സോഷ്യൽ മീഡിയ ഉപയോഗത്തിൽ ഒന്നാം സ്ഥാനത്ത് യു.എ.ഇ. ജനസംഖ്യയെക്കാൾ കൂടുതൽ സമൂഹ മാധ്യമ ഉപയോക്താക്കൾ യു.എ.ഇയിൽ റജിസ്റ്റർ ചെയ്തതായാണ് വേൾഡ് പോപ്പുലേഷൻ റിവ്യൂവിന്റെ കണക്ക്.
രാജ്യത്ത് ഭൂരിഭാഗം പേർക്കും ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടെന്ന് പോപ്പുലേഷൻ റിവ്യൂ ഡേറ്റ വ്യക്തമാക്കുന്നു. ലോക രാജ്യങ്ങളിൽ പത്തിൽ 9.55 സ്കോർ നേടിയാണ് യു.എ.ഇ ഒന്നാമത് എത്തിയത്. 8.75 സ്കോറുമായി മലേഷ്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളാണ് രണ്ടാം സ്ഥാനത്ത്. സൗദി അറേബ്യ (8.41), സിംഗപ്പൂർ (7.96), വിയറ്റ്നാം (7.62), ബ്രസീൽ (7.62), തായ്ലൻഡ് (7.61), ഇന്തോനീഷ്യ (7.5), ഹോങ്കോങ് (7.27) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുടെ സ്കോർ. യു.എ.ഇയിലെ ഉപയോക്താക്കൾ പ്രതിദിനം ശരാശരി ഏഴു മണിക്കൂറും 29 മിനിറ്റും ഇന്റർനെറ്റിൽ ചെലവഴിക്കുന്നു. ദിവസേന ഒമ്പത് മണിക്കൂറും 38 മിനിറ്റും ഉപയോഗിക്കുന്ന ദക്ഷിണാഫ്രിക്കയാണ് ഒന്നാമത്.






