Sorry, you need to enable JavaScript to visit this website.

ഗീതയുടെ വിജയകഥ

നിശ്ചയദാർഢ്യവും ആത്മവിശ്വാസവും മനോധൈര്യവുമുണ്ടെങ്കിൽ ഏതു പ്രതിസന്ധിയെയും അതിജീവിക്കാമെന്ന പാഠമാണ് ഗീത നമുക്ക് പകർന്നുതരുന്നത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അതുവരെ കണ്ടിരുന്ന വർണലോകം ഗീതക്ക് അന്യമായി. എങ്കിലും തോറ്റുകൊടുക്കാൻ സമ്മതിക്കാത്ത മനസ്സുമായി ഗീത പോരാട്ടം തുടർന്നു. താനും സഹോദരങ്ങളുമെല്ലാം കാഴ്ചയുടെ ലോകത്തുനിന്നും തിരസ്‌കരിക്കപ്പെട്ടപ്പോൾ അവർ വിധിയെ ശപിച്ച് ഒതുങ്ങിക്കൂടിയില്ല. അന്ധതയോടുള്ള പോരാട്ടമായിരുന്നു പിന്നീട് കണ്ടത്. ബ്രെയിൽ ലിപിയിലൂടെ പഠനം തുടർന്നു. ഒടുവിൽ ബിരുദധാരിണിയുമായി. തന്റെ പരിമിതികളറിഞ്ഞ് തന്നെ വിവാഹം കഴിക്കാനെത്തിയ സലീഷ് കുമാറിന്റെ കൈപിടിച്ചായിരുന്നു ഗീതയുടെ പിന്നീടുള്ള ജീവിതം. രണ്ടു മക്കളുടെ അമ്മയായ ശേഷമാണ് ഗീത സംരംഭകയുടെ വേഷമണിയുന്നത്. ഇന്നിപ്പോൾ മഞ്ഞൾ അധിഷ്ഠിത സംരംഭവുമായി നിരവധി പേർക്ക് തൊഴിൽ നൽകുന്ന ഒരു വ്യവസായ സ്ഥാപനത്തിന്റെ അമരക്കാരിയായി മാറിയിരിക്കുകയാണവർ.


പാലക്കാട്് ജില്ലയിലെ പനമണ്ണയ്ക്കടുത്ത് കുറ്റിപ്പാലയിൽ ഉണ്ണികൃഷ്ണന്റെയും രാധയുടെയും മൂന്നു മക്കളിൽ മൂത്തവളായിരുന്നു ഗീത. പനമണ്ണ സ്‌കൂളിൽ എട്ടാം ക്ലാസ് വരെ മറ്റു കുട്ടികളെപ്പോലെ വർണങ്ങളുടെ ലോകം  ഗീതക്കും അന്യമായിരുന്നില്ല. എന്നാൽ ഇടയ്‌ക്കൊരു ദിവസം കാഴ്ച മങ്ങുന്നതു പോലെ അനുഭവപ്പെട്ടു. വൈകാതെ കാഴ്ച തീരെയില്ലാതെയായി. വിദഗ്ധ പരിശോധനയിലാണ് കണ്ണിലെ ഞരമ്പുകൾ ദ്രവിക്കുന്ന റെറ്റിനോപ്പതി പിഗ്‌മെന്റോസ് എന്ന രോഗമാണ് കണ്ണിനെ ബാധിച്ചിരിക്കുന്നതെന്നു മനസ്സിലായത്. ഗീതയുടെ ഇളയ രണ്ട് സഹോദരന്മാർക്കും ഇതേ രീതിയിൽ കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു. എങ്കിലും അവർക്ക് അവരുടെ കാര്യങ്ങൾ ചെയ്യുന്നതിൽ ബുദ്ധിമുട്ടില്ല.
