ ഇത് അറിയപ്പെടുന്നത്.
ഏതെങ്കിലും ഉൽപന്നം  നമുക്ക് ആവശ്യത്തിലധികം  ലഭ്യമായാൽ അത് കൂടുതലായി ലഭിക്കാൻ  നാം കുറച്ചേ ആഗ്രഹിക്കൂ എന്നതാണ് ആ നിയമം സൂചിപ്പിക്കുന്നത്. ഇതിൽ ഒരു നന്ദിരാഹിത്യം അടങ്ങിയിട്ടുണ്ട് എന്ന് കൂടി കാണാവുന്നതാണ്. കഥയിലെ വേട്ടക്കാരന്റെ മനസ്സിലെ നേർത്തുപോവുന്ന നന്ദിബോധമാണ് സത്യത്തിൽ ആപ്പിളിന്റെ രുചിയിലും  ഉപയുക്തതയിലും അദ്ദേഹത്തിന് താൽപര്യം   കുറച്ചത് എന്ന് കൂടി വായിക്കാവുന്നതാണ്.
മടുപ്പ് എന്നത് മനോഭാവത്തിന്റെ പ്രശ്‌നമാണ്. കൃതജ്ഞത ബോധത്തോടെ ജീവിതത്തെ സമീപിക്കുന്നവരിൽ മടുപ്പും പരിഭവവും താരതമ്യേന കുറവായിരിക്കും. പുതുപുത്തൻ അവസരങ്ങളുമായി കടന്നു വരുന്ന അദ്ഭുത വരദാനങ്ങളാണോരോ ദിനവും  എന്ന് തിരിച്ചറിയുന്ന ഒരാൾക്ക് ഓരോ രാപ്പകലും  അതിലെ മനുഷ്യ ബന്ധങ്ങളും അനുഭവങ്ങളും ഏറെ ആസ്വാദ്യജനകമായിരിക്കും. ഓരോ പ്രഭാതവും സന്ധ്യയും
എന്തെന്തൊക്കെ  കാരണങ്ങളാലാണ് വേറിട്ടതാവുന്നത്! വർണ വൈവിധ്യങ്ങളുടെ വിസ്മയകരവും  ആനന്ദദായകവുമായ ആവർത്തനങ്ങളാവുന്നത് എന്ന് ഒരുവേള ആലോചിച്ച് നോക്കൂ. 
ജീവിതത്തിൽ മടുപ്പ് അനുഭവപ്പെടുന്നുവെന്ന് തോന്നുന്നവർ വളർത്തേണ്ടത് നന്ദിബോധമാണ്. ദിനേന അതൊന്നു നനച്ച് വളർത്തി നോക്കൂ. ജീവിതത്തിൽ പ്രവചനാതീതമായ അദ്ഭുതങ്ങൾ സംഭവിക്കുന്നത് കാണാം.

Latest News