നാട്ടുകാര്‍ക്കായി സൂപ്പി സൗജന്യമായി ഒരുക്കിയത് നൂറിലേറെ അടുക്കളത്തോട്ടങ്ങള്‍

വടകര- കോവിഡ് കാലത്തെ അടച്ചുപൂട്ടല്‍ വിരസതയില്‍നിന്നു പുറത്തുകടക്കാനുള്ള എളുപ്പവഴിയായാണ് മറുവയില്‍ സൂപ്പിയെന്ന ഏറാമല സ്വദേശി അടുക്കളത്തോട്ടം നിര്‍മാണം ആരംഭിച്ചത്. നിലമൊരുക്കി കുഴി കുത്തി ചീര, വെണ്ട, കക്കിരി, വെള്ളരി തുടങ്ങിയവ നട്ടു. ഒപ്പം വാഴയും വെച്ചു. പരിസരത്തെ നിലത്ത് കുഴിയുണ്ടാക്കി വെള്ളം കണ്ടെത്തി കൃഷികള്‍ തേവിനനച്ചു. തടംകെട്ടിയും വേലിയിട്ടു കുടുക്കിയും അവയോരോന്നായി സംരക്ഷിച്ചു. വെയിലിനെ വകവെക്കാതെ കൃഷിയെ പരിചരിച്ചു.

തനിക്കു മാത്രമുള്ളൊരു തോട്ടമായി അദ്ദേഹം തന്റെ ദൗത്യത്തെ ചുരുക്കിയില്ല. മറിച്ച് നാട്ടുകാര്‍ക്കുകൂടി അടുക്കളത്തോട്ടങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങി. എല്ലാം സൗജന്യമായിത്തന്നെ. അങ്ങനെ ഏറാമല ഗ്രാമത്തിന്റ മുക്കുമൂലകള്‍ ഹരിതാഭയണിഞ്ഞു. നൂറിലേറെ തോട്ടങ്ങളാണ് അദ്ദേഹം നാട്ടുകാര്‍ക്കായി ഉണ്ടാക്കിയത്. കഴിക്കാനുള്ളതെല്ലാം പുറത്തുനിന്നുമാത്രം വാങ്ങിയിരുന്ന പലരും ഇതുകൊള്ളാമല്ലോ എന്നു ചിന്തിച്ചു. പലരും പതുക്കെ കൃഷിയൊരു ശീലമാക്കി.

പച്ചക്കറിയുടെ വിളവെടുപ്പ് സമയത്ത് അവ തനിക്കായി മാത്രം ഉപയോഗിക്കുകയായിരുന്നില്ല സൂപ്പി ചെയ്യുന്നത്. മറിച്ച് അയല്‍വാസികള്‍ക്കും മറ്റുമായി ആവശ്യക്കാര്‍ക്കെല്ലാം പച്ചക്കറികള്‍ നല്‍കി. പ്രത്യേകിച്ചും വിഷു, ഓണം പോലുള്ള വിശേഷാവസരങ്ങളില്‍. തന്റെ ദൗത്യം ഏറാമലയില്‍ മാത്രം ചുരുങ്ങാതിരിക്കാനാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ശ്രദ്ധ. തൊട്ടടുത്ത വടകര മുന്‍സിപ്പാലിറ്റിയിലും ഇതുപോലെ നൂറിലേറെ തോട്ടങ്ങള്‍ ചെയ്യാനുള്ള ആഗ്രഹമുണ്ട് സൂപ്പി. അതിനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹമിപ്പോള്‍. കൊവിഡ് കാലത്തെ വിരസതയകറ്റാന്‍ ആരംഭിച്ചൊരു ഉദ്യമം ഇന്ന് നാടാകെ പ്രശംസപിടിച്ചു പറ്റുംവിധം വളര്‍ന്നതില്‍ സൂപ്പിക്ക് അതിയായ സന്തോഷമുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News