കാഴ്ച മങ്ങിയെങ്കിലും പഠനം ഉപേക്ഷിക്കാൻ ഗീത തയാറായല്ല. അതേ സ്‌കൂളിൽ തന്നെ പഠിച്ച് എസ്.എസ്.എൽ.സി പാസായി. സഹപാഠികളിൽനിന്നും വായിച്ചുകേട്ടും റെക്കാർഡ് ചെയ്തു കേട്ടുമാണ് പരീക്ഷയെഴുതിയത്. പ്ലസ് ടുവും ഇങ്ങനെത്തന്നെയാണ് പഠിച്ചെടുത്തത്.
ബ്‌ളൈൻഡ് സ്‌കൂളിൽ ചേർന്ന് എട്ടു മാസത്തെ ബ്രെയിൽ ലിപി പഠനം പൂർത്തിയാക്കിയതിനു ശേഷം ഗീത തൃശൂർ കേരളവർമ കോളേജിൽ ബിരുദ പഠനത്തിനു ചേർന്നു. പൊളിറ്റിക്‌സായിരുന്നു ഐഛിക വിഷയമായി തെരഞ്ഞെടുത്തത്. കേരളവർമയിലെ പഠനത്തിനിടയിലാണ് സീനിയർ വിദ്യാർത്ഥിയായ സലീഷുമായി അടുക്കുന്നത്. ബി.കോം വിദ്യാർത്ഥിയായിരുന്നു സലീഷ്. തന്റെ പോരായ്മകളെക്കുറിച്ച് ബോധ്യപ്പെടുത്തിയെങ്കിലും പിന്മാറാൻ സലീഷ് ഒരുക്കമായിരുന്നില്ല. ഇരുവീടുകളിലും എതിർപ്പിന്റെ സ്വരമുയർന്നിരുന്നെങ്കിലും ആത്മാർത്ഥ പ്രണയത്തിനു മുന്നിൽ ഇത്തരം അപസ്വരങ്ങൾ താനേ കെട്ടടങ്ങി. ബിരുദ പഠനത്തിനു ശേഷം ഇരുവരും വിവാഹിതരായി.


തൃശൂർ ടൗണിൽ ഫ്‌ളോറ റസ്‌റ്റോറന്റ് എന്ന പേരിൽ ഒരു ഹോട്ടൽ ആരംഭിച്ചു. ഗീതയും ഭർത്താവും ഇരുപതോളം ജോലിക്കാരും ചേർന്നായിരുന്നു ഹോട്ടൽ നടത്തിയിരുന്നത്. ജൈവ വിഭവങ്ങൾ മാത്രം വിളമ്പിയിരുന്ന ഭക്ഷണശാലയായിരുന്നു അത്. വിവിധ തരം ജ്യൂസുകളും കൊഴുക്കട്ടയും ഗ്രീൻ ടീയും ഇലക്കറികളും വിവിധ ധാന്യങ്ങൾ പൊടിച്ചുണ്ടാക്കിയ അടയുമെല്ലാമായിരുന്നു പ്രധാന വിഭവങ്ങൾ. മെച്ചപ്പെട്ട സേവനം നടത്തുന്നതിനിടയിലായിരുന്നു ആ കെട്ടിടം പൊളിക്കേണ്ടിവന്നത്. അതോടെ ഹോട്ടൽ ബിസിനസിന് വിരാമമായി. അപ്പോഴേയ്ക്കും രണ്ടു മക്കളുമായി.
