കടുത്ത മത്സരവും സാമ്പത്തിക രംഗത്തെ മറ്റു വെല്ലുവിളികളും ചൂണ്ടിക്കാട്ടി ചൈനയിൽ ലഭ്യമാക്കിയിരുന്ന അവസാന സേവനവും നിർത്തുകയാണെന്ന് സോഷ്യൽ നെറ്റ്വർക്കിംഗ് സ്ഥാപനമായ ലിങ്ക്ഡ്ഇൻ പ്രഖ്യാപിച്ചു.
സെൻസർ ചെയ്യുകയും ഇന്റർനെറ്റ് വളരെയേറെ നിയന്ത്രിക്കുകയും ചെയ്യുന്ന ചൈനയിൽ വിജയകരമായി പ്രവർത്തിച്ച ചുരുക്കം ചില യു.എസ് സാങ്കേതിക കമ്പനികളിലൊന്നാണ് മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡ്ഇൻ.
സർക്കാർ നിഷ്കർഷിക്കുന്ന നിയന്ത്രണങ്ങളും ചട്ടങ്ങളും പാലിക്കുന്നതിനായി പ്രാദേശികമായി പ്രവർത്തിക്കുന്ന കരിയർ നെറ്റ്വർക്കിംഗ് പ്ലാറ്റ്ഫോമിന്റെ പ്രത്യേക പതിപ്പ് ലിങ്ക്ഡ്ഇൻ ചൈനയിൽ അവതരിപ്പിച്ചിരുന്നു. ലിങ്ക്ഡ്ഇൻ ആപ്പിനായുള്ള പുതിയ സൈൻഅപ്പുകൾ സ്ഥാപനം 2021 ൽ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തു. ചൈനയിലെ ചട്ടങ്ങളും വെല്ലുവിളി നിറഞ്ഞ പ്രവർത്തന അന്തരീക്ഷവും ചൂണ്ടിക്കാട്ടി തന്നെയായിരുന്നു സോഷ്യൽ മീഡിയ സൈറ്റിന്റെ നടപടി. ഇതിനു പിന്നാലെ ഇൻകരിയർ എന്ന പേരിൽ മൈക്രോസോഫ്റ്റ് ലളിതമായ പതിപ്പ് അവതരിപ്പിച്ചു. പ്രാദേശികമായി പ്രൊഫഷണലുകൾക്ക് ജോലികൾ കണ്ടെത്താനും അപേക്ഷിക്കാനും അവരുടെ നെറ്റ്വർക്ക് ബന്ധം നിലനിർത്താനും ഇതുവഴി സാധ്യമായിരുന്നു.
എല്ലാ വശങ്ങളും പരിശോധിച്ച ശേഷം 2023 ഓഗസ്റ്റ് ഒമ്പതു മുതൽ ഇൻകരിയറും നിർത്തലാക്കുകയാണെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
ആദ്യഘട്ടത്തിൽ പുരോഗതി ഉണ്ടായെങ്കിലും കടുത്ത മത്സരവും വെല്ലുവിളി നിറഞ്ഞ പൊതുസാമ്പത്തിക അവസ്ഥയും നേരിടേണ്ടി വന്നുവെന്നും ഇതാണ് ആത്യന്തികമായി സേവനം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്നും ലിങ്ക്ഡ്ഇൻ വ്യക്തമാക്കി. ചൈനയിലെ സേവനം അവസാനിപ്പിക്കുന്നത് 716 ജീവനക്കാരുടെ ജോലിയെ ബാധിക്കുമെന്ന് ലിങ്ക്ഡ്ഇൻ സി.ഇ.ഒ റയാൻ റോസ്ലാൻസ്കി ഓൺലൈനിൽ പ്രസിദ്ധീകരിച്ച ഒരു ഇ-മെയിൽ സന്ദേശത്തിൽ പറഞ്ഞു.
അതേസമയം, ചൈനയിൽ സാന്നിധ്യമുണ്ടാകുമെന്നും വിദേശത്ത് പരിശീലനം ലഭ്യമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഒരു ലിങ്ക്ഡ്ഇൻ വക്താവ് വാർത്താ ഏജൻസിയോട് പറഞ്ഞു. യു.എസ് സ്ഥാപനം ചൈനയിൽ അതിവേഗം ഉയർച്ച കൈവരിച്ചതായിരുന്നു. എന്നാൽ നൂതന പ്രാദേശിക ആപ്ലിക്കേഷനുകളുടെ ജനപ്രീതി വർധിച്ചതിനാൽ സമീപ വർഷങ്ങളിൽ ലിങ്ക്ഡ്ഇൻ പാർശ്വവൽക്കരിക്കപ്പെട്ടു.
ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നിവയുൾപ്പെടെ മിക്ക യു.എസ് ഇന്റർനെറ്റ് ഭീമന്മാരും ചൈനയിൽ വളരെക്കാലമായി തടയപ്പെട്ടിരിക്കയാണ്. ചൈനയിലെ കർശന നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നതുതന്നെയാണ് കാരണം.
സാമൂഹിക സ്ഥിരതക്ക് അനിവാര്യമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രീയ ഉള്ളടക്കങ്ങളും വിഷയങ്ങളും തടയാൻ ചൈനയിൽ പ്രവർത്തിക്കുന്ന ടെക് സ്ഥാപനങ്ങൾക്കുമേൽ സർക്കാർ സമ്മർദം ചെലുത്തുന്നത്. വിമതരുടെ അക്കൗണ്ടുകളും ഉള്ളടക്കങ്ങളും നീക്കം ചെയ്യുന്നുവെന്ന ആരോപണം സമീപ വർഷങ്ങളിൽ ലിങ്ക്ഡ്ഇനും നേരിട്ടിരുന്നു.