ഹോട്ടൽ ബിസിനസ് ഉപേക്ഷിച്ച് സലീഷ് മെഡിക്കൽ റെപ്രസന്റേറ്റീവിന്റെ വേഷമണിഞ്ഞു. ഗീതയാകട്ടെ, വീട്ടിൽ വെറുതെയിരിക്കേണ്ടെന്നു കരുതി കോഴികളെയും കാടകളെയുമെല്ലാം വളർത്താൻ തുടങ്ങി. ഇതിനിടയിൽ ലോക്ഡൗൺ വന്നതോടെ വിൽപന മുടങ്ങി. പോംവഴിയെന്നോണമാണ് കാടമുട്ട കൊണ്ട് അച്ചാറുണ്ടാക്കാം എന്ന ചിന്തയുദിച്ചത്. കൂടാതെ വെന്ത വെളിച്ചെണ്ണയുണ്ടാക്കി. തേങ്ങയും വെളുത്തുള്ളിയും ചേർന്ന ചമ്മന്തിപ്പൊടിയും മഞ്ഞൾ വെരുകിയതും ചെമ്മീൻ പൊടിയുമെല്ലാമുണ്ടാക്കി വിപണനം ചെയ്തുതുടങ്ങി. വീട്ടിലിരുന്നുകൊണ്ട് ഇനിയുമെന്തെങ്കിലും ചെയ്യണമെന്ന ചിന്തയിലാണ് നെയ്യ് വിപണിയിലേയ്ക്കും ചുവടുവെച്ചത്. പുതിയ ഓരോ വിഭവങ്ങളും നിർമിക്കുന്നതിനു മുൻപ് നന്നായി പഠിക്കും. മാത്രമല്ല,  സ്വന്തമായി ഉപയോഗിച്ചതിനു ശേഷമാണ് ഓരോ ഭക്ഷണ പദാർത്ഥങ്ങളും വിൽപനക്കു വെയ്ക്കുന്നത്.
കുട്ടിക്കാലംതൊട്ടേ പശുവിനെ വളർത്താനും കറവയുമെല്ലാം ഗീത വശമാക്കിയിരുന്നു. ആ ഇഷ്ടം മനസ്സിലുണ്ടായിരുന്നതുകൊണ്ട് നെയ്യ് നിർമാണത്തിന് വലിയ മുന്നൊരുക്കമൊന്നും വേണ്ടിയിരുന്നില്ലെന്ന് ഗീത പറയുന്നു. അയൽവീടുകളിൽനിന്നും ശേഖരിക്കുന്ന പാൽ തൈരാക്കി, വെണ്ണ കടഞ്ഞെടുത്ത് ഉരുക്കി നെയ്യാക്കി മാറ്റുകയാണ് ചെയ്യുന്നത്. കാഴ്ചയുടെ പരിമിതികളുണ്ടെങ്കിലും ഈ ജോലിയെല്ലാം ഗീത ഒറ്റക്കു ചെയ്യും. തുടക്കത്തിൽ കുറച്ചുപേർ മാത്രമേ വാങ്ങാനുണ്ടായിരുന്നുള്ളൂവെങ്കിലും അവരിൽനിന്നും കേട്ടറിഞ്ഞ് പലരും നെയ്യ് വാങ്ങാനെത്തിത്തുടങ്ങി. മാത്രമല്ല, വാട്ട്‌സ് ആപ്പിലൂടെയും ഫേസ് ബുക്കിലൂടെയുമെല്ലാം വിപണനം നടക്കുന്നുണ്ട്. ഓർഡറുകൾ സ്വീകരിക്കാനും പണം വാങ്ങി സാധനങ്ങൾ കൊറിയറായി അയയ്ക്കാനുമെല്ലാം ഭർത്താവിന്റെയും മക്കളുടെയും സഹായം ലഭിക്കാറുണ്ട്.


മഞ്ഞൾ അടങ്ങിയിരിക്കുന്ന കുർക്കുമിൻ ഉപയോഗിച്ച്  ഏറെ പോഷക ഗുണമുള്ള കുർകുമീൽ എന്ന ഫുഡ് പ്രൊഡക്ട് വിപണിയിലിറക്കിയാണ് ഗീത വിജയം നേടുന്നത്. ശുദ്ധമായ ജൈവ മഞ്ഞൾ ശാസ്ത്രീയമായി സംസ്‌കരിച്ച് ഈത്തപ്പഴവും തേനും കുരുമുളകു പൊടിയും തേങ്ങാപ്പാലും ചേർത്താണ് കുർക്കുമീൽ നിർമിക്കുന്നത്. ഗീതാസ് ഹോം ടു ഹോം കുർക്കുമീൽ സൂപ്പർ ഫുഡായി ഓൺ ലൈനിലൂടെയും ഓഫ് ലൈനിലൂടെയും വിൽപനയ്‌ക്കൊരുക്കുകയാണ് ഈ സംരംഭക. ദഹന പ്രശ്‌നങ്ങൾ മുതൽ പ്രതിരോധ ശേഷിക്കു വരെ ഏറെ സഹായകമാണ് കുർക്കുമീൽ എന്ന് ഗീത സാക്ഷ്യപ്പെടുത്തുന്നു. കുട്ടികളും മുതിർന്നവരുമുൾപ്പെടെ പതിനായിരത്തോളം കസ്റ്റമർമാർ ഇന്ന് കുർക്കുമീലിനുണ്ടെന്നും അവർ പറയുന്നു.
ശുദ്ധമായ മഞ്ഞൾപൊടിക്കും ഗീതയെ തേടിയെത്തുന്നവർ കുറവല്ല. ജൈവ കൃഷി രീതിയിലൂടെ പ്രതിഭ എന്ന മികച്ചയിനം മഞ്ഞളാണ് ഇതിനായി ഉപയോഗിക്കുന്നത്. നാലു ജില്ലകളിലായി മുന്നൂറിലേറെ കർഷകരെ ചേർത്തുപിടിച്ച് അൻപത്തിനാല് ഏക്കറിലാണ് ഗീതാസ് ഹോം ടു ഹോം മഞ്ഞൾ കൃഷി ഇറക്കിയിരിക്കുന്നത്. വിത്തും വളവും കൃഷി അറിവുകളും തുടങ്ങി കർഷകർക്ക് വേണ്ട എല്ലാ ഉപദേശങ്ങളും നൽകി ആദ്യാവസാനക്കാരിയായി ഗീതയും മുന്നിലുണ്ട്. 
മാത്രമല്ല, നൂറ്റി അൻപതോളം വനിതകൾക്കും അവർ ജോലി നൽകിയിട്ടുണ്ട്. കരാർ വ്യവസ്ഥയിൽ അവരിൽ നിന്നും മഞ്ഞൾ ശേഖരിക്കുകയും ചെയ്യുന്നു. തൃശൂർ നഗരത്തിലെ അമല നഗറിൽ നാല് ഏക്കറിൽ സ്വന്തമായി മഞ്ഞൾ കൃഷിയും അവർ നടത്തുന്നുണ്ട്. ഇവിടത്തെ മഞ്ഞൾ സംരംഭക യൂനിറ്റിൽ പതിനഞ്ചോളം പേർ ജോലി നോക്കുന്നുണ്ട്. കൂടാതെ മുന്നൂറോളം പേർക്ക് പരോക്ഷമായും തൊഴിൽ നൽകുന്ന സ്ഥാപനമായി ഗീതാസ് ഹോം ടു ഹോം.
പുതിയ തലമുറയിലെ കുട്ടികളും ഇത്തരം പദ്ധതികളിലേയ്ക്ക് കടന്നുവരണമെന്നാണ് ഗീതയ്ക്കു പറയാനുള്ളത്. ''ഞങ്ങൾ എന്തു ബിസിനസ് ചെയ്യണം എന്ന ആശങ്കയാണ് പലർക്കും. നമുക്ക് നന്നായി ചെയ്യാൻ കഴിയുന്നതും മുതൽമുടക്കായി ഏറെ പണം ആവശ്യമില്ലാത്തതുമായ ബിസിനസാണ് നല്ലത്. ചെറിയ രീതിയിലുള്ള ബിസിനസാണ് ആദ്യം തുടങ്ങേണ്ടത്. അതിൽനിന്നുള്ള വരുമാനം കൊണ്ടു തന്നെ അത് വികസിപ്പിച്ചെടുത്തു കൊണ്ടായിരിക്കണം ഓരോ ബിസിനസും ആസൂത്രണം ചെയ്യേണ്ടത്. ഏറെ പണം മുടക്കി ബിസിനസ് തുടങ്ങി ഒടുവിൽ അത് നിലനിർത്താൻ കഴിയാത്ത അവസ്ഥയിലാണ് പലരും. പ്രതിസന്ധികളിൽ തളരാതെ മുന്നേറാനുള്ള പരിശ്രമമാണ് വേണ്ടത്. വെറുതെയിരിക്കാതെ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക'' -ഗീത പറയുന്നു.

Latest News